ലോകകപ്പിന് മുന്നോടിയായി ദോഹയെ സുന്ദരിയാക്കാന്‍ 100 കോടി റിയാലിന്റെ പദ്ധതി

ദോഹ: 2022ലെ ഫിഫ ലോകകപ്പിനെ വരവേല്‍ക്കാന്‍ തലസ്ഥാന നഗരമായ ദോഹയെ കൂടുതല്‍ സുന്ദരിയാക്കി അണിയിച്ചൊരുക്കാന്‍ നൂറുകോടി റിയാലിന്റെ ബൃഹദ് പദ്ധതിയുമായി ഖത്തര്‍ ഭരണകൂടം. അഞ്ചുവര്‍ഷം കൊണ്ടാണു ഈ പദ്ധതി പൂര്‍ത്തീകരിക്കുകയെന്ന് ഖത്തര്‍ ടെലിവിഷനു നല്‍കിയ അഭിമുഖത്തില്‍ നഗരസഭ-പരിസ്ഥിതി മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ റുമൈഹി വ്യക്തമാക്കി. ദോഹയുടെ പ്രാന്തപ്രദേശങ്ങളിലെ ചെറുപട്ടണങ്ങളുടെ കൂടി വികസനത്തിനും സൗന്ദര്യവല്‍ക്കരണത്തിനും മുന്‍തൂക്കം നല്‍കുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അല്‍ വക്റ, അല്‍ ഖോര്‍ എന്നിവിടങ്ങളിലെ വികസന പദ്ധതികള്‍ക്കു ശേഷം അല്‍ശഹാനിയ്യയും അല്‍ ശമാലും വികസിപ്പിക്കും.

സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി ദോഹയിലെ ഇടുങ്ങിയ പാതകളെല്ലാം വികസിപ്പിക്കും. ഇതിനായി പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ നഗരവികസന വിഭാഗത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. പട്ടണങ്ങളിലെ കടകള്‍ ഇല്ലാതാവുന്നതോടെ നഗരപ്രാന്തങ്ങളിലുള്ളവര്‍ക്ക് സാധനങ്ങള്‍ വാങ്ങാനുള്ള പ്രയാസം കണക്കിലെടുത്ത് കൂടുതല്‍ അല്‍ ഫുര്‍ജാന്‍ മാര്‍ക്കറ്റുകള്‍ തുറക്കാനും കൂടുതല്‍ കളിസ്ഥലങ്ങള്‍ നിര്‍മിക്കാനും നഗരവികസന വിഭാഗത്തിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

രാജ്യത്തിനെതിരേ ആറു മാസമായി തുടരുന്ന അനീതിയിലധിഷ്ഠിതമായ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഭരണകൂടം കൈക്കൊണ്ട നടപടികളിലൂടെ രാജ്യത്തെ കാര്‍ഷികോല്‍പാദനം ഇരട്ടിയാക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും സാധിച്ചു. വളവും വെള്ളവും കുറച്ചുമാത്രം ഉപയോഗിച്ചു കൂടുതല്‍ മികച്ച വിളവു ലഭിക്കുന്ന കൃഷിരീതികള്‍ക്കാണു മന്ത്രാലയം പ്രോല്‍സാഹനം നല്‍കുന്നത്. 2017ല്‍ രാജ്യത്തു പച്ചക്കറി, കോഴി, മുട്ട, കന്നുകാലി ഉല്‍പാദനം എന്നിവ ഇരട്ടിയായി. കടലില്‍ ആരംഭിച്ച രണ്ട് മീന്‍ വളര്‍ത്തല്‍ പദ്ധതികളിലൂടെ വര്‍ഷം 2,000 ടണ്‍ മല്‍സ്യം അധികം ഉല്‍പാദിപ്പിക്കാന്‍ സാധിച്ചു. ആഭ്യന്തര ആവശ്യം കഴിഞ്ഞ് മീന്‍ കയറ്റുമതി ചെയ്യാന്‍ ഇതിലൂടെ സാധിച്ചതായും അദ്ദേഹം പറഞ്ഞു. ചെമ്മീന്‍ വളര്‍ത്തുന്നതിന് 2018ല്‍ പ്രത്യേക പദ്ധതി ആരംഭിക്കും. ഒട്ടകങ്ങള്‍, ആടുകള്‍ എന്നിവയുടെ പ്രജനനത്തിന് ഷഹാനിയയില്‍ പ്രത്യേക പദ്ധതി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *