സോഷ്യല്‍ മീഡിയയില്‍ താരമായ ആറ് വയസ്സുകാന്റെ വിമാനം പറത്തല്‍ സ്വപ്‌നത്തിന് ചിറകു നല്‍കി ഇത്തിഹാദ് എയര്‍വേസ് – വീഡിയോ കാണാം

 

ദുബായ്: വിമാനത്തിന്റെ പൈലറ്റ് കാബിനിലിരുന്ന് വിമാനത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആധികാരികമായ് സംസാരിക്കുന്ന ഒരു ആറു വയസുകാരന്റെ വിഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പൈലറ്റിനെ പോലും അതിശയിപ്പിക്കുന്നതായിരുന്നു കൊച്ചുമിടുക്കന്റെ അറിവും വിഷയത്തിലെ താല്‍പര്യവും. ഇത്തിഹാദ് വിമാനക്കമ്പനി ഈ മിടുക്കന്റെ ആഗ്രഹങ്ങള്‍ക്ക് ചിറകുകള്‍ നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. ഒരു ദിവസത്തേക്ക് ആറു വയസുകാരനെ ഇത്തിഹാദ് വിമാനത്തിന്റെ പൈലറ്റാക്കിയാണ് സ്വപ്നം യാഥാര്‍ഥ്യമാക്കിയത്.

ആദം മുഹമ്മദ് അമീര്‍ എന്ന ഈജിപ്ഷ്യന്‍ മൊറോകന്‍ വംശജനായ ആറു വയസുകാരനെ ഇത്തിഹാദിന്റെ ട്രെയിനിങ് അക്കാദമിയിലേക്ക് ക്ഷണിച്ചുവരുത്തി എയര്‍ബസ് എ380ന്റെ പൈലറ്റാക്കുകയായിരുന്നു. ഏതാണ്ട് അഞ്ചു മണിക്കൂറിലധികം സമയം കുട്ടിപൈലറ്റായി ആദം തിളങ്ങി. ഇതിന്റെ വിഡിയോയും ഇത്തിഹാദ് പുറത്തുവിട്ടു. ക്യാപ്റ്റന്‍ സമീറിനും മറ്റുപൈലറ്റുകള്‍ക്കുമൊപ്പമുള്ള യാത്ര മകന്‍ ഏറെ ആസ്വദിച്ചുവെന്ന് ആദത്തിന്റെ പിതാവ് മുഹമ്മദ് അമീര്‍ പറഞ്ഞു.

മറ്റുപൈലറ്റുമാരും ക്യാബിന്‍ ക്രൂ മെംബര്‍മാരും നേരിട്ടെത്തി ആദമിനെ സ്വീകരിച്ചു. അവന് ശരിക്കും വിമാനം പറത്തുന്ന അനുഭവമായിരുന്നു ഉണ്ടായിരുന്നത്. അടിയന്തരസമയങ്ങളില്‍ എങ്ങനെയാണ് വിമാനം ലാന്‍ഡ് ചെയ്യുക ഈ സമയത്ത് എങ്ങനെയാണ് പ്രതികരിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ആദം ചോദിച്ചതെന്നും പിതാവ് പറഞ്ഞു.

ഒരു യാത്രയില്‍ കോക്ക്പിറ്റില്‍ വച്ച് ഞങ്ങളുടെ ക്രൂവിനോട് സംസാരിച്ച ആദം ഞെട്ടിച്ചുവെന്ന് ഇത്തിഹാദ് പത്രക്കുറിപ്പില്‍ പറഞ്ഞു. അവന്റെ സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കണമെന്നാണ് !ഞങ്ങളുടെ ആഗ്രഹം. അവന് പ്രിയപ്പെട്ട വിമാനം, ഞങ്ങളുടെ ട്രെയിനിങ് അക്കാദമിയില്‍ നിന്നും ഒരു ദിവസത്തേക്ക് നല്‍കുകയായിരുന്നു. മൊറോക്കോയില്‍ നിന്നും അബുദാബിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ആദം എന്ന കുട്ടി ശ്രദ്ധയില്‍പ്പെട്ടത്.

കുട്ടിക്ക് വിമാനം പറത്തണമെന്നും വിമാനങ്ങളെക്കുറിച്ച് വളരെയധികം താല്‍പര്യമുണ്ടെന്നും ക്യാബിന്‍ ക്രൂ അംഗങ്ങള്‍ മനസിലാക്കി. അങ്ങനെയാണ് ആദമിനെ കോക്ക്പിറ്റിലേക്ക് ക്ഷണിച്ചത്. ഇതിന്റെ വിഡിയോ ആണ് കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായത്– ഇത്തിഹാദ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഒരു ദിവസം നിങ്ങള്‍ ഒരു പൈലറ്റാകും. ‘ക്യാപ്റ്റന്‍ ആദം, നിങ്ങളുടെ സ്വപ്നങ്ങള്‍ കൂടുതല്‍ ഉയരത്തിലാകട്ടേ’…. ഇത്തിഹാദ് വിമാനത്തിലെ ജീവനക്കാര്‍ പറഞ്ഞു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *