സമയവും റൂട്ടും സ്റ്റോപ്പുമെല്ലാം ആപ്പ് വഴി ലഭിക്കും…യാത്രക്കാര്‍ക്ക് ആനുഗ്രഹമാകാന്‍ ദുബായില്‍ ബസ് ഓണ്‍ ഡിമാന്‍ഡ്

ദുബായ്: ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍.ടി.എ.) പുതിയ സംരംഭം ‘ബസ് ഓണ്‍ ഡിമാന്‍ഡിന്റെ’ പരീക്ഷണയാത്രകള്‍ തുടങ്ങി. ദുബായിലെ അല്‍വര്‍ഖയിലും അല്‍ ബര്‍ഷയിലുമാണ് ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ആദ്യ മൂന്നുമാസത്തേക്ക് ബസ് ഓണ്‍ ഡിമാന്‍ഡ് സേവനം സൗജന്യമായിരിക്കും. ഒരു സ്മാര്‍ട്ട് ആപ്പ് വഴിയാണ് സേവനം നല്‍കുന്നത്. 18 സീറ്റുള്ള ബസുകളാണ് സര്‍വീസ് നടത്തുക.

വിവിധ റൂട്ടുകളില്‍ വ്യത്യസ്തസമയങ്ങളില്‍ സര്‍വീസ് നടത്തുന്ന ബസുകളുടെ ഡ്രൈവര്‍മാര്‍ക്ക് ആപ്പ് വഴി യാത്രക്കാരെ കയറ്റേണ്ടതും ഇറക്കേണ്ടതുമായ സ്ഥലങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും. യാത്രക്കാര്‍ക്കും ആപ്പ് വഴി ബസിന്റെ സമയവും റൂട്ടുമെല്ലാം മനസ്സിലാക്കാന്‍ സാധിക്കും. അടുത്തടുത്ത സ്ഥലങ്ങളിലേക്ക് ചെറുബസുകള്‍വഴി സ്മാര്‍ട്ട് ഗതാഗതസൗകര്യമൊരുക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. മാത്രമല്ല യാത്രക്കാര്‍ക്ക് വീടുകളില്‍നിന്ന് മെട്രോപോലെ ഏറ്റവും അടുത്തുള്ള പൊതുഗതാഗത സംവിധാനം വരെ എത്തിച്ചേരുന്നതിന് ഫലപ്രദായ സംവിധാനം കൂടിയാകും ഇത്. ആപ്പ് വഴി യാത്രക്കാര്‍ക്ക് സീറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യാനും പണമടയ്ക്കാനും സാധിക്കുമെന്ന് പബ്ലിക്ക് ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി സി.ഇ.ഓ. അഹമ്മദ് ബെഹ്റൂസിയന്‍ പറഞ്ഞു.

പരീക്ഷണഘട്ടത്തില്‍ സേവനം ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണം, പ്രതികരണം, യാത്രക്കെടുക്കുന്ന സമയം തുടങ്ങിയ കാര്യങ്ങള്‍ ആര്‍.ടി.എ. വിശദമായി പരിശോധിക്കും. ബസ് ഓണ്‍ ഡിമാന്‍ഡ് സംരംഭം തുടങ്ങുന്നതിനുമുന്‍പ് 1750 യാത്രക്കാരെ ഉള്‍പ്പെടുത്തി ആര്‍.ടി.എ. സര്‍വേ നടത്തിയിരുന്നു. തൊഴിലാളികള്‍, ജോലിക്കാര്‍, റീട്ടെയില്‍ -സേവനരംഗത്തുള്ളവര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് പഠനം നടത്തിയത്. സ്വന്തം വാഹനമുള്ളവര്‍, പൊതുവാഹനങ്ങളിലേക്ക് താമസയിടത്ത് നിന്നുള്ള ദൂരം തുടങ്ങി നിരവധി മാനദണ്ഡങ്ങളും സര്‍വേയില്‍ കണക്കിലെടുത്തിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *