സുരക്ഷാ ക്യാമറകൾ തെളിവായി; ഷാർജയിൽ വൻ മയക്കുമരുന്നു വേട്ട

ഷാർജ: സുരക്ഷാ ക്യാമറകളിൽ പതിഞ്ഞ വിഡിയോ ചിത്രങ്ങൾ ഉപയോഗിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ വൻ മയക്കുമരുന്നു സംഘം വലയിലായി.  ഏഷ്യക്കാരായ 19 അംഗ സംഘത്തെയാണ് പിടികൂടിയത്. ഇവരിൽ നിന്നു 15 ദശലക്ഷം ദിർഹം വിലമതിക്കുന്ന ലഹരിമരുന്നുകൾ പിടികൂടി.

ഒരു മാസത്തെ നിരീക്ഷണത്തിനൊടുവിലാണ് വ്യവസായ മേഖലയിലെ വിജന പ്രദേശത്ത് കുഴിച്ചിട്ടിരുന്ന ലഹരിമരുന്ന് പിടികൂടിയത്. മരുഭൂമിയിലെ താൽക്കാലിക കെട്ടിടങ്ങളുടെ ഒാരത്തും മണൽക്കൂനകൾക്കരികിലും ആളുകളുടെ ശ്രദ്ധ എളുപ്പത്തിൽ പതിയാത്ത സ്ഥലങ്ങളിൽ പ്ലാസ്റ്റിക് ചാക്കുകളിൽ കൊച്ചു പൊതികളായാണ് ഇവ സൂക്ഷിച്ചിരുന്നത്.ലഹരി മരുന്ന് വേട്ട നടത്തിയ ഉദ്യോഗസ്ഥ സംഘത്തെ ഷാർജ പൊലീസ് തലവൻ ബ്രി.സെയ്ഫ് അൽ റസി അൽ ഷംസി അഭിനന്ദിച്ചു.

ക്രിസ്റ്റൽ ഡ്രഗ്സ് എന്നറിയപ്പെടുന്ന അപകടകാരിയായ ലഹരിമരുന്നാണ് പിടികൂടിയതിൽ ഭൂരിഭാഗമെന്നും പൊലീസ് പറഞ്ഞു. ലഹരിമരുന്ന് വിൽപനയ്ക്ക് നവീന രീതിയാണ് സംഘം നടപ്പിലാക്കിയിരുന്നത്. വൻതോതിൽ ലഹരിമരുന്ന് മരുഭൂമിയിൽ കുഴിച്ചിടുകയാണ് ആദ്യ ഘട്ടം. തുടർന്ന് സംഭവ സ്ഥലത്തിന്റെ ഫൊട്ടോയെടുത്ത് മറ്റു വിൽപനക്കാർക്ക് അയച്ചുകൊടുക്കും. അവർ നേരിട്ട് ചെന്ന് അവിടെ നിന്ന് ലഹരിമരുന്ന് എടുക്കുകയാണ് ചെയ്യുന്നത്. സംഘത്തിന്റെ ചിത്രങ്ങൾ സുരക്ഷാ ക്യാമറയിൽ പതിഞ്ഞതിനെ തുടർന്ന് ഒരു മാസം മുൻപ് ഷാർജ പൊലീസിലെ ലഹരിമരുന്ന് വിരുദ്ധ സ്ക്വാഡ് നിരീക്ഷണം ആരംഭിച്ചു. കുഴിച്ചിട്ട സ്ഥലത്ത് നിന്ന് ലഹരിമരുന്ന് എടുക്കാൻ ചെന്ന പ്രതികളെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു.

ലഹരിമരുന്ന് വിൽപനക്കാരെക്കുറിച്ചോ ആരുടെയും കുടുംബത്തിലോ സുഹൃത്തുക്കളുടെ കുടുംബത്തിലോ ലഹരിമരുന്ന് ഉപയോഗിക്കുന്നവർ ഉണ്ടെങ്കിലോ ഷാർജ പൊലീസിൽ വിവരമറിയിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഇവർക്ക് സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചുവരാനുള്ള എല്ലാ സഹായവും പൊലീസ് ചെയ്തുകൊടുക്കും. ടോൾ ഫ്രീ നമ്പർ–800 4654. മൊബൈൽ നമ്പർ– 056 1188 272. ഇ മെയിൽ– notodrugs@shjpolice.gov.ae.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *