അല്‍ ജസീറ ചാനല്‍ നിര്‍ത്തുക, തുര്‍ക്കി സൈനിക കേന്ദ്രം അടച്ചു പൂട്ടുക തുടങ്ങി കനത്ത നിബന്ധനകളടങ്ങുന്ന പട്ടിക സഊദി ഖത്വറിനു മുന്നില്‍ വെച്ചു

സഊദി;ഇറാനുമായുള്ള നയതന്ത്ര ബന്ധം പരിമിതപ്പെടുത്തുക, അല്‍ ജസീറ ചാനല്‍ നിര്‍ത്തുക, തുര്‍ക്കി സൈനിക കേന്ദ്രം അടച്ചു പൂട്ടുക തുടങ്ങി കനത്ത നിബന്ധനകളടങ്ങുന്ന പട്ടിക സഊദി നേതൃത്വത്തിലുള്ള ഗള്‍ഫ് അറബ് രാജ്യങ്ങള്‍ ഖത്വറിനു മുന്നില്‍ വെച്ചു. 13 ആവശ്യങ്ങളടങ്ങിയതാണ് പട്ടിക. മുസ്‌ലിം ബ്രദര്‍ഹുഡ്, ഹിസ്ബുല്ല, അല്‍ഖാഇദ, ഐ എസ് തുടങ്ങിയ ഗ്രൂപ്പുകളുമായുള്ള ബന്ധം അവസാനിപ്പിക്കുക, അയല്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പൗരത്വം നല്‍കുന്നത് നിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളും പട്ടികയിലുണ്ട്. പത്തു ദിവസത്തെ സാവകാശമാണ് ഖത്വറിനു നല്‍കിയിരിക്കുന്നത്.

തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കുന്ന കുവൈത്ത് അമീറിനാണ് ആവശ്യങ്ങളുടെ പട്ടിക സമര്‍പ്പിച്ചതെന്ന് റോയിട്ടേഴ്‌സ്, എ പി ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അല്‍ ജസീറയും ഖത്വര്‍ പ്രാദേശിക മാധ്യമങ്ങളും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചു. അതേസമയം, ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ലാത്ത നിബന്ധനകള്‍ ഖത്വര്‍ ചോര്‍ത്തിയെന്ന ആരോപണവുമായി യു എ ഇ രംഗത്തുവന്നു.

ഖത്വറിന്റെ നയങ്ങള്‍ മൂലം നഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ട പരിഹാരം നല്‍കണമെന്നും ആവശ്യമുണ്ട്. നാലു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്വര്‍ പൗരത്വം നല്‍കരുതെന്നതനു പുറമേ നിലവില്‍ അനുവദിച്ച പൗരത്വം റദ്ദാക്കണമെന്നും ആവശ്യമുണ്ട്. ഇറാനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഖത്വര്‍ ഇറാനിലുള്ള നയതന്ത്ര ഓഫിസുകള്‍ അടക്കുക, ഇറാന്‍ റവലൂഷനറി ഗാര്‍ഡിന്റെ അംഗങ്ങളെ പുറത്താക്കുക, അമേരിക്കന്‍ ഉപരോധവുമായി യോജിച്ചു പോകുന്ന വ്യാപാര വാണിജ്യ ബന്ധം മാത്രം നിലനിര്‍ത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണുള്ളത്. അല്‍ജസീറയോടൊപ്പം അതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതും ഖത്വര്‍ സാമ്പത്തിക സഹായം നല്‍കുന്നതുമായ എല്ലാ മാധ്യമങ്ങളും അടച്ചൂപൂട്ടണമെന്ന് ആവശ്യമുണ്ട്. അറബി21, റസ്ദ്, അല്‍അറബി അല്‍ജദീദ്, മിഡില്‍ ഈസ്റ്റ് ഐ തുടങ്ങിയവ ഇതില്‍പ്പെടുന്നു. ഖത്വറിലെ തുര്‍ക്കി സൈനിക കേന്ദ്രം പൂട്ടാനും ആവശ്യപ്പെട്ടിട്ടുണ്ട്. പട്ടികയിലുള്ള ആവശ്യങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നതിന് നിശ്ചിത ഇടവേളകളിലുള്ള ഓഡിറ്റിംഗ് അനുവദിക്കണമെന്നും ആവശ്യപ്പെടുന്ന നിബന്ധനകള്‍ ഖത്വര്‍ നിഷേധിക്കുകയാണെങ്കില്‍ എന്താണ് നടപടിയെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

അയല്‍ രാജ്യങ്ങള്‍ യുക്തിസഹവും നടപ്പാക്കാന്‍ സാധിക്കുന്നതുമായ ആവശ്യങ്ങളുടെ പട്ടിക ഉടന്‍ സമര്‍പ്പിക്കുമെന്ന് കഴിഞ്ഞ ദിവസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്‍ പറഞ്ഞിരുന്നു. പ്രശ്‌ന പരിഹാരത്തിന് നിബന്ധനകള്‍ ആവശ്യമാണെന്നാമ് അമേരിക്ക നിലപാടെടുത്തത്. ആവശ്യങ്ങള്‍ ഉടന്‍ പുറത്തു വിടുമെന്ന് സഊദിയും യ എ ഇയും വ്യക്തമാക്കുകയും ചെയ്തിരുന്നു. ഭീകരതയെ സഹായിക്കുന്നു എന്നാരോപിച്ച് സഊദി അറേബ്യ, ഈജിപ്ത്, യു എ ഇ, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഈ മാസം അഞ്ച് മുതലാണ് നയതന്ത്ര, വാണിജ്യ, ഗതാഗത ബന്ധം വിച്ഛേദിച്ച് ഖത്വറിനെതിരെ ഉപരോധം ആരംഭിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *