ഉയരങ്ങളിലെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കി യുഎഇ ;യുഎൻ-യുഎഇ ഉന്നതതല രാജ്യാന്തര സമ്മേളനത്തിനു ദുബായിൽ തുടക്കമായി

ദുബായ്: ബഹിരാകാശ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കി യുഎൻ-യുഎഇ ഉന്നതതല ഫോറത്തിനു ദുബായിൽ തുടക്കമായി. ബഹിരാകാശ രംഗത്തെ സാധ്യതകൾ ഉപയോഗപ്പെടുത്താനും നേട്ടങ്ങളും അറിവുകളും രാജ്യാന്തരതലത്തിൽ പങ്കുവയ്ക്കാനും ലക്ഷ്യമിടുന്നതാണ് യുഎൻ-യുഎഇ ഉന്നതതല രാജ്യാന്തര സമ്മേളനം .

മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (എംബിആർഎസ് സി), യുഎഇ സ്പേസ് ഏജൻസി, യുഎൻ ഓഫിസ് ഫോർ‍ ഔട്ടർ സ്പേസ് അഫയേഴ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഒൻപതുവരെ നീണ്ടുനിൽക്കുന്ന രാജ്യാന്തര സമ്മേളനം.

 

രാജ്യാന്തര വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങൾ, സംഘടനകൾ, സർക്കാർ-സ്വകാര്യ സംരംഭങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള 150ൽ ഏറെ പ്രതിനിധികൾ പങ്കെടുക്കുന്നു. 50 രാജ്യങ്ങളുടെ പ്രാതിനിധ്യമുണ്ട്.

സമാധാനപരമായ ആവശ്യത്തിനുള്ള ബഹിരാകാശ പദ്ധതികൾ ആസൂത്രണം ചെയ്യാനും ഈ രംഗത്തു നലനിൽക്കുന്ന ആശങ്കകൾ ഇല്ലാതാക്കാനും സഹകരണം ശക്തമാക്കും. ബഹിരാകാശരംഗത്തു കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചു വാണിജ്യ-നിക്ഷേപ മേഖലകളിലടക്കം മുന്നേറ്റം നടത്തുകയെന്നതും ലക്ഷ്യമാണ്.

ശാസ്ത്രലോകത്തെ പുതിയ അറിവുകൾ പങ്കുവയ്ക്കാനും പദ്ധതികൾ ചർച്ചചെയ്യാനും ശാസ്ത്രജ്ഞർ കൂടി ഉൾപ്പെടുന്ന ഇത്തരമൊരു കൂട്ടായ്മ അവസരമൊരുക്കുമെന്നു എംബിആർഎസ്‌സി ഡയറക്ടർ ജനറൽ യൂസഫ് ഹമദ് അൽ ഷെയ്ബാനി പറഞ്ഞു.

ബഹിരാകാശ പദ്ധതികൾക്കു സാമൂഹിക, സാമ്പത്തിക മേഖലകളിലടക്കം ഒട്ടേറെ നേട്ടങ്ങൾ സംഭാവന ചെയ്യാനാകും. വാണിജ്യ, നിക്ഷേപ മേഖലകളിൽ ഉപഗ്രഹ സഹായത്തോടെ കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്യാനുള്ള നടപടികൾ യുഎഇ തുടങ്ങിക്കഴിഞ്ഞു.

ബഹിരാകാശ മേഖലയിലെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണു ലോകത്തിലെ പ്രമുഖ രാജ്യങ്ങൾ. ഇതര രാജ്യങ്ങൾക്കും ഗുണപരമായി ഇതുപയോഗപ്പെടുത്തണം. പുതിയ ബഹിരാകാശ ഏജൻസികളും സാങ്കേതിക വിദ്യകളും രൂപപ്പെടുന്നുണ്ട്. അറിവുകൾ പങ്കുവച്ചു സംയുക്ത സംരംഭങ്ങൾക്കു തുടക്കംകുറിക്കണമെന്നും ചൂണ്ടിക്കാട്ടി. വൈജ്ഞാനിക മികവിൽ അധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥ രാജ്യത്തു വളർത്തിയെടുക്കുകയെന്നതും ബഹിരാകാശ പദ്ധതികളുടെ ലക്ഷ്യമാണെന്നു യുഎഇ സ്പേസ് ഏജൻസി ഡയറക്ടർ ജനറൽ ഡോ.മുഹമ്മദ് അൽ അഹ്ബാബി പറഞ്ഞു.

യുഎഇയുടെ ബഹിരാകാശ പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഫോറത്തിൽ പങ്കുവയ്ക്കും. ദേശീയ ബഹിരാകാശ പദ്ധതിക്കു യുഎഇ രൂപംനൽകിയിട്ടുണ്ട്. ബഹിരാകാശത്തേക്കു യാത്രക്കാരെ അയയ്ക്കൽ, ഉപഗ്രഹ വികസനം, അൽ അമൽ എന്ന ചൊവ്വാ ദൗത്യം, ചൊവ്വാ ശാസ്ത്രനഗരം എന്നിവ പദ്ധതികളിൽ ഉൾപ്പെടുന്നു. ഖലീഫാ സാറ്റ് പദ്ധതിയുടെ വിശദാംശങ്ങളും പങ്കുവയ്ക്കും. 2018 ആകുമ്പോഴേക്കും 18 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കാനും യുഎഇ ലക്ഷ്യമിടുന്നു.

ഈ രംഗത്ത് ഇന്ത്യയുമായുള്ള സഹകരണവും ശക്തമാണ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽനിന്നു ഫെബ്രുവരിയിൽ യുഎഇയുടെ ഉൾപ്പെടെ ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ പിഎസ്എൽവി സി37 റോക്കറ്റ് കുതിച്ചുയർന്നിരുന്നു. ഒറ്ററോക്കറ്റിൽ ഇന്ത്യ തൊടുത്ത 104 ഉപഗ്രഹങ്ങളിലൊന്ന് യുഎഇയുടെ അഭിമാനമായ നായിഫ്-1 ആയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *