പുണ്യമാസത്തെ വരവേല്‍ക്കാനൊരുങ്ങി ദുബായ്…തൊഴില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമയത്തില്‍ മാറ്റം…ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം

ദുബായ്; റമസാനു വേണ്ടി യുഎഇയിലെങ്ങും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചും ഇഫ്താര്‍ ടെന്റുകള്‍ ഒരുക്കിയും വിശ്വാസികളെ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് ആരാധനാലയങ്ങള്‍. മതകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ഒരുക്കം.

അബുദാബിയില്‍ സ്‌കൂള്‍ പ്രവൃത്തി സമയം

പബ്ലിക് സ്‌കൂളിലെ കിന്റര്‍ഗാര്‍ട്ടനുകളുടെ പ്രവൃത്തി സമയം രാവിലെ 8.30 മുതല്‍ പന്ത്രണ്ടു വരെയായിരിക്കും. ആണ്‍കുട്ടികള്‍ക്ക് രാവിലെ എട്ടു മുതല്‍ 12.35 വരെയും പെണ്‍കുട്ടികള്‍ക്ക് രാവിലെ ഒന്‍പതു മുതല്‍ 1.35 വരെയുമാണ് ക്ലാസുകളുണ്ടാവുക. സെക്കന്‍ഡറി സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്ക് രാവിലെ എട്ടു മുതല്‍ 1.20 വരെയും പെണ്‍കുട്ടികള്‍ക്ക് രാവിലെ ഒന്‍പതു മുതല്‍ 2.20 വരെയും.
കിന്റര്‍ഗാര്‍ട്ടന്‍ അധ്യാപകരുടെ പ്രവൃത്തിസമയം രാവിലെ എട്ടു മുതല്‍ ഒരു മണി വരെയായിരിക്കും. സെക്കന്‍ഡറി അധ്യാപകരുടേത് രാവിലെ ഒന്‍പതു മുതല്‍ 2.20 വരെയും.

ദുബായിലെ സ്‌കൂളുകളുടെ സമയം

റമസാനില്‍ ദുബായിലെ സ്‌കൂളുടെ പഠന സമയം അഞ്ചു മണിക്കൂറാക്കി കുറച്ചു. നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡവലപ്‌മെന്റ് അതോറിറ്റി അറിയിച്ചതാണിത്. എട്ടിന് ആരംഭിക്കുന്ന സ്‌കൂളുകള്‍ ഒന്നിനും എട്ടരയ്ക്ക് ആരംഭിക്കുന്ന സ്‌കൂളുകള്‍ ഒന്നരയ്ക്കും അവസാനിപ്പിക്കണമെന്നാണ് നിര്‍ദേശം. കൂടാതെ റമസാനില്‍ പിഇ ക്ലാസുകള്‍ നിര്‍ത്തിവയ്ക്കണമെന്നും നിര്‍ദേശമുണ്ട്. ക്ലാസ് മുറിക്ക് പുറത്തുള്ള പരിപാടികളും പാടില്ല. ചൂടില്‍നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സ്‌കൂള്‍ സമയത്ത് പൊതുസ്ഥലങ്ങളില്‍ ഭക്ഷിക്കാനും കുടിക്കാനും പാടില്ല. പ്രത്യേക സ്ഥലങ്ങളില്‍ മറ്റു വിദ്യാര്‍ഥികള്‍ക്ക് പ്രയാസമുണ്ടാകാതെയായിരിക്കണം ഭക്ഷണം നല്‍കേണ്ടത്. റമസാന്റെ പവിത്രത കാത്തുസൂക്ഷിക്കണമെന്നും ഓര്‍മിപ്പിച്ചു.

അബുദാബി പാര്‍ക്കിങ്

റമസാനില്‍ അബുദാബിയിലെ പെയ്ഡ് പാര്‍ക്കിങ് സമയത്തില്‍ മാറ്റം വരുത്തിയതായി ഗതാഗത വിഭാഗം അറിയിച്ചു. ശനി മുതല്‍ വ്യാഴം വരെ രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയും രാത്രി ഒന്‍പതു മുതല്‍ പുലര്‍ച്ചെ 2.30 വരെയുമാണ് പണമടച്ച് പാര്‍ക്ക് ചെയ്യേണ്ടത്.

വെള്ളിയാഴ്ച പുലര്‍ച്ചെ 12.01 മുതല്‍ ശനിയാഴ്ച രാവിലെ 8.59 വരെ പാര്‍ക്കിങ് സൗജന്യമായിരിക്കും. തറാവീഹ് സമയങ്ങളില്‍ പള്ളിക്ക് സമീപമുള്ള പാര്‍ക്കിങ് സൗജന്യമായിരിക്കും. എന്നാല്‍ ഗതാഗതത്തിന് തടസ്സമില്ലാത്ത രീതിയിലായിരിക്കണം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടത്. ദുബായിലും റമസാനിലെ പെയ്ഡ് പാര്‍ക്കിങ് സമയം രാവിലെയും രാത്രിയിലുമാക്കി പുനഃക്രമീകരിച്ചിരുന്നു.

ഹോട്ടല്‍ പ്രവൃത്തി സമയം

പകല്‍ സമയങ്ങളില്‍ ഹോട്ടലുകളും റസ്റ്ററന്റുകളും അടച്ചിടും. ഈ സമയങ്ങളില്‍ അമുസ്‌ലിംകള്‍ക്ക് സ്വന്തമായി ഭക്ഷണം പാകം ചെയ്‌തോ നേരത്തേ ഹോട്ടലില്‍നിന്ന് ശേഖരിച്ചുവച്ചോ സ്വകാര്യമായി കഴിക്കുന്നതിന് വിരോധമില്ല. ഇഫ്താറിന് ഒരു മണിക്കൂര്‍ മുന്‍പ് മാത്രമേ ഹോട്ടലുകള്‍ തുറക്കൂ.

ഷോപ്പിങ് മാളുകള്‍ പതിവുപോലെ തുറന്ന് പ്രവര്‍ത്തിക്കും. പ്രത്യേക അനുമതി എടുക്കുന്ന സ്ഥാപനങ്ങളില്‍ പാഴ്‌സല്‍ ഭക്ഷണം അമുസ്‌ലിംകള്‍ക്ക് വിതരണം ചെയ്യാന്‍ അനുമതിയുണ്ട്. ഇത്തരക്കാര്‍ക്ക് സൂപ്പര്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും പാഴ്‌സല്‍ ഭക്ഷണം ലഭിക്കും.

പവിത്രത കാക്കണം

റമസാന്റെ പവിത്രത കാത്തുസൂക്ഷിക്കാന്‍ മുസ്‌ലിംകളും അമുസ്‌ലിംകളും ബാധ്യസ്ഥരാണ്. പകല്‍ സമയത്ത് പൊതുസ്ഥലങ്ങളില്‍ ഭക്ഷിക്കാനോ വെള്ളം കുടിക്കാനോ പാടില്ല.

അമുസ്‌ലിംകള്‍ക്ക് സ്വകാര്യമായി ഭക്ഷണ പാനീയങ്ങള്‍ക്കും പുകവലിക്കും അനുമതിയുണ്ട്. പുറത്ത് കാണില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ കാറിലിരുന്നും ഭക്ഷണം കഴിക്കാം. ജനങ്ങള്‍ കാണത്തക്കവിധം റമസാനിലെ പകല്‍സമയം ഭക്ഷണം കഴിക്കുന്നത് കുറ്റകരമാണ്.

വസ്ത്രധാരണം

സ്ത്രീകളും പുരുഷന്മാരും മാന്യമായ വസ്ത്രം ധരിക്കണം. ഇറുകിയതും ശരീരഭാഗങ്ങള്‍ പുറത്ത് കാണുംവിധമുള്ള നേരിയ വസ്ത്രങ്ങളും ഒഴിവാക്കണം. അനുവദനീയമായ ബീച്ചുകളില്‍ നീന്തുന്നതിന് വിരോധമില്ല.

ചാന്ദ്രനിരീക്ഷണം

റമസാന്‍ മാസപ്പിറവി നിരീക്ഷിക്കണമെന്ന് സൗദി സുപ്രീം കോടതി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. ശഅബാന്‍ 29 ആയ ചൊവ്വാഴ്ച മാസപ്പിറവി കാണുന്നുണ്ടോ എന്ന് നിരീക്ഷിക്കാനാണ് അഭ്യര്‍ഥിച്ചിരിക്കുന്നത്. നഗ്‌നനേത്രം കൊണ്ടോ ബൈനോകുലര്‍ ഉപയോഗിച്ചോ മാസപ്പിറവി കണ്ടാല്‍ ബന്ധപ്പെട്ടവരെ അറിയിക്കാനാണ് നിര്‍ദേശം.

വിവേചനം പാടില്ല

റമസാന്‍ പ്രമാണിച്ച് ജോലി സമയത്തില്‍ നല്‍കുന്ന ഇളവില്‍ മത വിവേചനം പാടില്ലെന്ന് യുഎഇ തൊഴില്‍ നിയമം നിഷ്‌കര്‍ഷിക്കുന്നു. സാധാരണ എട്ടു മണിക്കൂറാണ് ജോലി സമയമെങ്കില്‍ റമസാനില്‍ പ്രവൃത്തി സമയം ആറു മണിക്കൂറാക്കി കുറച്ചിട്ടുണ്ട്. വിവിധ രാജ്യക്കാരും മതക്കാരും ജോലി ചെയ്യുന്ന യുഎഇയില്‍ റമസാനിലെ പ്രവൃത്തി സമയം അമുസ്‌ലിംകള്‍ക്കും ബാധകമായിരിക്കും. അവരെക്കൊണ്ട് അധിക സമയം ജോലിയെടുപ്പിക്കാന്‍ പാടില്ല.

നൈറ്റ് ക്ലബ്

നൈറ്റ് ക്ലബുകളും അടച്ചിടും. ചില ബാറുകളും പബുകളും സൂര്യാസ്തമനത്തിന് ശേഷം തുറന്ന് പ്രവര്‍ത്തിക്കുന്നതിന് അനുമതിയുണ്ട്. എന്നാല്‍ ശബ്ദായമാനമായ സംഗീത, നൃത്ത പരിപാടികള്‍ പാടില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *