ദുബായ് എയര്‍പോര്‍ട്ട് റോഡില്‍ നാളെമുതല്‍ ഗതാഗത നിയന്ത്രണം

ദുബായ്: എയര്‍പോര്‍ട്ട് റോഡ് വികസന പദ്ധതിയുടെ ഭാഗമായി വെള്ളിയാഴ്ചമുതല്‍ ദുബായ് എയര്‍പോര്‍ട്ട് റോഡില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.) അറിയിച്ചു.

ഇതനുസരിച്ച് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍നിന്നും അല്‍ ഖവാനീജില്‍നിന്നും ദേരക്കുള്ള വാഹനങ്ങള്‍ പുതിയ മേല്‍പ്പാലത്തിലൂടെ വഴിതിരിച്ചു വിടും. അതുപോലെ റാഷിദിയയില്‍നിന്നുള്ള വാഹനങ്ങള്‍ ഇടതുഭാഗത്തെ രണ്ടു ലെയിനുകളിലൂടെ സിഗ്നല്‍ ജങ്ഷനിലേക്കു തിരിച്ചുവിടും. ഈ പ്രദേശത്തെ ഇന്റര്‍ സെക്ഷനുകളിലെ ഗതാഗതം സുഗമമാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഗതാഗതം നിയന്ത്രിക്കുന്നത്.

മണിക്കൂറില്‍ അയ്യായിരത്തിലധികം വാഹനങ്ങളെക്കൂടി ഉള്‍കൊള്ളുന്ന വിധത്തിലാണ് പുതിയ എയര്‍പോര്‍ട്ട് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. റോഡ് സുരക്ഷ ഉറപ്പാക്കുക മാത്രമല്ല എയര്‍പോര്‍ട്ട് റോഡ് വികസനം പൂര്‍ത്തിയാകുമ്പോള്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍നിന്ന് കാസാബ്ലാങ്ക റോഡുവരെ എത്താനുള്ള യാത്രാസമയം 30 മിനിറ്റില്‍നിന്ന് അഞ്ച് മിനിറ്റായി ചുരുങ്ങുമെന്നും ട്രാഫിക് ആന്‍ഡ് റോഡ് ഏജന്‍സി സി.ഇ.ഒ. മൈത്ത ബിന്‍ അതായി പറഞ്ഞു.

റാഷിദിയ, കാസാബ്ലാങ്ക ഇന്റര്‍ചെയ്ഞ്ചുകളുടെ നിര്‍മാണം അടക്കമുള്ള പദ്ധതിയുടെ ആദ്യഘട്ടം നിര്‍മാണം പൂര്‍ത്തിയാക്കി ഈ വര്‍ഷാവസാനം തുറക്കുമെന്നും മൈത്ത ബിന്‍ അതായി പറഞ്ഞു. ഇരുവശത്തും മൂന്നു ലെയിനുകള്‍ വീതമുള്ള എയര്‍പോര്‍ട്ട് റോഡിലെ ഫ്‌ളൈഓവര്‍ റാഷിദിയ ഇന്റര്‍ചെയ്ഞ്ചില്‍നിന്ന് കടക്കാനുള്ള സമയം 13 മിനിറ്റില്‍നിന്ന് ഒരു മിനിറ്റാക്കി കുറയ്ക്കും. ഇതിനുപുറമേ ഗര്‍ഹൂദില്‍നിന്നുള്ള വാഹനങ്ങള്‍ക്കു വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ ഒന്നിലേക്കും ടെര്‍മിനല്‍ മൂന്നിലേക്കും ബദല്‍ റോഡും പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും.

മാത്രമല്ല കാസാബ്ലാങ്ക റോഡിന്റെ ഗര്‍ഹൂദിന്റെ ദിശയിലേക്കുള്ള ലെയിനുകളുടെ എണ്ണം മൂന്നില്‍നിന്ന് നാലായി ഉയര്‍ത്തുകയും ചെയ്യും. ദുബായ് സ്ട്രാറ്റജിക് പ്ലാന്‍ 2021-നു അനുബന്ധമായാണ് എമിറേറ്റിലെ റോഡ് വികസനപദ്ധതികള്‍ നടപ്പാക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *