ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങളില്‍ ഇനി മുഴുവന്‍ സമയ ഇന്റര്‍നെറ്റ്

ദോഹ; പറക്കുന്ന വിമാനത്തില്‍ പൂര്‍ണമായും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ (ഗേറ്റ് ടു ഗേറ്റ്) കമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി (സിആര്‍എ) അനുമതി നല്‍കി. ഇതോടെ ഖത്തര്‍ എയര്‍വേയ്‌സില്‍ യാത്രക്കാര്‍ക്കു മുഴുവന്‍ സമയവും ഇന്റര്‍നെറ്റ് സേവനം ലഭ്യമാകും. നേരത്തേ, വിമാനം സമുദ്രനിരപ്പില്‍നിന്നു ചുരുങ്ങിയത് 3,000 മീറ്റര്‍ ഉയരത്തില്‍ പറക്കുമ്പോള്‍ മാത്രമായിരുന്നു ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ അനുമതി.

ഈ തീരുമാനത്തോടെ വിമാനയാത്രയില്‍ ഗേറ്റ് ടു ഗേറ്റ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി നല്‍കുന്ന മേന മേഖലയിലെ ആദ്യ രാജ്യമാകും ഖത്തര്‍. 2017 നവംബര്‍ മുതല്‍ 2018 ജനുവരി വരെ സേവനദാതാക്കള്‍, ബന്ധപ്പെട്ട മറ്റു കക്ഷികള്‍, വിമാനയാത്രക്കാര്‍ എന്നിവരെല്ലാമായി ആശയവിനിമയം നടത്തിയശേഷമാണു സിആര്‍എ ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടത്. പുതിയ ലൈസന്‍സ് പ്രകാരം ഖത്തറില്‍ റജിസ്റ്റര്‍ ചെയ്ത വിമാന ഓപ്പറേറ്റര്‍മാര്‍ക്കു മാത്രമാണ് ഇതു നല്‍കാനാവുക.

വിമാനത്തില്‍ കയറുന്നതുമുതല്‍ ഇറങ്ങുന്നതുവരെ പൂര്‍ണമായും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ പുതിയ തീരുമാനത്തിലൂടെ യാത്രക്കാര്‍ക്കു സാധിക്കും. വിമാനത്തിന്റെ പ്രവര്‍ത്തനത്തെയോ ഭൂതല മൊബൈല്‍ ശൃംഖലകളെയോ ബാധിക്കാത്ത തരത്തില്‍ പറക്കുന്ന വിമാനത്തിനുള്ളില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാനുള്ള ആധുനിക സംവിധാനങ്ങളുണ്ട്. മേഖലയില്‍ ഏതു രംഗത്തും മികച്ച സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതില്‍ ഖത്തര്‍ എല്ലായ്‌പ്പോഴും മുന്‍പന്തിയിലാണെന്നു ഗതാഗത, വാര്‍ത്താവിനിമയ മന്ത്രി ജാസിം ബിന്‍ സെയ്ഫ് അഹമ്മദ് അല്‍ സുലൈത്തി പറഞ്ഞു.

എന്നാല്‍, വിമാനം സമുദ്രനിരപ്പില്‍നിന്നു 3000 മീറ്ററിനു താഴെ പറക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ വിളികള്‍, എസ്എംഎസ്, മൊബൈല്‍ ഡേറ്റാ സേവനങ്ങള്‍ക്കുള്ള നിയന്ത്രണം തുടരും. വിമാനത്തിന്റെ പ്രവര്‍ത്തനത്തെയും ഭൂതല മൊബൈല്‍ ശൃംഖലയെയും ബാധിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണിത്. അതേസമയം, വിമാനത്തിലെ വൈഫൈ വഴി മൊബൈലില്‍ ഇന്റര്‍നെറ്റ് ലഭിക്കും.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *