കുവൈത്തില്‍ വീട്ടുടമയുടെ പീഡനം: ഇന്ത്യന്‍ വീട്ടു വേലക്കാരന്‍ ആശുപത്രിയില്‍

കുവൈത്ത് സിറ്റി: വീട്ടുടമയുടെ നിരന്തരമായ പീഡനം സഹിക്കവയ്യാതെയാണ് 24 കാരനായ ഇന്ത്യന്‍ വീട്ടുവേലക്കാരന്‍ ആശുപത്രിയില്‍ അഭയം തേടിയെത്തിയത്. ശാരീരിക പീഡനം കൂടാതെ സിഗരറ്റ് കത്തിച്ച പാടുകളും യുവാവിന്റ ശരീരത്തില്‍ കണ്ടെത്തി. ആശുപത്രിയിലെത്തിയ യുവാവ് ഇന്ത്യന്‍ എംബസ്സി അധികൃതരെ ടെലിഫോണില്‍ ബന്ധപ്പെട്ടാണ് പരാതി അറിയിച്ചത്. എംബസി അധികൃതര്‍ സുരക്ഷ ഉദ്യോഗസ്ഥരോടൊപ്പമാണ് ആശുപത്രിയിലെത്തി ഇയാളുടെ പരാതി രേഖപ്പെടുത്തിയത്. ശരീരത്തിലെ സിഗരറ്റ് മുറിപ്പാടുകളടക്കം മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. വീട്ടുടമ ഇയാളെ ശാരീരികമായി ഉപദ്രവിച്ച ശേഷം ലൈംഗികമായും പീഡിപ്പിച്ചിരുന്നു എന്നും എംബസി അധികൃതരെ അറിയിച്ചു.

അതേസമയം വീട്ടുവേലക്കാരടക്കം ഗാര്‍ഹിക തൊഴിലാളികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ഗാര്‍ഹിക തൊഴിലാളി വകുപ്പ് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും തൊഴില്‍ മന്ത്രാലയത്തിന്റ കീഴിലേക്ക് മാറ്റുന്നതിനുള്ള തീരുമാനം നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ഇനിയും ഒരു വര്‍ഷം വേണ്ടി വരുമെന്ന് തൊഴില്‍ -സാമൂഹിക മന്ത്രി ഹിന്ദ് അല്‍ സബീഹ് അറിയിച്ചു.

നിലവില്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഗാര്‍ഹിക തൊഴില്‍ വകുപ്പ് പൂര്‍ണമായും തൊഴില്‍ വകുപ്പിന്റ പരിധിയിലാക്കുന്നതിന് തത്വത്തില്‍ അംഗീകരിച്ചിട്ടുള്ളതാണ്.

ഗാര്‍ഹിക തെഴിലാളികള്‍ നിരന്തരം പീഡിപ്പിക്കപ്പെടുന്നതായി രാജ്യന്തര മനുഷ്യാവകാശ സംഘടനകള്‍ പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് കുവൈത്ത് സര്‍ക്കാര്‍ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിന് ശക്തമായ നടപടികള്‍ ആസൂത്രണം ചെയ്തത്.

തൊഴില്‍ വകുപ്പിന്റെ കീഴിലാകുന്നതോടെ ഗാര്‍ഹിക തൊഴിലാളികള്‍ക്കും രാജ്യത്ത് നിലവിലുള്ള തൊഴില്‍ നിയമപ്രകാരം അവകാശങ്ങളും സംരക്ഷണവും ലഭിക്കുന്നതാണ്. നിലവില്‍ രാജ്യത്ത് വിവിധ രാജ്യങ്ങളില്‍ നിന്നായി 6 ലക്ഷത്തോളം ഗാര്‍ഹിക തെഴിലാളികളാണ് ജോലിചെയ്യുന്നത്. അവരില്‍ ഇന്ത്യക്കാരാണ് പ്രഥമ സ്ഥാനത്തു തുടരുന്നത്. ഇന്ത്യയില്‍ നിന്നും വീട്ടുവേലക്കാരികളെ റിക്രൂട്ട് ചെയ്യുന്നത് നിര്‍ത്തി വച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ ഫലമായി വീണ്ടും റിക്രൂട്ടിങ് ആരംഭിക്കുന്നതാണ്. എന്നാല്‍ 30 വയസിന് താഴെയുള്ള വനിതകളെ ഇന്ത്യയില്‍ നിന്നും വീട്ട് വേലക്ക് അയക്കില്ല എന്ന മുന്‍ തീരുമാനത്തില്‍ മാറ്റമില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *