സ്മാര്‍ട്ടായി ദുബായ് വിമാനത്താവളം…എമിഗ്രേഷന്‍ നടപടികള്‍ പത്ത് സെക്കന്‍ഡിനുള്ളില്‍; ഐറിസ് റെക്കഗ്‌നിഷന്‍ സംവിധാനം

ദുബായ്; എമിഗ്രേഷന്‍ നടപടികള്‍ പത്തു സെക്കന്‍ഡുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാനാവുന്ന സ്മാര്‍ട് ടണല്‍ ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ അടുത്തമാസം സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യം പദ്ധതി നടപ്പാക്കുകയെന്നു ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി അറിയിച്ചു. നിര്‍മിത ബുദ്ധി സാങ്കേതികവിദ്യയുടെ സഹായത്തോടെയാണു ടണല്‍ പ്രവര്‍ത്തിക്കുന്നത്. ലോകത്തിലാദ്യമായാണ് ഇത്തരം സംവിധാനം നിലവില്‍ വരുന്നതെന്നു മേജര്‍ ജനറല്‍ അല്‍ മര്‍റി അറിയിച്ചു. കഴിഞ്ഞവര്‍ഷം ജൈറ്റെക്‌സ് ടെക്‌നോളജി വീക്കിലാണു സ്മാര്‍ട് ടണല്‍ സാങ്കേതികവിദ്യ സംബന്ധിച്ച പദ്ധതി അനാവരണം ചെയ്തത്.

ബയോമെട്രിക് സംവിധാനം വഴി പ്രവര്‍ത്തിക്കുന്നതാണു സ്മാര്‍ട് ടണല്‍. എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ യാത്രക്കാര്‍ സ്മാര്‍ട് ടണലിലൂടെ മുന്നോട്ടു നീങ്ങിയാല്‍ മാത്രം മതി. പാസ്‌പോര്‍ട്ടോ എമിറേറ്റ്‌സ് ഐഡിയോ കാണിക്കേണ്ട. മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യവഴി പരിശോധനയും മറ്റും പത്തു സെക്കന്‍ഡുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നു മേജര്‍ ജനറല്‍ അല്‍ മര്‍റി പറഞ്ഞു. സ്മാര്‍ട് ടണല്‍ പദ്ധതി പ്രാബല്യത്തിലാക്കാനായി എമിറേറ്റ്‌സ് എയര്‍ലൈനുമായി ദുബായ് ജിഡിആര്‍എഫ്എ ഏകോപനം നടത്തുകയാണെന്ന് അധികൃതര്‍ പറഞ്ഞു.

കണ്ണുകള്‍ വഴിയുള്ള തിരിച്ചറിയല്‍ (ഐറിസ് റെക്കഗ്നിഷന്‍) സാങ്കേതികവിദ്യയാണു സംവിധാനത്തില്‍ ഉപയോഗിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പാസ്‌പോര്‍ട്ട് സ്റ്റാംപിങ് പോലെയുള്ള നടപടികളും ആവശ്യമായി വരുന്നില്ല. മനുഷ്യ ഇടപെടല്‍ ഇല്ലാതെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാമെന്നതാണു പ്രത്യേകത. വെളുത്ത നിറത്തിലുള്ള ടണലില്‍ ഡിജിറ്റര്‍ ബോര്‍ഡുകളാണു സ്ഥാപിച്ചിരിക്കുന്നത്. യാത്രക്കാര്‍ കടന്നുപോകുമ്പോള്‍ ടണലിന്റെ നിറം ചുവപ്പാകും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *