കുവൈത്തില്‍ മലയാളികളെ പറ്റിച്ച് കോടികള്‍ തട്ടിയെടുത്ത് കോട്ടയം സ്വദേശി…കാനഡയിലേക്ക് കടക്കാന്‍ ശ്രമിച്ച വിരുതന്‍ കെണിയിലായി

കുവൈത്ത് സിറ്റി; കുവൈത്തില്‍ മലയാളികളില്‍ നിന്നു കോടികള്‍ തട്ടിയെടുത്തു കേരളത്തിലേക്കു മുങ്ങിയശേഷം കാനഡയിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ മലയാളി യുവാവ് മുംബൈ എയര്‍പോര്‍ട്ടില്‍ പിടിയിലായി. ഞീഴൂര്‍ കാപ്പില്‍ ജിന്‍സ് ജയിംസിനെയാണ് (32) മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്നലെ എമിഗ്രേഷന്‍ അധികൃതര്‍ പിടികൂടിയത്. കേസ് അന്വേഷണത്തിനു നേതൃത്വം വഹിക്കുന്ന കടുത്തുരുത്തി എസ്എച്ച്ഒ കെ.പി. തോംസണ്‍ മുംബൈയിലേക്കു പുറപ്പെട്ടു.

നടപടികള്‍ പൂര്‍ത്തിയാക്കി ജയിംസിനെ ഇന്നോ നാളയോ നാട്ടിലെത്തിക്കും. കുവൈത്തില്‍ തട്ടിപ്പിനിരയായ ഒന്‍പതോളം ആളുകള്‍ കോട്ടയം എസ്പിക്കു പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തതോടെ ജിന്‍സും കുടുംബവും കാനഡയിലേക്കു കടക്കാനായി ഒളിവില്‍ പോയിരുന്നു. ജിന്‍സ് രാജ്യം വിട്ടുപോകുന്നതു തടയാനായി ലുക്ക് ഔട്ട് നോട്ടിസും പൊലീസ് പുറപ്പെടുവിച്ചിരുന്നു. മുംബൈയില്‍ കഴിഞ്ഞിരുന്ന ജിന്‍സ് ഇന്നലെ കാനഡയിലേക്കു പോകുന്നതിനായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് എമിഗ്രേഷന്‍ വിഭാഗം ഇയാളെ തടഞ്ഞുവച്ചത്.

തുടര്‍ന്നു കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു വിവരം കൈമാറുകയായിരുന്നു. കുവൈത്തില്‍ ജിന്‍സ് നടത്തുന്ന ബിസിനസില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞും, കടമായിട്ടുമാണ് ലക്ഷക്കണക്കിനു രൂപവീതം ഓരോരുത്തരോടും വാങ്ങിയത്. കുവൈത്തില്‍ വിവിധ ബിസിനസുകള്‍ നടത്തി വരികയായിരുന്ന ജിന്‍സ് സ്ഥാപനങ്ങള്‍ ആരുമറിയാതെ വില്‍പന നടത്തി നാട്ടിലേക്കു മുങ്ങുകയായിരുന്നുവെന്നാണ് പരാതി.

പണം നല്‍കിയിരുന്നവര്‍ പണം തിരികെ വാങ്ങാന്‍ ജിന്‍സ് കുവൈത്തില്‍ താമസിച്ചിരുന്ന ഫ്ളാറ്റില്‍ ചെന്നപ്പോഴാണ് ജിന്‍സ് നാട്ടിലേക്കു പോയത് അറിയുന്നത്. പത്തു വര്‍ഷക്കാലമായി കുവൈത്തില്‍ നഴ്സായി ജോലി ചെയ്തിരുന്ന ജിന്‍സ്, പ്രവാസികള്‍ ചേര്‍ന്നു നടത്തുന്ന ചിട്ടി ഇടപാടില്‍ മെംബര്‍ഷിപ് എടുത്തശേഷം ആദ്യഗഡു അടച്ചശേഷം ചിട്ടി പിടിക്കുകയും പിന്നീടു പണം അടയ്ക്കാതെ മുങ്ങിയെന്നും പരാതിയുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *