ഖത്തറില്‍ പുതിയ അര്‍ബുദ വിവരകേന്ദ്രം…സ്തനാര്‍ബുദം അടക്കമുള്ള കാന്‍സറുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരിശോധന ശക്തം

ദോഹ: രാജ്യത്ത് അര്‍ബുദവിവരകേന്ദ്രം സ്ഥാപിക്കാന്‍ പൊതുജനാരോഗ്യ മന്ത്രാലയം തയ്യാറെടുക്കുന്നു. ദേശീയ അര്‍ബുദ പദ്ധതി 2017-2022 ന്റെ കീഴിലാണ് അര്‍ബുദ വിവര കേന്ദ്രം രൂപവത്കരിക്കാന്‍ പദ്ധതിയുള്ളത്. വിവര സംരക്ഷണത്തിന്റെ നിയമപരമായ ചട്ടക്കൂടുകളെ നിയന്ത്രിക്കാന്‍ കേന്ദ്രത്തിന് കഴിയുമെന്ന് ഖത്തര്‍ ദേശീയ അര്‍ബുദ പദ്ധതി മേധാവി കാതറിന്‍ ഗില്ലെസ്പി പറഞ്ഞു. മന്ത്രാലയത്തിലെ ഖത്തര്‍ ദേശീയ അര്‍ബുദ രജിസ്ട്രി (ക്യു.എന്‍.സി.ആര്‍.)യുടെ വിജയത്തിനും അര്‍ബുദ വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിലും പരിശ്രമിച്ച മന്ത്രാലയത്തിലെയും സ്വകാര്യ ആരോഗ്യ മേഖലയിലെയും ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ അനുമോദന ആഘോഷത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

അര്‍ബുദ വിവര ശൃംഖലയുടെ ഭാഗമായി ഗവേഷകര്‍, ഡോക്ടര്‍മാര്‍ തുടങ്ങി രാജ്യത്തെ അര്‍ബുദചികിത്സാ വിദഗ്ധര്‍ക്കിടയില്‍ കൂടുതല്‍ വിവരങ്ങള്‍ കൈമാറാനും കേന്ദ്രം സഹായിക്കും. അര്‍ബുദ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നത് ദേശീയ അര്‍ബുദപദ്ധതിക്ക് കീഴിലായിരിക്കും. മറ്റ് മേഖലകളിലേക്കും ഇത്തരം വിവരങ്ങളുടെ ഉപയോഗം വിപുലീകരിക്കും. ദേശീയ പരിപാടികളുടെ നിരീക്ഷണം, വിശാലമായ മേഖലകളെ മുഴുവന്‍ ഉള്‍പ്പെടുത്താനായി മറ്റ് രജിസ്ട്രികളും നിര്‍മിക്കുക എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുമെന്നും അവര്‍ പറഞ്ഞു.

ദേശീയ ആരോഗ്യ പദ്ധതി 2017-2022 ന്റെ തയ്യാറെടുപ്പുകള്‍ക്കായി നടത്തിയ ക്യു.എന്‍. ആര്‍.സി. സംഘത്തിന്റെ പരിശ്രമങ്ങളെ ഡോ.സലിഹ് അലി അല്‍മാരി പ്രശംസിച്ചു. കൃത്യമായ ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥിരാടിസ്ഥാനത്തിലുള്ള പദ്ധതികളും പരിപാടികളും രൂപവത്കരിക്കാന്‍ ദേശീയ ആരോഗ്യ പദ്ധതി പിന്തുണയ്ക്കുന്നുണ്ട്. ക്യു.എന്‍.ആര്‍.സി.യിലെ വിവരങ്ങളില്‍ കൃത്യതയുണ്ടെന്നും അന്താരാഷ്ട്ര നിലവാരത്തിലാണ് അവ തയ്യാറാക്കിയിരിക്കുന്നതെന്നും ദേശീയ അര്‍ബുദ പരിചരണ-ഗവേഷണ കേന്ദ്രത്തിലെ ഡെപ്യൂട്ടി മെഡിക്കല്‍ ഡയറക്ടര്‍ ഡോ,അല്‍ ഹരാത്ത് അല്‍ ഖാദര്‍ പറഞ്ഞു. ക്യു.എന്‍.ആര്‍.സിയിലെ വിവരങ്ങള്‍ നിരവധി അന്താരാഷ്ട്ര ശാസ്ത്രീയ പഠനങ്ങളിലും ഗവേഷണങ്ങളിലുമെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ക്യു.എന്‍.ആര്‍.സി.യിലെ വിവര രജിസ്ട്രിപ്രകാരം 2015 ല്‍ 1466 അര്‍ബുദ പരിശോധനയാണ് നടത്തിയത്. സ്തനാര്‍ബുദമാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. വന്‍കുടല്‍, മലാശയം, പ്രോസ്റ്റേറ്റ് അര്‍ബുദ രോഗബാധിതരും കുറവല്ലെന്ന് ക്യു.എന്‍.സി.ആര്‍. മാനേജര്‍ അമിദ് അബു ഹംദെയ്ന്‍ പറഞ്ഞു. പതിനാല് വയസ്സില്‍ താഴെയുള്ള കുട്ടികളിലെ അര്‍ബുദം മറ്റ് വ്യത്യസ്ത രാജ്യങ്ങളിലേതിന് അനുപാതമാണ്. ലുക്കീമിയ, തലച്ചോറ്, നാഡി അര്‍ബുദ രോഗങ്ങളാണ് കുട്ടികളില്‍ കൂടുതലും. അര്‍ബുദനിരക്കില്‍ ആഗോളനിരക്കിനുള്ളില്‍ തന്നെയാണ് ഖത്തറിലെ സംഖ്യയെന്നും ക്യു.എന്‍.സി.ആറിന്റെ രജിസ്ട്രിയില്‍ വെളിപ്പെടുത്തുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *