വാറ്റ് നികുതിയില്‍ കബളിപ്പിക്കപ്പെടുന്നവര്‍ക്ക് പരാതിപ്പെടാന്‍ അഹ്‌ലന്‍ ദുബായ്

ദുബായ്; എമിറേറ്റില്‍ മൂല്യവര്‍ധിത നികുതിയുടെ (വാറ്റ്) മറവില്‍ അമിതവില ഈടാക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ അധികൃതര്‍ നടപടി ഊര്‍ജിതമാക്കി. ജനങ്ങളുടെ പരാതികളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 30 സ്ഥാപനങ്ങളുടെ നിയമലംഘനങ്ങള്‍ രേഖപ്പെടുത്തിയതായി സാമ്പത്തിക മന്ത്രാലയ അധികൃതര്‍ അറിയിച്ചു. അതേസമയം, മൂല്യവര്‍ധിത നികുതി സംബന്ധിച്ച് സ്ഥാപനങ്ങള്‍ക്കെതിരെ പരാതികള്‍ വര്‍ധിച്ചതോടെ വിപണികള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥരെ നിയമിച്ചു. കൂടാതെ എമിറേറ്റിലെ വിപണികളെ സംബന്ധിച്ചു മന്ത്രാലയ കോള്‍സെന്ററായ ‘അഹ് ലന്‍ ദുബായ് സംവിധാനത്തിലേക്ക് 600545555 നമ്പറിലാണ് വിവരം നല്‍കേണ്ടത്.

മന്ത്രാലയത്തില്‍ നിന്നും ലൈസന്‍സ് നേടിയ മുഴുവന്‍ സ്ഥാപനങ്ങളും നികുതി സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. മന്ത്രാലയ മാര്‍ഗനിര്‍ദേശങ്ങള്‍ മറികടന്നു പണം പിടിച്ചെടുത്താല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നാണ് മന്ത്രാലയ മുന്നറിയിപ്പ്. സ്ഥാപനങ്ങളുടെ വലുപ്പച്ചെറുപ്പമോ പ്രവര്‍ത്തനസ്വഭാവമോ പരിഗണിക്കാതെ നിയമ ലംഘകര്‍ക്കെതിരെ നടപടിയുണ്ടാകും.

ഒരാഴ്ചയ്ക്കുള്ളില്‍ മന്ത്രാലയ കാര്യാലയങ്ങളില്‍ 454 പരാതികളാണ് പൊതുജനങ്ങളില്‍ നിന്നു ലഭിച്ചത്. ‘വാറ്റ് നിലവില്‍ വന്നശേഷം പ്രതിദിനം പരാതികള്‍ കൂടുകയാണ്. നിയമം നിര്‍ദേശിച്ചതില്‍ കവിഞ്ഞു തുക നികുതി ഇനത്തില്‍ പിടിക്കുന്നതായാണ് പരാതി. സ്ഥാപനങ്ങള്‍ നികുതി ഇനത്തില്‍ ഈടാക്കുന്ന തുക ബില്ലില്‍ കാണിക്കാത്ത സ്ഥാപനങ്ങളുണ്ട്. പരാതികള്‍ പെരുകിയതോടെ ഇതുവരെ 77 വ്യാപാര സ്ഥാപന പ്രതിനിധികളെ മന്ത്രാലയ കാര്യാലയത്തില്‍ വിളിപ്പിച്ചു വിശദീകരണം തേടി’ ദുബായ് സാമ്പത്തിക മന്ത്രാലയത്തിലെ ഉപഭോകൃത സംരക്ഷണ വകുപ്പ് ആക്റ്റിങ്ങ് ഡയറക്ടര്‍ അഹ്മദ് അല്‍ സആബി അറിയിച്ചു.

ബില്ലിലും ഉത്പന്നത്തിലും വ്യക്തത വേണം

സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് നല്‍കുന്ന ബില്ലില്‍ ‘വാറ്റ്’ഇനത്തില്‍ ഈടാക്കിയ തുക വ്യക്തമായി കാണിക്കണം. വില്‍പ്പനയ്ക്ക് പ്രദര്‍ശിപ്പിക്കുന്ന സ്ഥാപന ഷെല്‍ഫുകളിലും വസ്തുക്കളുടെ വിലയും വാറ്റും വേറിട്ട് രേഖപ്പെടുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വില്‍പ്പന വസ്തുക്കളുടെ വില, സേവന വില ,നികുതി എന്നിവ വെവ്വേറെ രേഖപ്പെടുത്തണമെന്നാണ് വിപണികളില്‍ സാധനങ്ങള്‍ എത്തിക്കുന്ന കമ്പനികള്‍ക്കു നല്‍കിയ അറിയിപ്പെന്നും അല്‍സആബി ചൂണ്ടിക്കാട്ടി. ജനങ്ങളുടെ പരാതി പ്രകാരമാണ് 77 ആളുകളോട് മന്താലയത്തില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്. പരാതികള്‍ സത്യസന്ധമാണെന്നു ബോധ്യപ്പെട്ടാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും. അഞ്ചു ശതമാനത്തില്‍ കൂടുതല്‍ നികുതി ഈടാക്കിയവരെല്ലാം നിയമം ലംഘിച്ചതായി കണക്കാക്കിയാണ് പിഴ അടക്കമുള്ള ശിക്ഷ നല്‍കുക.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *