സ്തനാര്‍ബുദത്തെ തുടച്ചു നീക്കാന്‍ പിങ്ക് കാരവന്‍ പര്യടനം…ഗള്‍ഫിലെ ആദ്യ മൊബൈല്‍ മാമോഗ്രഫി ക്ലിനിക്ക്; ഏഴ് ദിവസം നീളുന്ന പര്യടനത്തില്‍ യുഎഇയിലെ എല്ലാ നഗരങ്ങളിലും പരിശോധന

ഷാര്‍ജ; ഇക്വസ്ട്രിയന്‍ ക്ലബ്ബില്‍നിന്നു സ്തനാര്‍ബുദ ബോധവല്‍ക്കരണ യജ്ഞവുമായി പിങ്ക് കാരവന്‍ സംഘം പര്യടനം ആരംഭിച്ചു. സൗജന്യ പരിശോധന ലഭ്യമാക്കുന്ന ഗള്‍ഫിലെ ആദ്യത്തെ മൊബൈല്‍ മാമോഗ്രഫി ക്ലിനിക്കുമായാണ് 230 കുതിരസവാരിക്കാരടങ്ങുന്ന സംഘത്തിന്റെ പര്യടനം. ഇവരുടെ എണ്ണത്തില്‍ ഇപ്രാവശ്യം റെക്കോര്‍ഡാണ്. 150 സ്വദേശികള്‍, വിവിധ ജിസിസി രാജ്യക്കാരായ 65 പേര്‍, 15 യൂറോപ്പ് സ്വദേശികള്‍ എന്നിവരാണു സംഘത്തിലുള്ളത്.

നൂറിലേറെ സന്നദ്ധ പ്രവര്‍ത്തകരും 200 ഡോക്ടര്‍മാരും ഒപ്പമുണ്ട്. ഇന്നു വൈകിട്ടോടെ ഫുജൈറയിലെത്തുന്ന സംഘം നാളെ രാവിലെ 10നു സിറ്റി സെന്ററില്‍നിന്നു പ്രയാണം ആരംഭിക്കും. ഫുജൈറ ആശുപത്രി, കോട്ട എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് ഉച്ചയ്ക്കു 2.20നു ഫുജൈറ കോര്‍ണിഷില്‍ സമാപിക്കും. ഏഴു ദിവസം നീളുന്ന പിങ്ക് കാരവന്‍ യുഎഇ റൈഡില്‍ ഡോക്ടര്‍മാരും വൊളന്റിയര്‍മാരുമടക്കമുള്ളവര്‍ പങ്കെടുക്കും. മൊബൈല്‍ ക്ലിനിക്കിന്റെ സൗജന്യ സേവനം സംഘം സന്ദര്‍ശിക്കുന്ന മുപ്പതിലേറെ കേന്ദ്രങ്ങളില്‍ ലഭ്യമാകും. വിദേശികള്‍ക്കും സേവനം സ്വന്തമാക്കാം. 15 ദശലക്ഷം ദിര്‍ഹം ചെലവഴിച്ച് അത്യാധുനിക സജ്ജീകരണങ്ങളോടെയാണ് സ്തനാര്‍ബുദ പരിശോധനയ്ക്കുള്ള മൊബൈല്‍ ക്ലിനിക് ഒരുക്കിയത്. പിങ്ക് കാരവന്‍ റൈഡിനോടനുബന്ധിച്ചു ക്ലിനിക്കിന്റെ സേവനം ലഭ്യമാകുമെന്ന് പിങ്ക് കാരവന്‍ ഉന്നത സംഘാടക സമിതി മേധാവി റീം ബിന്‍ കരം പറഞ്ഞു. ഫ്രണ്ട്‌സ് ഓഫ് കാന്‍സര്‍ പേഷ്യന്റ്‌സാണ് പിങ്ക് കാരവന്‍ റൈഡ് സംഘടിപ്പിക്കുന്നത്.

ഷാര്‍ജ ഉപഭരണാധികാരി ഷെയ്ഖ് അബ്ദുല്ല ബിന്‍ സാലം അല്‍ ഖാസിമിയുടെ സാന്നിധ്യത്തിലായിരുന്നു എട്ടാം പതിപ്പിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി, അദ്ദേഹത്തിന്റെ പത്‌നിയും ഫ്രണ്ട്‌സ് ഓഫ് കാന്‍സര്‍ പേഷ്യന്റ്‌സ് സ്ഥാപകയും റോയല്‍ രക്ഷാധികാരിയുമായ ഷെയ്ഖ ജവഹര്‍ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമി എന്നിവരുടെ രക്ഷാകര്‍ത്തൃത്വത്തിലാണു പരിപാടി.

ഷാര്‍ജയില്‍ പര്യടനം പൂര്‍ത്തിയാക്കിയ സംഘം ഇന്നു ഫുജൈറയില്‍ ബോധവല്‍ക്കരണവും സൗജന്യ മാമോഗ്രഫി പരിശോധനയും നടത്തും. നാളെവരെ ഇവിടെയുണ്ടാകും. മൂന്നിനു റാസല്‍ഖൈമയിലെത്തും. അഞ്ചാം ദിവസമായ നാലിന് ഉമ്മുല്‍ ഖുവൈനിലും അഞ്ചിന് അജ്മാനിലും എത്തും. ആറിന് അജ്മാനില്‍ പര്യടനം നടത്തുന്ന സംഘം അവസാന ദിവസം അബുദാബിയില്‍ സമാപനച്ചടങ്ങുകള്‍ നടത്തും. 30 കേന്ദ്രങ്ങളില്‍ 12 ദിവസം (മാര്‍ച്ച് 11 വരെ) രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെയാണു സൗജന്യ മാമോഗ്രഫി പരിശോധന. ഷാര്‍ജ അല്‍ മജാസ് വാട്ടര്‍ഫ്രണ്ട്, ഫുജൈറ കോര്‍ണിഷ്, ദുബായ് മാള്‍, റാസല്‍ഖൈമ അല്‍ ഖവാസിം കോര്‍ണിഷ്, ഉമ്മുല്‍ഖുവൈന്‍ ഖലീഫാ ആശുപത്രി, അജ്മാന്‍ കോര്‍ണിഷ്, അബുദാബി അല്‍ സീഫ് വില്ലേജ് എന്നിവിടങ്ങളാണു പരിശോധനാ കേന്ദ്രങ്ങള്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *