പട്ടിണി കിടന്നാല്‍ മാത്രം നോമ്പാവില്ല…നിരാഹാരത്തിനൊപ്പം മനസും ശരീരവും വ്രതമനുഷ്ടിക്കേണം….പുണ്യങ്ങള്‍ ചൊരിയുന്ന മറ്റൊരു റമദാന്‍ കൂടി

ഷഫീക്ക്.സിഎം

റമദാന്‍…പുണ്യങ്ങളുടെ പൂക്കാലം…സത്യവിശ്വാസികള്‍ക്കായി ഒരുമാസം…കഴിഞ്ഞു പോയ കാലങ്ങളിലെ പാപക്കറകള്‍ കഴുകിത്തീര്‍ത്ത് പാപമോചനം നേടാനും ലോകരക്ഷിതാവായ അല്ലാഹുവിനെ സ്തുതിക്കാനുമായി ഒരുമാസം. പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് പരിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തും നിസ്‌കരിച്ചും സ്വലാത്തുകള്‍ ചൊല്ലിയും ഭക്തി നിര്‍ഭരമാക്കേണ്ട കാലം. ‘അല്ലയോ സത്യവിശ്വാസികളെ, നിങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടതുപോലെ, നിങ്ങള്‍ ഭയഭക്തിയുള്ളവരാകാന്‍ വേണ്ടി’ എന്നാണ് വിശുദ്ധ ഖുര്‍ആനില്‍ പറയുന്നത്. അതെ റമദാന്‍ നല്‍കുന്നത് യഥാര്‍ത്ഥ ഭയഭക്തിയാണ്. ലോസൃഷ്ടാവിന് മുന്നില്‍ മനസും ശരീരവും സമര്‍പ്പിച്ച് വ്രതമനുഷ്ടിക്കേണ്ട കാലം.

യഥാര്‍ത്ഥത്തില്‍ വ്രതം അനുഷ്ടിക്കുന്നത് വെറും പട്ടിണി കിടന്ന് മാത്രമല്ല. ശരീരത്തിന്റെ ഓരോ അവയവവും വ്രതമനുഷ്ടിക്കേണം. അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് വയര്‍ ഒഴിയുന്നതിലുപരി നാം ഓരോ ശരീരഭാഗത്തെയും റമദാനില്‍ സൂക്ഷിക്കേണ്ടതുണ്ട്. നാവ്,കൈകള്‍,കാലുകള്‍,ഹൃദയം തുടങ്ങി എല്ലാ ശരീര ഭാഗങ്ങളും വ്രതമനുഷ്ടിക്കുന്നുണ്ട്. അതായത് ഈ അവയങ്ങളെ എല്ലാം തെറ്റുകളില്‍ നിന്ന് പിന്‍വലിച്ചാല്‍ മാത്രമേ വ്രതാനുഷ്ടാനം പൂര്‍ണമാകൂ. അതിരാവിലെ അത്താഴം കഴിച്ചാല്‍ പിന്നീട് സുബ്ഹി ബാങ്കിന് ശേഷം വ്രതമാരുംഭിക്കുന്നു. പിന്നീടുള്ള സമയങ്ങളില്‍ മനസിനെയും ശരീരത്തിനെയും തെറ്റുകളിലേക്ക് പോകാതെ പിടിച്ചു കെട്ടണം. പകല്‍ സമയങ്ങളില്‍ പള്ളികളില്‍ പോയി നിസ്‌കാരത്തിലും ഖുര്‍ആന്‍ പാരായണത്തിലും മുഴുകണം. എന്നാല്‍ മാത്രമേ നോമ്പെടുത്തു എന്നതിന് അര്‍ത്ഥം കൈവരുന്നുള്ളൂ.

ജീവിതത്തിലുടനീളം അല്ലാഹുവിന്റെ വിധിവിലക്കുകളനുസരിച്ചും അവനെ സൂക്ഷിച്ചും ഭയപ്പെട്ടും ജീവിക്കുന്നതിനുള്ള പരിശീലനമാണ് റമദാന്‍ പ്രദാനം ചെയ്യുന്നത്. രഹസ്യമായും പരസ്യമായും ദൈവത്തെ അനുസരിക്കാനും അവന് കീഴ്പ്പെട്ട് ജീവിക്കാനും വ്രതാനുഷ്ഠാനം പ്രാപ്തമാക്കുന്നു. ഖുര്‍ആന്റെ അവതീര്‍ണം കൊണ്ട് അനുഗ്രഹിക്കപ്പെട്ട മാസമാണിത്. ആയിരം മാസങ്ങളേക്കാള്‍ പുണ്യം നിറഞ്ഞ ലൈലത്തുല്‍ ഖദ്റും റമദാനിലാണെന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നു. അവിശ്വാസത്തിനും അധര്‍മ്മത്തിനുമെതിരെ വിശ്വാസത്തിന്റെയും ധര്‍മ്മത്തിന്റെയും പതാക ഉയര്‍ന്ന ബദറിന്റെ മാസം കൂടിയാണ് റമദാന്‍. ബദര്‍ യുദ്ധം നടന്നത് റമദാന്‍ 17നാണ്. മക്കാവിജയവും റമദാനിലാണ്.

റമദാന്‍ മാസത്തിലെ വ്രതാനുഷ്ഠാനം ഇസ്ലാമികചര്യയുടെ പഞ്ച സ്തംഭങ്ങളിലൊന്നാണ്. പ്രായപൂര്‍ത്തിയായ, ബുദ്ധിസ്ഥിരതയുള്ള എല്ലാവര്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടമാസണിത്. ദാനധര്‍മ്മങ്ങള്‍ ഒഴുകുന്ന മാസം കൂടിയാണ് റമദാന്‍. ഇല്ലാത്തവന്റെ ദുഃഖം മനസ്സിലാക്കി ഉള്ളവന്റെ മനസ്സലിയിക്കാനും റമദാന്‍ വഴിയൊരുക്കുന്നു. സ്വാര്‍ത്ഥമോഹങ്ങള്‍ മലിനപ്പെടുത്തിയ മനസ്സുകള്‍ വിമലീകരിക്കുന്നതിനും ഹൃദയത്തിലെ കന്മഷങ്ങളുടെ കറ കഴുകിക്കളയുന്നതിനും ഈ ഉപവാസമാസത്തിലെ വിശുദ്ധ രാപ്പകലുകള്‍ സുവര്‍ണാവസരമാകുന്നു.
ആഹാരപാനീയങ്ങള്‍ വര്‍ജിക്കുക മാത്രമല്ല നോമ്പ്. വ്യര്‍ത്ഥവും മ്ലേച്ഛവുമായ വാക്കുകള്‍ വര്‍ജിക്കലുമാണ് നോമ്പ്. നിന്നോട് ആരെങ്കിലും വഴക്കിടുകയോ നിന്നെ ആരെങ്കിലും ചീത്തപറയുകയോ ചെയ്താല്‍ ഞാന്‍ നോമ്പുകാരനാണ് എന്ന് അവനോട് പറയുക.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *