അറബ് രാജ്യങ്ങളില്‍ ഇത്തിരിക്കുഞ്ഞന്‍…ഖത്തറിനെ മിന്നുന്ന അത്ഭുത രാജ്യമാക്കിയതിന് പിന്നിലുള്ള കാരണങ്ങള്‍ ഇവയാണ്

ദോഹ: ഗള്‍ഫ് മേഖലയിലെ ഏറ്റവും ചെറിയ രാജ്യമാണ് ഖത്തര്‍. എന്നാല്‍ എല്ലാത്തിലും മുന്നില്‍ ഖത്തറാണ്. രാജ്യം ഏറെ മുമ്പ് നടപ്പാക്കിയ പല പദ്ധതികളും ഇപ്പോള്‍ മറ്റു ജിസിസി രാജ്യങ്ങള്‍ നടപ്പാക്കുന്നതേയുള്ളൂ. ലോകത്ത് മറ്റൊരു രാജ്യങ്ങള്‍ക്കുമില്ലാത്ത പല പ്രത്യേകതകളുമുള്ള രാജ്യമാണ് ഖത്തര്‍. ഗള്‍ഫില്‍ സ്ത്രീകള്‍ക്ക് ഇത്രയേറെ പരിഗണന നല്‍കിയ രാജ്യം മറ്റൊന്നില്ല എന്നുതന്നെ പറയാം. സൗദി അറേബ്യ സ്ത്രീകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കാന്‍ തുടങ്ങുന്നത് ഈ അടുത്താണ്. പക്ഷേ, അതിനേക്കാള്‍ എത്രയോ മുമ്പ് ഖത്തര്‍ ഇതെല്ലാം നടപ്പാക്കി കഴിഞ്ഞിരുന്നു. ഖത്തര്‍ വെറുതെയല്ല അല്‍ഭുതമായി മാറുന്നത്.

കോടീശ്വരന്‍മാരുടെയും ശതകോടീശ്വരന്‍മാരുടെയും നാടാണ് ഖത്തര്‍. അതുപോലെ തന്നെയാണ് എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശം സംരക്ഷിക്കുന്ന കാര്യത്തിലും ഖത്തര്‍ പ്രത്യേക പരിഗണന നല്‍കുന്നു. സ്ത്രീ ഉന്നമനത്തിന് വേണ്ടി ഖത്തര്‍ ചെയ്ത കാര്യങ്ങള്‍ അറിയേണ്ടതു തന്നെ. ലിംഗത്തിന്റേയോ ഭാഷയുടെയോ മതത്തിന്റെയോ പേരില്‍ വിവേചനം പാടില്ലെന്ന് ഖത്തര്‍ ഭരണഘടനാ തത്വങ്ങളില്‍ പറയുന്നു. കായിക മേഖലയിലടക്കം സ്ത്രീകള്‍ക്ക് ഖത്തര്‍ എത്രയോ മുമ്പ് തന്നെ പ്രാതിനിധ്യം നല്‍കുന്നുണ്ട്. ഗള്‍ഫിലെ പ്രമുഖ രാജ്യങ്ങള്‍ വരെ ഇപ്പോഴാണ് ഇക്കാര്യത്തില്‍ ശ്രദ്ധ പതിപ്പിക്കുന്നത്.

ഖത്തറിന്റെ സുപ്രധാന വിഭാഗമാണ് ശൂറാ കൗണ്‍സില്‍. മതകാര്യങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ സുപ്രധാനമായ പല നിലപാടുകളും സ്വീകരിക്കുന്ന സമിതിയാണിത്. ശൂറാ കൗണ്‍സിലിലേക്ക് നാല് വനിതകളെ നിയമിച്ചിരിക്കുകയാണ് ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ഥാനി. ഖത്തറിലെ വനിതകള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമായിട്ടാണ് ശൂറാ കൗണ്‍സിലിലെ നിയമനം കാണുന്നത്. ഐക്യരാഷ്ട്ര സഭയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധിയും വനിതയാണ്. ശൈഖ അല്യ ബിന്‍ത് അഹ്മദ് അല്‍ഥാനിയാണ് ഐക്യരാഷ്ട്ര സഭയില്‍ ഖത്തറിനെ പ്രതിനിധീകരിക്കുന്നത്.

ജിസിസിയില്‍ സ്ത്രീകള്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശം കൊടുത്ത ആദ്യ രാജ്യവും ഖത്തര്‍ തന്നെ. സര്‍ക്കാരിന്റെ പല സുപ്രധാന വകുപ്പുകളുടെയും തലപ്പത്ത് സ്ത്രീകളാണ്. മാത്രമല്ല, നിരവധി നയതന്ത്ര പ്രതിനിധികളും വനിതകളാണ്. സ്വകാര്യ മേഖലയിലും ഖത്തറില്‍ നിരവധി സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ട്. ഖത്തറില്‍ അഭിഭാഷക രംഗത്ത് വനിത ആദ്യമെത്തിയത് 2000ത്തിലാണ്. ഇവര്‍ തന്നെയാണ് രാജ്യത്തിന്റെ ആദ്യ വനിതാ ജഡ്ജിയും.

ശൈഖ മഹാ മന്‍സൂര്‍ അല്‍ഥാനിയാണ് ഈ വനിത. ഗള്‍ഫ് മേഖലയില്‍ ആദ്യ വനിതാ മന്ത്രി ഖത്തറിലാണ് ചുമതലയേറ്റത്. 2003ല്‍ വിദ്യാഭ്യാസ മന്ത്രിയായ ശൈഖ അഹ്മദ് അല്‍ മഹ്മൂദ് ആണിത്. തുടര്‍ന്ന് സ്ത്രീ വിദ്യാഭ്യാസത്തിന് വേണ്ടി ഖത്തര്‍ കോടികള്‍ വകയിരുത്തുകയും ചെയ്തു. കായിക രംഗത്ത് ഖത്തറില്‍ സ്ത്രീകള്‍ക്ക് അവസരം നല്‍കിയത് 1998ലാണ്. 2000ത്തില്‍ വനിതകള്‍ക്ക് വേണ്ടി പ്രത്യേക സ്പോര്‍ട്സ് കമ്മിറ്റി രൂപീകരിച്ചു. ഖത്തര്‍ ഒളിംപിക് കമ്മിറ്റിയുമായി ഇതിനെ ബന്ധിപ്പിക്കുകയും ചെയ്തു. ഇതൊക്കെ വനിതകള്‍ക്ക് ഖത്തര്‍ നല്‍കിയ പ്രധാന്യമാണെങ്കിലും മറ്റു ചില കാര്യങ്ങളിലും ഖത്തര്‍ നമ്പര്‍ വണ്‍ ആണ്. ഏതാണ് ആ കാര്യങ്ങള്‍..

ലോകത്തിലെ ഏറ്റവും പ്രതിശീര്‍ഷ വരുമാനമുള്ള രാജ്യം ഖത്തറാണ്. 93.84 ലക്ഷം ഇന്ത്യന്‍ രൂപയാണ് ഖത്തറിന്റെ പ്രതിശീര്‍ഷ വരുമാനം. ഖത്തറിനടുത്ത് പോലും അയല്‍രാജ്യങ്ങള്‍ എത്തിയിട്ടില്ല. 30000 കോടീശ്വരന്മരുള്ള രാജ്യമാണ് ഖത്തര്‍. വിദ്യാഭ്യാസ കാര്യത്തില്‍ ഖത്തര്‍ ഗള്‍ഫ് മേഖലയില്‍ ഒന്നാം സ്ഥാനത്താണ്. ആരോഗ്യ കാര്യങ്ങളിലും മേഖലയില്‍ ഖത്തര്‍ തന്നെ നമ്പര്‍ വണ്‍. ലോകത്ത് ആറാം സ്ഥാനവും ഖത്തര്‍ നിലനിര്‍ത്തുന്നു. അഴിമതിക്കെതിരേ സൗദി അറേബ്യ ശക്തമായ നടപടികള്‍ സ്വീകരിച്ചത് അടുത്തിടെ പ്രധാന വാര്‍ത്തയായിരുന്നു. രാജകുമാരന്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെ അറസ്റ്റ് ചെയ്ത സൗദിയുടെ നടപടി ഏറെ പ്രശംസിക്കപ്പെട്ടു. എന്നാല്‍ അഴിമതിക്കെതിരേ പോരാടുന്ന ലോകരാജ്യങ്ങളില്‍ 20ാം സ്ഥാനമാണ് ഖത്തറിനുള്ളത്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *