വീണ്ടും ‘പണി’ തന്ന് സൗദി; ഇനി ടെലികോം, ഐടി മേഖലകളില്‍ സ്വദേശികള്‍ മാത്രം

ജിദ്ദ; ടെലികോം, ഐടി കമ്പോളങ്ങളില്‍ സൗദി ജീവനക്കാരുടെ സാന്നിധ്യം പരമാവധി വര്‍ധിപ്പിക്കുക, യുവതികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുക, സൗദിവല്‍ക്കരണം ഫലപ്രദമാക്കാന്‍ ഉതകുന്ന വിധം സ്വദേശികള്‍ക്ക് ആവശ്യമായ പരിശീലനം ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി മന്ത്രാലയങ്ങള്‍ തമ്മില്‍ ധാരണാ പത്രത്തില്‍ ഒപ്പു വച്ചു. തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തെ പ്രതിനിധീകരിച്ച് മന്ത്രി ഡോ. അലി നാസര്‍ അല്‍ഖഫീസും ടെലികോം, ഐടി മന്ത്രാലയത്തെ പ്രതിനിധീകരിച്ച് മന്ത്രി അബ്ദുല്ല അല്‍സവാഹയുമാണ് ധാരണയില്‍ ഒപ്പിട്ടത്.

വിവിധ മേഖലകളില്‍ നാട്ടുകാരായ യുവതിയുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പാക്കേണ്ടതിന് വ്യത്യസ്ത മന്ത്രാലയങ്ങളും ഏജന്‍സികളും കൂട്ടുത്തരവാദിത്തത്തോടെയും സഹകരണത്തോടെയും യോജിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത തൊഴില്‍ മന്ത്രി ധാരണാപത്രം ഒപ്പിടുന്ന ചടങ്ങില്‍ പറഞ്ഞു. കുറച്ചു കാലമായി സൗദിയില്‍ നടക്കുന്നതും ഇത് തന്നെയാണ്. സൗദിവല്‍ക്കരണം ഫലപ്രദമാക്കാന്‍ അനുബന്ധപ്പെട്ട മന്ത്രാലയങ്ങളും വകുപ്പുകളും ഒന്നിച്ചുള്ള നീക്കങ്ങളാണ് നടന്നുവരുന്നത്. പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതും നടപ്പാക്കുന്നതും തുടര്‍ന്നുള്ള പരിശോധനകളും സംയുക്തമായി നടത്തുന്നു. പുതുതായി ഒപ്പിട്ട തൊഴില്‍ – ഐടി മന്ത്രാലയ കരാര്‍ പ്രകാരം, ഇരു മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട പ്രത്യേക സമിതി രൂപവല്‍ക്കരിക്കുകയും പ്രസ്തുത സമിതി ടെലികോം, ഐടി തൊഴില്‍ കമ്പോളത്തില്‍ ഹ്രസ്വ കാലത്തേക്കും ദീര്‍ഘ കാലത്തേയ്ക്കും വേണ്ട സൗദിവത്കരണ പദ്ധ്വതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യും. സൗദികള്‍ക്ക് മാത്രമായി നീക്കിവെക്കുന്ന തൊഴിലുകള്‍, വനിതാ ജീവനക്കാരുടെ തോത് തുടങ്ങിയവ നിര്‍ണയിക്കുന്നതും ഈ സമിതി ആയിരിക്കും.

സെപ്റ്റംബര്‍11 മുതല്‍ 2019 ജനുവരി ഏഴ് വരെ മൂന്നു ഘട്ടങ്ങളിലായി പൂര്‍ണമായി സ്വദേശിവത്കരിക്കുമെന്ന് ഇതിനകം തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച 12 മേഖലകളിലും ഇതിനുള്ള തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്. വാഹനം, ബൈക്കുകള്‍ എന്നിവ വില്‍ക്കുന്ന കട, റെഡിമെയ്ഡ് വസ്ത്രക്കട, ഹോം, ഓഫിസ് ഫര്‍ണിച്ചര്‍ കടകള്‍, ഇലക്ട്രിക്, ഇലക്ട്രോണിക് കടകള്‍, കണ്ണട കടകള്‍, വാച്ച് കടകള്‍, ആരോഗ്യ, മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍, കെട്ടിട നിര്‍മാണ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, ഓട്ടോ സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍, മധുരപലഹാരകടകള്‍ (പാസ്റ്ററി), പരവതാനി കടകള്‍ എന്നിവയില്‍ നിന്ന് 11 മാസങ്ങള്‍ക്കുള്ളില്‍ പ്രവാസികള്‍ പൂര്‍ണമായി ഒഴിവാകും.മൊബൈല്‍ ഫോണ്‍, സ്വര്‍ണാഭരണം, സ്ത്രീകള്‍ക്കുള്ള സാധനങ്ങള്‍ തുടങ്ങിയവയുടെ കടകളില്‍ ഇതിനകം വിജയകരമായി നടപ്പിലാക്കിക്കഴിഞ്ഞ ആത്മവിശ്വാസത്തിലും ആവേശത്തിലുമാണ് കൂടുതല്‍ കൂടുതല്‍ മേഖലകളുടെ സമ്പൂര്‍ണ തദ്ദേശവത്കരണത്തിലൂടെ തൊഴില്‍ കമ്പോളത്തിലെ സ്വദേശികളുടെയും വനിതകളുടെയും സാന്നിധ്യം പരമാവധി വര്‍ധിപ്പിക്കാനുള്ള സൗദി അധികൃതരുടെ നീക്കം.

തൊഴില്‍ രഹിതരായ സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുക എന്നതിലുപരി ബെനാമി ബിസിനസ്സുകള്‍ തുടച്ചു നീക്കുകയെന്നതും ഈ നടപടികളുടെ ലക്ഷ്യങ്ങളില്‍പ്പെടുന്നു. മാനവ വിഭവ വകുപ്പിന്റെ ‘ഹദഫ്’ പരിപാടിയിലൂടെ സൗദി പൗരന്മാര്‍ക്ക് വിവിധ ജോലികളില്‍ പരിശീലനം നല്‍കുന്നതോടൊപ്പം അവര്‍ക്ക് സ്വന്തമായി കച്ചവട സംരംഭങ്ങള്‍ നടത്തുന്നതിന് യോഗ്യരാക്കുന്ന &ൂൗീ;േതംകീന്‍ (പ്രാപ്തരാക്കല്‍) പരിപാടി കൂടി സൗദി അറേബ്യ ഉടന്‍ നടപ്പില്‍ വരുത്തും. ആഴ്ചകള്‍ക്കകം ഇതിന്റെ പ്രഖ്യാപനം ഉണ്ടായേക്കും. അടുത്തിടെ സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കുന്നതിന് തീരുമാനിച്ച 12 മേഖലകളില്‍ സ്വന്തമായി സ്ഥാപനങ്ങള്‍ നടത്താന്‍ സൗദി പൗരന്മാരെ തംകീന്‍ വഴി പ്രാപ്തരാക്കും.

മാനവ ശേഷി വികസന നിധിയുമായും സാമൂഹിക വികസന ബാങ്കുമായും ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റിയുമായും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. നേടിയ പരിശീലനത്തിലൂടെ ഒരു ജോലിക്കാരനിന്നതിലുപരി ഒരു നിക്ഷേപകനും തൊഴില്‍ ദാതാവും ആയി മാറണമെന്നതാണ് ഇതിന്റെ വിവക്ഷ. സ്വദേശിവല്‍ക്കരണം മൂലം ബിനാമി ഇടപാടില്‍ നടന്നു വരികയായിരുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്ന പ്രവണത ഇതിലൂടെ ഇല്ലായതാക്കാന്‍ സാധിക്കും. സൗദികള്‍ പുതുതായി വിപണിയില്‍ പ്രവേശിക്കാന്‍ ഇത് സഹായിക്കുമെന്നും സ്വന്തം സ്ഥാപനങ്ങള്‍ തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ പരിശീലനവും പത്തു ലക്ഷം വരെ റിയാല്‍ വായ്പയും ലഭ്യമാക്കുമെന്ന് തൊഴില്‍, സാമൂഹ്യ വികസന സഹമന്ത്രി അഹ്മദ് അല്‍ഹുമൈദാന്‍ പറഞ്ഞു. കൂടുതല്‍ മേഖലകള്‍ സ്വദേശിവല്‍ക്കരിക്കുമ്പോള്‍ അപ്രത്യക്ഷമാകുന്ന സ്ഥാപനങ്ങള്‍ സ്വദേശികള്‍ക്ക് നല്ലൊരു അവസരമായിരിക്കുമെന്നും അല്‍ഹുമൈദാന്‍ ചൂണ്ടിക്കാട്ടി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *