സാമ്പത്തിക പ്രതിസന്ധിക്ക് ‘ബൈ’… സൗദിയില്‍ കമ്പനികള്‍ക്ക് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക കൊടുത്തു തീര്‍ക്കാന്‍ ഭരണകൂടം

റിയാദ്: സൗദി അറേബ്യയില്‍ നിന്ന് പ്രതിസന്ധിയുടെ വാര്‍ത്തകളായിരുന്നു ഇതുവരെ വന്നത്. എണ്ണ വില കുറഞ്ഞതിനെ തുടര്‍ന്ന് രൂപപ്പെട്ട സാമ്പത്തിക വെല്ലുവിളികള്‍ നേരിടുന്നതില്‍ സര്‍ക്കാര്‍ പ്രയാസം നേരിടുന്നുവെന്ന വിവരങ്ങള്‍. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി മറിയുകയാണ്. സ്വകാര്യ കമ്പനികള്‍ക്കും ജീവനക്കാര്‍ക്കും ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. കരാറുകള്‍ നല്‍കിയതിന്റെ ഭാഗമായി കമ്പനികള്‍ക്ക് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക ഭരണകൂടം കൊടുത്തു തീര്‍ക്കാന്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം സൗദി രാജാവ് സല്‍മാന്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് നേരത്തെ നല്‍കിയ പല കരാറുകളും മുടങ്ങിയിരുന്നു. സ്വകാര്യകമ്പനികള്‍ക്ക് നല്‍കേണ്ട കോടികള്‍ സമയത്ത് നല്‍കാന്‍ സാധിക്കാതെയും വന്നു. ഈ സാഹചര്യത്തില്‍ നിരവധി കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ സൗദിയിലെ കമ്പനികള്‍ പിരിച്ചുവിടുന്നത് വന്‍ വാര്‍ത്തയായിരുന്നു. എന്നാല്‍, ഇനി സന്തോഷത്തിന്റെ നാളുകള്‍ ആയിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. കമ്പനികള്‍ക്ക് നല്‍കാനുണ്ടായിരുന്ന തുക മുഴുവന്‍ കൊടുത്തു തീര്‍ക്കാനാണ് തീരുമാനം.

സ്വകാര്യ കമ്പനികള്‍ക്ക് മാത്രമല്ല, വിതരണ രംഗത്തെ പ്രമുഖര്‍ക്കും സൗദി വന്‍തുക നല്‍കാന്‍ ബാക്കിയുണ്ട്. ഈ തുക മൊത്തം കൊടുത്തു തീര്‍ക്കും. ഇക്കാര്യങ്ങള്‍ക്ക് വേണ്ടി പ്രത്യേക സമിതിയെ നിയോഗിക്കാനും തീരുമാനിച്ചു. നിരവധി സര്‍ക്കാര്‍ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സമിതിയാണ് നിയോഗിക്കുക. വാണിജ്യ-നിക്ഷേപ മന്ത്രി മാജിദ് അല്‍ ഖസബിയുടെ നേതൃത്വത്തിലായിക്കും സമിതി. സൗദി പ്രസ് ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഈ കമ്മിറ്റിയുടെ പഠനം പൂര്‍ത്തിയായാല്‍ മൊത്തം എത്ര തുക സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാനുണ്ട് എന്ന കൃത്യമായ കണക്ക് ലഭിക്കും. പിന്നീട് തുക കൈമാറാനാണ് തീരുമാനം. മാജിദ് അല്‍ ഖസബിയെ ഉദ്ധരിച്ചാണ് സൗദി പ്രസ് ഏജന്‍സി വാര്‍ത്ത നല്‍കിയിരിക്കുന്നത്.

കൗണ്‍സില്‍ ഓഫ് സൗദി ചേംബേഴ്സ് സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനുള്ള തുകയുടെ ഏകദേശ കണക്ക് നേരത്തെ ശേഖരിച്ചിരുന്നു. ഇവരുമായി ചേര്‍ന്നായിരിക്കും പുതിയ കമ്മിറ്റിയും പ്രവര്‍ത്തിക്കുക. വേഗത്തില്‍ കൊടുത്തു തീര്‍ക്കേണ്ട കമ്പനികളുടെ പട്ടിക കമ്മിറ്റി തയ്യാറാക്കും. സൗദി അറേബ്യയിലെ ഏറ്റവും വലിയ നിര്‍മാണ കമ്പനിയാണ് സൗദി ബിന്‍ലാദിന്‍ ഗ്രൂപ്പ്. ഈ കമ്പനിക്ക് കോടികളാണ് നല്‍കാനുള്ളത്. ഹറമില്‍ ക്രൈന്‍ വീണ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കമ്പനിക്ക് നല്‍കിയിരുന്ന കരാറുകള്‍ ഭരണകൂടം മരവിപ്പിച്ചിരുന്നു.

പണമിടപാടുകള്‍ ശരിയായ രീതിയില്‍ നടക്കാത്ത സാഹചര്യത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ച കമ്പനികളും നിരവധിയാണ്. അതിലൊന്നാണ് സൗദി ഓജര്‍. ഈ കമ്പനി മലയാളികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ പിരിച്ചുവിട്ടത് വന്‍വിവാദമായിരുന്നു. കെട്ടികിടന്നിരുന്ന കുടിശിക ബില്ലുകള്‍ കഴിഞ്ഞ സപ്തംബറില്‍ പരിശോധിക്കുകയും പരമാവധി കൊടുത്തു തീര്‍ക്കുകയും ചെയ്തരുന്നു. ബാക്കിയുള്ള ബില്ലുകളാണ് ഇപ്പോള്‍ കൊടുത്തുതീര്‍ക്കുന്നത്. 52500 കോടി റിയാലാണ് മൊത്തം കൊടുത്തു തീര്‍ക്കാനുള്ളത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *