ആദ്യമായി ഹജ്ജ്, ഉംറ ചെയ്യുന്നവര്‍ക്ക് കോളടിച്ചു…വിസാ ചിലവ് സൗദി രാജാവിന്റെ വക

ജിദ്ദ: ജീവിതത്തില്‍ ആദ്യമായി ഹജ്ജ്, ഉംറ തീര്‍ഥാടനം നിര്‍വഹിക്കുന്നവര്‍ സൗദി ഭരണകൂടത്തിന് വിസക്ക് ഫീസ് നല്‍കേണ്ടതില്ലെന്ന് ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് ബിന്‍തന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടു വന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആദ്യമായി ഹജും ഉംറയും നിര്‍വഹിക്കുന്നവരും വിസാ ഫീസ് വഹിക്കണം എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയ ഉദ്യോഗസ്ഥരും ഹറംകാര്യ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ മന്ത്രി പറഞ്ഞു.

ഇങ്ങനെ ആദ്യമായി തീര്‍ഥാടനത്തിനെത്തുന്നവരുടെ വിസാ ചെലവ് സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. റമദാന്‍ ആസന്നമായ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ്-ഉംറ തീര്‍ഥാടനങ്ങളുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ചേര്‍ന്നതായിരുന്നു യോഗം. ഹജ്, ഉംറ മന്ത്രാലയവും ഹറംകാര്യ വകുപ്പും യോജിപ്പോടെ പ്രവര്‍ത്തിക്കുന്നതു വഴി തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കുന്നതിന് സാധിക്കുമെന്ന് ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് പറഞ്ഞു.

തീര്‍ഥാടന നഗരങ്ങളായ മദീനയിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തുന്ന തീര്‍ഥാടകരെ സ്വീകരിക്കാന്‍ എല്ലാ സൗകര്യങ്ങളും ഒരുങ്ങിക്കഴിഞ്ഞതായി യോഗം വിലയിരിത്തി. ഇവിടങ്ങളിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് വേണ്ടിയുള്ള ഹറം ടാക്സി ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണ്. റമദാനില്‍ ഉംറയ്ക്കെത്തുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. മക്കയിലെയും മദീനയിലെയും പള്ളികളില്‍ റമദാനില്‍ ഭജനമിരിക്കാനെത്തുന്നവര്‍ക്ക് ഇത്തവണ മുകള്‍ നിലയില്‍ പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ ഇത്തവണ ഇഹ്തികാഫ് എന്നറിയപ്പെടുന്ന ഈ ആരാധനയ്ക്ക് അനുവാദം നല്‍കുകയുള്ളൂ എന്നും അധികൃതര്‍ അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *