സൗദി സഖ്യത്തിന്റെ ഉപാധികള്‍ വൈരുദ്ധ്യം നിറഞ്ഞത്‌ ; ഖത്തര്‍ വിദേശകാര്യ മന്ത്രി.

ദോഹ:  സൗദി സഖ്യം മുന്നോട്ടു വച്ച പ്രസ്‌താവനകള്‍ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതും യോജിച്ചു പോവാന്‍ പറ്റാത്തതുമാണെന്ന്‌വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി.

സൗദി, ബഹ്‌റൈന്‍, ഈജിപ്ത്, യു.എ.ഇ. രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരാണ് ഞായറാഴ്ച മനാമയില്‍ യോഗം ചേര്‍ന്നത്. യോഗത്തിനുശേഷം സൗദി സഖ്യം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രസ്താവനകളില്‍ വൈരുദ്ധ്യമുണ്ടെന്ന് മാത്രമല്ല വ്യക്തമായ കാഴ്ചപ്പാട് സൗദി സഖ്യത്തിനില്ലെന്നും ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു.

നേരത്തേ മുന്നോട്ട് വെച്ച പതിമ്മൂന്ന് ഉപാധികളോട് പ്രതികരിച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പ്രഖ്യാപനമാണ് സൗദി സഖ്യം മുന്നോട്ടുവെച്ചത്. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നാണ് നാല് അറബ് രാജ്യങ്ങളും അവകാശപ്പെടുന്നത്. എന്നാല്‍ അവര്‍ മുന്നോട്ടുവെച്ച ഉപാധികള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി. പതിമ്മൂന്ന് ഉപാധികളും കെയ്‌റോയിലെ യോഗത്തിലെ ആറ് തത്ത്വങ്ങളും ഖത്തര്‍ അംഗീകരിക്കണമെന്നാണ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പത്ത് ദിവസത്തിനുള്ളില്‍ ഉപാധിയുടെ സാധുത അവസാനിക്കുമെന്നും പ്രഖ്യാപിച്ചു. ഇതില്‍ത്തന്നെ ഉപാധികളിന്മേലുള്ള അയവില്ലായ്മ വ്യക്തമാണെന്നും ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. കര്‍ക്കശമായ നയവുമായി സൗദിസഖ്യം മുന്നോട്ട് പോകുകയാണെന്നും അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കുന്നുണ്ടെന്ന് കാണിക്കുക മാത്രമാണ് അവര്‍ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഖത്തറിനുമേല്‍ സ്വീകരിച്ച  ഉപരോധ നടപടികള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് അവര്‍ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യങ്ങളുടെ പരമാധികാരവും ദേശീയസുരക്ഷയും കണക്കിലെടുത്താണ് ഖത്തറിന് മേല്‍ നടപടിയെടുത്തതെന്നാണ് സൗദി സഖ്യത്തിന്റെ വാദം. എന്നാല്‍ ഖത്തറിന്റെ പരമാധികാരം ദുര്‍ബലപ്പെടുത്താനാണ് അവര്‍ ആവശ്യപ്പെടുന്നത്. മനുഷ്യാവകാശത്തിന്റെ ആഗോള പ്രഖ്യാപനവും അന്താരാഷ്ട്ര നിയമങ്ങളും സഞ്ചാര സ്വാതന്ത്ര്യവും തുടങ്ങി നിരവധി ലംഘനങ്ങളാണ് അവര്‍ നടത്തുന്നതും. ഇതുതന്നെയാണ് പ്രസ്താവനകളിലെ വൈരുദ്ധ്യമെന്നും അദ്ദേഹം വെളിപ്പെടുത്തി. മന്ത്രിമാരുടെ പ്രസ്താവനകള്‍ അവ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *