സൗദിയില്‍ പിടിമുറുക്കി രണ്ടാം ഘട്ട സ്വദേശിവല്‍ക്കരണം…വിമാനത്താവളങ്ങളും പരിഗണനയില്‍

രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലെ ജോലികള്‍ സ്വദേശികള്‍ക്ക് മാത്രമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ ജിദ്ദ വിമാനത്താവളത്തിലെ ജോലികളാണ് സ്വദേശിവത്കരിക്കുന്നത്. ഇതിന്റെ ഭാഗമായി തൊഴില്‍ മന്ത്രാലയവും വിമാനത്താവള മേധാവികളും വിമാന കമ്പനി മാനേജര്‍മാരും യോഗം ചേര്‍ന്നു. ഏതൊക്കെ തസ്തികകള്‍ ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടും എന്നത് സംബന്ധിച്ച് മന്ത്രാലയം ഉത്തരവ് പ്രകാരമാകും തീരുമാനം എടുക്കുക. ഇതു സംബന്ധിച്ചുള്ള കൂടുതല്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്.

അതിനിടെ, ചെറുകിട മേഖലകളിലടക്കം പ്രഖ്യാപിച്ച പന്ത്രണ്ടു മേഖലകളിലെ സൗദി വല്‍ക്കരണത്തിന്റെ രണ്ടാം ഘട്ടത്തിന് നാളെ മുതല്‍ തുടക്കമാകും. ഇലക്ട്രിക്കല്‍, വാച്ച്, എണ്ണ മേഖലകളിലാണ് സ്വദേശിവത്കരണം വരുന്നത്. എഴുപത് ശതമാനം സ്വദേശികള്‍ കടകളിലുണ്ടാകണമെന്നതാണ് വ്യവസ്ഥ.

ആദ്യഘട്ട പ്രഖ്യാപനത്തില്‍ നൂറു ശതമാനമാണ് സൗദി തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചിരുന്നതെങ്കിലും വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അഭ്യര്‍ത്ഥനകള്‍ മാനിച്ച് എഴുപത് ശതമാനമാക്കി കുറക്കുകയായിരുന്നു. ഇത് പ്രകാരം നിലവില്‍ വരാനിരിക്കുന്നതും നേരത്തെ പ്രഖ്യാപിച്ചതുമായ സ്ഥാപനങ്ങളില്‍ എഴുപത് ശതമാനം സൗദികളും മുപ്പത് ശതമാനം വിദേശി തൊഴിലാകളുമായിരിക്കും ഉണ്ടാകേണ്ടത്.

സെപ്തംബറില്‍ ആരംഭിച്ച ഒന്നാം ഘട്ടത്തില്‍ റെഡിമെയ്ഡ്, വാഹന വില്‍പന, വീട്ടുപകരണ മേഖലകള്‍ ഉള്‍പ്പെട്ടിരുന്നു. 2016ല്‍ മൊബൈല്‍ ഷോപുകള്‍ സ്വദേശിവത്കരിച്ചപ്പോള്‍ പല വിദേശികളും ഇലക്ട്രോണിക് കടകളാക്കിയാണ് പിടിച്ചു നിന്നത്. മറ്റന്നാള്‍ മുതല്‍ തന്നെ പരിശോധനയും സജീവമാകും. ഇതിനാല്‍ ഇവര്‍ പിടിച്ചു നില്‍ക്കാനുള്ള പുതിയ മാര്‍ഗം തേടുകയാണ്.

അതിനിടെ, മുന്നോട്ടു പോകാന്‍ സാധ്യമല്ലെന്നു കണക്കാക്കി നിരവധി വിദേശികള്‍ കടകള്‍ കാലിയാക്കുകയാണ്. വിവിധ നഗരങ്ങളില്‍ മലയാളികളടക്കമുള്ള വിദേശികള്‍ കടകളിലെ സാധനങ്ങള്‍ വിറ്റഴിക്കല്‍ നടത്തുകയാണ്. നൂറു ശതമാനത്തില്‍ നിന്നും എഴുപത് ശതമാനമാക്കി കുറച്ചിട്ടും ഇത്രയും സൗദികളെ വെച്ച് സ്ഥാപനം നടത്തി കൊണ്ട് പോകാന്‍ കഴിയില്ലെന്നതിനാലാണ് കടകള്‍ ഒഴിവാക്കി ജോലി ഉപേക്ഷിക്കുന്നത്.

അതേസമയം, മൂന്നാം ഘട്ടത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍, സ്പെയര്‍ പാര്‍ട്സ് കടകള്‍, കെട്ടിട നിര്‍മാണ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, കാര്‍പെറ്റ് കടകള്‍, ചോക്ലേറ്റ്പലഹാര കടകള്‍ എന്നീ സ്ഥാപനങ്ങളില്‍ അടുത്ത വര്‍ഷം ജനുവരി ഏഴു മുതലും സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കും. ഈ മേഖലകളിലെ മൊത്ത, ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍ക്കെല്ലാം പുതിയ തീരുമാനം ഒരുപോലെ ബാധകമായിരിക്കുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *