ഷാര്‍ജ ഭരണാധികാരി ഞാറാഴ്ച കേരളത്തില്‍ എത്തും

 

ഷാര്‍ജ: യു.എ.ഇ. സുപ്രീം കൗണ്‍സിലംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ത്രിദിനപര്യടനത്തിനായി ഞായറാഴ്ച കേരളത്തിലെത്തുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണംസ്വീകരിച്ചാണ് എഴുത്തുകാരനും ചരിത്രപണ്ഡിതനും കൂടിയായ ശൈഖ് സുല്‍ത്താന്‍ സംസ്ഥാനം സന്ദര്‍ശിക്കുന്നത്. കാലിക്കറ്റ് സര്‍വകലാശാല സമ്മാനിക്കുന്ന ഡി.ലിറ്റ് ബിരുദം അദ്ദേഹം സ്വീകരിക്കും. സുരക്ഷാകാരണങ്ങളാല്‍ ചടങ്ങ് തിരുവനന്തപുരത്ത് രാജ്ഭവനിലാണ് നടക്കുക. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 22ന് ഷാര്‍ജയിലെത്തിയ മുഖ്യമന്ത്രി ഭരണാധികാരിയെ കേരളത്തിലേക്ക് നേരിട്ട് ക്ഷണിച്ചിരുന്നു.

24ന് ഞായറാഴ്ച രാവിലെ 10ന് ശൈഖ് സുല്‍ത്താന്‍ ഷാര്‍ജയില്‍ നിന്ന് പ്രത്യേകവിമാനത്തില്‍ യാത്ര തിരിക്കും. ഉച്ചതിരിഞ്ഞ് മൂന്നിന് തിരുവനന്തപുരത്തെത്തുന്ന അദ്ദേഹത്തെ മുഖ്യമന്ത്രി വിമാനത്താവളത്തില്‍ സ്വീകരിക്കും. അന്ന് പ്രത്യേകിച്ച് പരിപാടികളൊന്നുമില്ല.

തിങ്കളാഴ്ച രാവിലെ 10.30ന് സംസ്ഥാനമന്ത്രിസഭാംഗങ്ങളുമായി സെക്രട്ടേറിയറ്റില്‍ അദ്ദേഹം കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് രാജ്ഭവനില്‍ ഗവര്‍ണര്‍ പി. സദാശിവവുമായി കൂടിക്കാഴ്ച നടത്തും. ഭരണാധികാരിയുടെ ബഹുമാനാര്‍ഥം ഗവര്‍ണര്‍ ഉച്ചവിരുന്നും ഒരുക്കുന്നുണ്ട്. വൈകീട്ട് 6.30ന് ഹോട്ടല്‍ ലീലയില്‍ ഷാര്‍ജ ഭരണാധികാരിക്കായി പ്രത്യേക സാംസ്‌കാരിക പരിപാടികള്‍ ഒരുക്കുന്നുണ്ട്.

ചൊവ്വാഴ്ച രാവിലെ 10ന് മുഖ്യമന്ത്രി ക്ലിഫ്ഹൗസില്‍ ശൈഖ് സുല്‍ത്താന് ചായസല്‍ക്കാരം ഒരുക്കുന്നുണ്ട്. തുടര്‍ന്ന് മുഖ്യമന്ത്രിയോടൊപ്പം കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി.ലിറ്റ് ബിരുദം സ്വീകരിക്കാനായി അദ്ദേഹം രാജ്ഭവനിലേക്ക് തിരിക്കും.

ബുധനാഴ്ച ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ ക്ഷണം സ്വീകരിച്ച് കൊച്ചിയില്‍ ഒരു ദിവസത്തെ സ്വകാര്യ സന്ദര്‍ശനമാണ്. വൈകീട്ട് അദ്ദേഹം ഷാര്‍ജയിലേക്ക് മടങ്ങും.

ഷാര്‍ജ മീഡിയ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ്, ഷാര്‍ജ റൂളേഴ്‌സ് കോര്‍ട്ട് ചെയര്‍മാന്‍ ശൈഖ് സാലെം ബിന്‍ അബ്ദുള്‍ റഹ്മാന്‍, ഷാര്‍ജ പെട്രോളിയം കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ശൈഖ് ഫാഹിം അല്‍ ഖാസിമി, ഷാര്‍ജ കള്‍ച്ചര്‍ അതോറിറ്റി ചെയര്‍മാന്‍ അബ്ദുള്ള അല്‍ ഒവൈസ്, ഷാര്‍ജ ഭരണാധികാരിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഒമര്‍ സൈദ് മുഹമ്മദ് എന്നിവര്‍ക്കൊപ്പം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം എന്നിവരും ഔദ്യോഗിക പ്രതിനിധി സംഘത്തിലുണ്ടാവും.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *