ദുബായ്; ദുബായിലുണ്ടായിട്ടും ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിര്‍മിത കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ കയറാത്തവര്‍ വിഷമിക്കേണ്ട, ഈ വേനലവധിയില്‍ നിങ്ങളെ കാത്ത് അറ്റ് ദ് ടോപില്‍ മൊധേഷും കൂട്ടരുമുണ്ട്. 112-ാം നിലയില്‍ നടക്കുന്ന മഞ്ഞച്ചിരിക്കുട്ടന്റെ അഞ്ച് ഷോകള്‍, മിനി കാര്‍ണിവല്‍ ഗെയിംസ്, മറ്റു വിനോദ പരിപാടികള്‍ തുടങ്ങിയവയടങ്ങുന്ന സ്പെഷല്‍ പാക്കേജിന് ഒരാള്‍ക്ക് 150 ദിര്‍ഹം മാത്രം നല്കിയാല് മതി. ബുര്‍ജ് ഖലീഫ വെബ് സൈറ്റ് സന്ദര്‍ശിച്ച് ടിക്കറ്റുകള്‍ സ്വന്തമാക്കാം.
ദുബായ് മെട്രോ യാത്രക്കാര്‍ക്ക് കണ്ണഞ്ചിപ്പിക്കുന്ന മറ്റൊരു ഓഫര്‍ കൂടി. മെട്രോ സ്റ്റേഷനുകളില്‍ നിന്ന് യാത്രക്കാര്‍ക്ക് ലഭിക്കുന്ന ഡിസ്കൗണ്ട് വൗച്ചര്‍ ബുര്‍ജ് ഖലീഫയിലെ ഗ്രൗണ്ട് ഫ്ലോറില്‍ പ്രവര്‍ത്തിക്കുന്ന അറ്റ് ദ് ടോപിലെ ടിക്കറ്റ് കൗണ്ടറുകളിലേല്പിച്ചാല് 50 % ഇളവ് ലഭിക്കും. വെറും 75 ദിര്‍ഹത്തിന് 124, 125 നിലകള്‍ സന്ദര്‍ശിക്കാനും 112-ാം നിലയിലെ മൊധേഷ് വേള്‍ഡിലെ പരിപാടികള്‍ ആസ്വദിക്കാനും സാധിക്കും. സന്ദര്‍ശകര്‍ എമിറേറ്റ്സ് ഐഡി കൈയില്‍ കരുതാന്‍ മറക്കരുത്. തിരഞ്ഞെടുത്ത മെട്രോ സ്റ്റേഷനുകളില്‍ നിന്നാണ് ഈ വൗച്ചര്‍ ലഭിക്കുക. വിശദ വിവരങ്ങള്‍ ബുര്‍ജ് ഖലീഫ വെബ് സൈറ്റില്‍ ലഭ്യമാണ്. ഓര്‍മിക്കുക, ഈ ആനുകൂല്യങ്ങള്‍ ഓഗസ്റ്റ് 25 വരെ മാത്രമേ ലഭിക്കുകയുള്ളൂ. ദുബായ് വേനല്‍ വിസ്മയത്തിന്റെ(ഡിഎസ്എസ്) ഭാഗമായാണ് ബുര്‍ജ് ഖലീഫയിലെ മൊധേഷ് പരിപാടികളെന്ന് അധികൃതര്‍ പറഞ്ഞു.
ദുബായ് ഷെയ്ഖ് സായിദ് റോഡിനടുത്തെ ഡൗണ്ടൗണില് സ്ഥിതി ചെയ്യുന്ന ലോക വിനോദ സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമായ ബുര്‍ജ് ഖലീഫയ്ക്ക് 828 മീറ്റര്‍ (2,716.5 അടി) ഉയരമാണുള്ളത്. 200ലേറെ നിലകളുണ്ട്. ഇതില്‍ 160 നിലകളിലും ആളുകള്‍ താമസിക്കുന്നു. കൂടുതലറിയാന്‍: www.burjkhalifa.ae