വാഹനത്തില്‍ കുടുങ്ങി കുരുന്നുകളുടെ മരണം…കര്‍ശന ശിക്ഷാ നടപടികളുമായി അബുദാബി ശിശുക്ഷേമ വകുപ്പ്

അബുദാബി; വാഹനങ്ങള്‍ക്കുള്ളില്‍ കുട്ടികള്‍ കുടുങ്ങിയുണ്ടാകുന്ന അപകടങ്ങള്‍ക്കു കാരണക്കാരാകുന്നവര്‍ക്കു കടുത്ത ശിക്ഷ നല്‍കണമെന്നു ശിശുക്ഷേമവകുപ്പ്. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇത്തരം പത്ത് അപകടങ്ങളാണു രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തത്.

ചൂടുകാലമാകുന്നതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ അവബോധം ആവശ്യമാണെന്നും ആഭ്യന്തര വകുപ്പിനു കീഴിലുള്ള ശിശുക്ഷേമ വിഭാഗം വ്യക്തമാക്കി. അശ്രദ്ധമൂലം കുഞ്ഞുങ്ങളുടെ ജീവന്‍ അപായപ്പെടുത്തുന്നവര്‍ക്കു തടവുശിക്ഷ ലഭിക്കും വിധത്തില്‍ നിയമം ആവശ്യമാണ്. രക്ഷിതാക്കളുടെ അശ്രദ്ധമൂലം വാഹനങ്ങളില്‍ കുട്ടികള്‍ കുടുങ്ങുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതു ദുഃഖകരമാണ്. കുട്ടികള്‍ അകത്തുണ്ടെന്ന ഓര്‍മയില്ലാതെ വാഹനം പൂട്ടി പോകുന്നവര്‍ ദുരന്തം ക്ഷണിച്ചുവരുത്തുകയാണ്. സാധനങ്ങള്‍ വാങ്ങി പെട്ടെന്നു തിരിച്ചെത്താമെന്നു കരുതി പോയവര്‍ക്കും ദുരന്തം നേരിടേണ്ടിവന്നു.

ആളുകള്‍ യഥാസമയം കണ്ട് പൊലീസില്‍ വിവരം അറിയിച്ചതിനാല്‍ ചില കുട്ടികള്‍ക്കു ജീവന്‍ തിരിച്ചുകിട്ടി. ചൂടുകാലത്ത് വാഹനത്തില്‍ അടച്ചിട്ടാല്‍ ശ്വാസതടസ്സം മൂലം മരണം സംഭവിക്കാന്‍ സാധ്യത കൂടുതലാണെന്ന് അബുദാബി സിവില്‍ ഡിഫന്‍സ് ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് മഅയൂഫ് അല്‍ കിത്ബി പറഞ്ഞു. കുട്ടികളുടെ കൈയില്‍ വാഹനത്തിന്റെ താക്കോല്‍ നല്‍കി പോകുന്നതും സുരക്ഷിതമല്ല. ഉറങ്ങുന്ന കുട്ടികളെ ഉണര്‍ത്താന്‍ കഴിയുന്ന ആധുനിക ഉപകരണങ്ങള്‍ വാഹനത്തില്‍ ഘടിപ്പിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. വാഹനത്തിന്റെ ചില്ലുകള്‍ അല്‍പം താഴ്ത്തി വയ്ക്കാന്‍കൂടി മറന്നാണു ചിലര്‍ കുട്ടികളെ അപകടത്തിലേക്കു തള്ളുന്നത്. ഫെഡറല്‍ നിയമപ്രകാരം 5000 ദിര്‍ഹം പിഴയാണ് ഇതിനുള്ള ശിക്ഷ. പിഴ പതിനായിരമാക്കി ഉയര്‍ത്തുകയും കുറ്റക്കാരനു തടവുശിക്ഷയും ലഭിച്ചാല്‍ ഇത്തരം കേസുകളില്‍ കുറവുണ്ടാകുമെന്നു കരുതുന്നു.

അടച്ചിട്ട വാഹനത്തില്‍ 10 മിനിറ്റില്‍ കൂടുതല്‍ കുട്ടികള്‍ക്കു കഴിയാനാവില്ല

പത്തുമിനിറ്റിലധികം അടച്ചിട്ട വാഹനത്തില്‍ കഴിയാന്‍ കുട്ടികള്‍ക്ക് ആകില്ലെന്നാണു ശിശുരോഗ വിദഗ്ധരുടെ മുന്നറിയിപ്പ്. ഇത്തരം കേസുകളില്‍ പൊലീസും സിവില്‍ ഡിഫന്‍സുമാണു രക്ഷകരാകുന്നത്. രക്ഷിതാക്കളുടെ അലംഭാവം ആവര്‍ത്തിക്കാതിരിക്കാന്‍ നിലവിലുള്ള ശിക്ഷ കനപ്പിക്കുകയും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും വേണമെന്ന് ശിശുക്ഷേമ വകുപ്പധികൃതര്‍ ആവശ്യപ്പെട്ടു.

കുട്ടികളെ വാഹനത്തിനുള്ളില്‍ സുരക്ഷിതമാക്കുന്നതു സംബന്ധിച്ചുള്ള സ്റ്റിക്കറുകളും ബ്രോഷറുകളും വാഹന ഉടമകള്‍ക്കു കമ്പനികള്‍ നല്‍കണം. വിവിധ ഭാഷകളിലുള്ള ലഘുലേഖകളും സ്റ്റിക്കറുകളും വിതരണം ചെയ്യാന്‍ അലോചനയുണ്ട്. ‘നിങ്ങളുടെ കുട്ടിയുടെ സുരക്ഷ നിങ്ങളുടെ ഉത്തരാവാദിത്തം’ എന്ന പ്രമേയത്തില്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും നിര്‍ദേശിച്ചു.

കഴിഞ്ഞ വര്‍ഷങ്ങളിലെ അപകടങ്ങള്‍ ഒറ്റനോട്ടത്തില്‍

1. കഴിഞ്ഞ ഫെബ്രുവരിയില്‍ അബുദാബിയിലെ അല്‍ബുതീനയില്‍ കാറില്‍ കുടുങ്ങിയ കുട്ടിയെ തലസ്ഥാന പൊലീസ് രക്ഷപ്പെടുത്തി.

2. കഴിഞ്ഞ സെപ്റ്റംബറില്‍ ആറുവയസ്സായ സ്വദേശി പെണ്‍കുട്ടി അബുദാബിയില്‍ വാഹനത്തില്‍ ശ്വാസം മുട്ടി മരിച്ചു. ആറുമണിക്കൂറാണു രക്ഷിതാക്കള്‍ കുട്ടിയെ അടച്ചിട്ടവാഹനത്തില്‍ ഇരുത്തി പോയത്.

3. റാസല്‍ ഖൈമയില്‍ ഓഗസ്റ്റില്‍ ഏഴുമാസം പ്രായമായ കുഞ്ഞിനെ അടച്ചിട്ട വാഹനത്തില്‍നിന്നു സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. തൊട്ടടുത്ത വ്യാപാരസ്ഥാപനത്തില്‍ ഷോപ്പിങ്ങില്‍ ആയിരുന്നു രക്ഷിതാക്കള്‍. അജ്മാന്‍ റോളയില്‍ 20 മാസമായ കുഞ്ഞിനാണു സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരുടെ അവസരോചിതമായ ഇടപെടലില്‍ ജീവന്‍ തിരിച്ചുകിട്ടിയത്.

4. 2014 ല്‍ മലയാളി നഴ്സറി വിദ്യാര്‍ഥിനി അബുദാബിയിലെ സ്വകാര്യ സ്‌കൂള്‍ ബസില്‍ മരിച്ചു. കുട്ടി സ്‌കൂളില്‍ വരാത്തതു സംബന്ധിച്ച അന്വേഷണത്തിലാണു ശ്വാസം മുട്ടി മരിച്ച നിലയില്‍ ബസില്‍ കാണപ്പെട്ടത്

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *