മെഡി.കമ്മിഷന്‍ റൗണ്ട് എബൗട്ടില്‍ ശനി മുതല്‍ ഗതാഗത ക്രമീകരണം…

ദോഹ; ഖത്തര്‍ മലയാളികള്‍ക്കിടയില്‍ മെഡിക്കല്‍ കമ്മിഷന്‍ റൗണ്ട്എബൗട്ട് എന്നറിയപ്പെടുന്ന മിസൈമീര്‍ ഇന്റര്‍സെക്ഷനില്‍ ശനി മുതല്‍ പൊതുഗതാഗത ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ അഷ്ഗാല്‍ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തുന്നു. ഇവിടെയുള്ള അല്‍ ഒബയ്ദ്ലി മേല്‍പാലവും(മെറ്റല്‍ ബ്രിഡ്ജ്) ശനിയാഴ്ച അടയ്ക്കുമെന്ന് അഷ്ഗാല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ദോഹയിലേക്കും ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്കും ഓള്‍ഡ് എയര്‍പോര്‍ട്ട് ഭാഗത്തേക്കും തടസ്സമില്ലാത്ത ഗതാഗതം സാധ്യമാക്കാന്‍ ബഹുനില ഇന്റര്‍സെക്ഷന്‍ നിര്‍മിക്കാനാണു രണ്ടുവര്‍ഷത്തേക്ക് അല്‍ ഒബയ്ദ്ലി മേല്‍പാലം അടയ്ക്കുന്നതും ഗതാഗതം പുനഃക്രമീകരിക്കുന്നതും. ശനി മുതല്‍ ദോഹ അതിവേഗ പാതയിലൂടെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്കോ ഇ-റിങ് റോഡിലേക്കോ വരുന്നവര്‍ റൗണ്ട് എബൗട്ടിനു മുമ്പായി വലത്തേക്കുള്ള പുതിയ വണ്‍വേയിലൂടെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്കുള്ള റോഡില്‍ പ്രവേശിക്കണം. ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് പുതിയ സിഗ്‌നല്‍ ലൈറ്റ് സ്ഥാപിച്ചിട്ടുണ്ട്.

ഈ സിഗ്‌നലിലെ നിര്‍ദേശം പാലിച്ചുവേണം വാഹനങ്ങള്‍ ഇ-റിങ് റോഡിലേക്കും ഇ-റിങ് റോഡില്‍ നിന്നുള്ള വാഹനങ്ങള്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡിലേക്കും പ്രവേശിക്കാന്‍. ഇ-റിങ് റോഡില്‍നിന്ന് ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡിലേക്കും തിരിച്ചും കടക്കാന്‍ ഇരുദിശകളിലേക്കുമായി പുതിയ പാതയും നിര്‍മിച്ചിട്ടുണ്ട്. പുതിയ പാത ഇ-റിങ് റോഡില്‍ സംഗമിക്കുന്നിടത്തും പുതിയ സിഗ്‌നല്‍ലൈറ്റ് സ്ഥാപിച്ചിട്ടുണ്ട്. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്കു പോകേണ്ടവര്‍ ഇവിടത്തെ സിഗ്‌നല്‍ പാലിച്ച് ഇടത്തേക്കു തിരിഞ്ഞ് പുതിയ പാതയിലൂടെ പോകണം. ഇ-റിങ് റോഡില്‍നിന്നു ദോഹ ഭാഗത്തേക്കു പോകേണ്ടവര്‍ക്കായി റവ്ദ അല്‍ ഖെയ്ല്‍ സ്ട്രീറ്റിലേക്കും ദോഹയില്‍നിന്ന് അല്‍ ഖെയ്ല്‍ സ്ട്രീറ്റിലൂടെ വന്ന് ദോഹ എക്സ്പ്രസ് വേയിലൂടെ രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളിലേക്കു പോകേണ്ടവര്‍ക്ക് ഇന്റര്‍ സെക്ഷനു തൊട്ടുമുമ്പായി വലത്തേക്കു സ്വതന്ത്ര തിരിവുകളും (ഫ്രീ റൈറ്റ്) ഉണ്ട്.

അല്‍ ഖയ്ല്‍ സ്ട്രീറ്റില്‍നിന്ന് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്കു പോകേണ്ടവര്‍ റൗണ്ട് എബൗട്ടിനു മുമ്പ് വലത്തേക്കു തിരിഞ്ഞ് മുന്നോട്ടുപോയി അടുത്ത സിഗ്‌നലില്‍നിന്ന് യു-ടേണ്‍ എടുത്താണു പോകേണ്ടത്. എല്ലാദിശകളിലേക്കുമുള്ള ഗതാഗതം സംബന്ധിച്ചു ട്രാഫിക് സൈന്‍ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും വാഹനമോടിക്കുന്നവര്‍ ഇവ ശ്രദ്ധിച്ചു മുന്നോട്ടുപോകണമെന്നും അപകടമൊഴിവാക്കാന്‍ വേഗപരിധി കര്‍ശനമായി പാലിക്കണമെന്നും അഷ്ഗാല്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *