അജ്മാനിലെ ഫ്‌ളാറ്റില്‍ പൂട്ടിയിട്ടത് താനടക്കം അഞ്ചോളം യുവതികളെ…യുഎഇയില്‍ നിന്ന് ഒമാനിലേക്കും പിന്നീട് ഷാര്‍ജയിലേക്കും ബലമായി കൊണ്ടുപോയി; കോഴിക്കോട്ടെ ഉബൈസ ഗള്‍ഫ് ചതിയന്‍മാരുടെ അവസാന ഇര

ദുബായ്; വീട്ടുജോലിക്ക് യുഎഇയിലെത്തുകയും പിന്നീട് കാണാതാവുകയും ചെയ്ത മലയാളി വീട്ടമ്മയെ സാമൂഹിക പ്രവര്‍ത്തകരുടെ ശ്രമഫലമായി കണ്ടെത്തി. കോഴിക്കോട് കുന്ദമംഗലം പെരിങ്ങളത്ത് മുനീര്‍ നടുക്കുന്നിലിന്റെ ഭാര്യ ഉബൈസയെ (40)യായിരുന്നു 15 ദിവസം മുന്‍പ് കാണാതായത്. ഇതുസംബന്ധിച്ച് മുനീര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഡ്രൈവറായിരുന്ന മുനീറിന് വാഹനാപകടത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് ജോലി ചെയ്യാന്‍ സാധിക്കാതെ വരികയും മൂന്ന് പെണ്‍മക്കളടങ്ങുന്ന കുടുംബത്തിന് നിത്യച്ചെലവിന് വഴി കണ്ടെത്താനാകാതെ പ്രതിസന്ധിയിലാവുകയും ചെയ്തപ്പോഴായിരുന്നു ഉബൈസ ഗള്‍ഫില്‍ വീട്ടു ജോലിക്ക് വരാന്‍ തീരുമാനിച്ചത്. മുനീറിന്റെ പരിചയക്കാരന്‍ മുഹമ്മദ് വഴി കോഴിക്കോട്ടെ ട്രാവല്‍ ഏജന്‍സിയിലെ ഒരാളെ പരിചയപ്പെടുകയും ഇദ്ദേഹം സന്ദര്‍ശക വിസയും വിമാന ടിക്കറ്റും സംഘടിപ്പിച്ച് നല്‍കുകയുമായിരുന്നു.

കഴിഞ്ഞ നവംബര്‍ 30ന് ഉബൈസയെ ഡല്‍ഹിയില്‍ നിന്നായിരുന്നു യുഎഇയിലേയ്ക്ക് കയറ്റിയയച്ചത്. ഇവിടെയെത്തിയ ശേഷം 12 ദിവസത്തോളം ഒരു ഫ്‌ലാറ്റില്‍ താമസിപ്പിച്ചു. ഇവിടെ വേറെയും യുവതികളുണ്ടായിരുന്നു. ഹിന്ദി സംസാരിക്കുന്ന ഒരു സ്ത്രീയും അവരുടെ ഭര്‍ത്താവുമായിരുന്നു ഫ്‌ളാറ്റിന് മേല്‍നോട്ടം വഹിച്ചിരുന്നത്. പിന്നീട്, യുഎഇയില്‍ വീട്ടുജോലി സാധ്യത കുറവാണെന്ന് പറഞ്ഞ് ഡിസംബര്‍ 12ന് ഒമാനിലേയ്ക്ക് കൊണ്ടുപോയി. അവിടെയും കുറേദിവസം ഒരു സ്വദേശി വീട്ടില്‍ ജോലി ചെയ്തു. എന്നാല്‍, മുട്ടുവേദനയുണ്ടായപ്പോള്‍ ചികിത്സിക്കാന്‍ പോലും നല്‍കാന്‍ തയ്യാറായില്ല.

ഒമാനില്‍ നിന്ന് ഒരിക്കല്‍ ഉബൈസ മുനീറുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നു. പിന്നീട് യാതൊരു ബന്ധവുമുണ്ടായില്ല. വീട്ടുജോലി ചെയ്യാന്‍ സാധിക്കാതെ വന്നപ്പോള്‍ മസ്‌കത്തിലെ ഒരു ഓഫിസില്‍ കൊണ്ടുപോയി നിര്‍ത്തി. എന്നാല്‍, ഫോണ്‍ വിളിക്കാനോ മറ്റോ സമ്മതിച്ചില്ല. ഇതിനിടെ, ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് മുനീര്‍ സമൂഹ മാധ്യമങ്ങളില്‍ വിഡിയോ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നായിരുന്നു ദുബായിലെ സാമൂഹിക പ്രവര്‍ത്തകരായ ഫൈസല്‍ കാനോത്ത്, നസീര്‍ വാടാനപ്പള്ളി, സിറാജ് തുടങ്ങിയവരും വേള്‍ഡ് മലയാളി ഫെഡറേഷന്‍, ദുബായ് പിആര്‍ഒ അസോസിയേഷന്‍ പ്രവര്‍ത്തകരും പ്രശ്‌നത്തിലിടപ്പെട്ടത്.

ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഉബൈസയുടെ യാത്ര രേഖകള്‍ ശേഖരിച്ച ശേഷം ഏജന്‍സിയുടെ ഒമാനിലെ ആള്‍ക്കാരുമായി ബന്ധപ്പെട്ടു. ഉബൈസയെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ ഭയന്ന സംഘം ഉബൈസയെ തിരിച്ച് യുഎഇയിലേയ്ക്ക് കയറ്റി അയച്ചു. പിന്നീട്, ദുബായിലെ ഏജന്‍സി കുറേ ദിവസം അജ്മാനിലെ ഒരു ഫ്‌ലാറ്റില്‍ പൂട്ടിയിട്ടു. അനാശാസ്യത്തിന് വഴങ്ങാത്തതിനെ തുടര്‍ന്ന് പൂട്ടിയിട്ട വേറെയും നാലോളം യുവതികള്‍ അവിടെയുണ്ടായിരുന്നുവെന്ന് ഉബൈസ പറഞ്ഞു.

സംഭവം പന്തികേടല്ലെന്ന് തിരിച്ചറിഞ്ഞ സംഘം കഴിഞ്ഞ വ്യാഴാഴ്ച ഉബൈസയെ ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തില്‍ കൊണ്ടുവിട്ട് രക്ഷപ്പെടുകയായിരുന്നു. വീണ്ടും ദുബായിലെത്തിയ ശേഷം മേല്‍നോട്ടക്കാരിയായ യുവതി തന്നെ മര്‍ദിച്ചതായി ഉബൈസ പരാതിപ്പെട്ടു. ഒമാനിലെ വീട്ടുജോലി ചെയ്ത വകയില്‍ തരാനുണ്ടായിരുന്ന ശമ്പളവും ലഭിച്ചിരുന്നില്ല. മൂന്ന് പെണ്മക്കളുമായി വാടക വീട്ടില്‍ കഴിയുന്ന മുനീറിന് അപകടത്തില്‍ സാരമായ പരുക്കേറ്റിരുന്നു. കൈകാലുകള്‍ക്ക് സ്വാധീനം നഷ്ടപ്പെട്ടതിനാലാണ് ജോലി ചെയ്യാന്‍ സാധിക്കാതെ വന്നത്. ഉബൈസയെ ശനിയാഴ്ച രാവിലെ നാട്ടിലേയ്ക്ക് കയറ്റിയയച്ചതായി നസീര്‍ വാടാനപ്പള്ളി പറഞ്ഞു.

ചതിക്കുഴികള്‍ അവസാനിക്കുന്നില്ല…

വിസ ഏജന്റുമാരുടെ ചതിക്കുഴിയില്‍ പെട്ട് ദുരിതത്തിലാകുന്ന ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികളുടെ കഥയാണ് വീണ്ടും പുറത്തു വരുന്നത്. ഗാര്‍ഹിക തൊഴിലാളികളെ യുഎഇയിലേയ്ക്ക് അടക്കം ഗള്‍ഫിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്നതിന് ശക്തമായ നിയമങ്ങളുണ്ടെങ്കിലും അതെല്ലാം വിസ ഏജന്റുമാര്‍ കാറ്റില്‍ പറത്തുന്നു. കേരളത്തിലെ വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാണെന്നതിനാല്‍ ഡല്‍ഹി പോലുള്ള വിമാനത്താവളങ്ങളാണ് ഇവര്‍ പഴുതുകളാക്കുന്നത്. ഉബൈസയെ സന്ദര്‍ശക വിസയില്‍ ഡല്‍ഹിയില്‍ നിന്ന് കയറ്റിവിട്ടത് ഇതുകൊണ്ടാണ്. ഇത്തരത്തിലുള്ള ഒട്ടേറെ പരാതികളാണ് അധികൃതര്‍ക്ക് മുന്നിലെത്തുന്നത

ഗാര്‍ഹിക തൊഴിലാളികളുടെ തൊഴില്‍ സുരക്ഷയും ക്ഷേമ കാര്യങ്ങളും ഉറപ്പാക്കുന്നതിന് ഒട്ടേറെ നിയമങ്ങള്‍ യുഎഇ അധികൃതര്‍ നടപ്പാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളുമായി കരാറുകളും ഒപ്പുവച്ചിട്ടുണ്ട്. ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളും ഇതുസംബന്ധിച്ച് കര്‍ശനം നിയമം പരിപാലിക്കുന്നു. അതുകൊണ്ടുതന്നെ നിയമപരമായി എത്തിയാ ഒരു ഗാര്‍ഹിക തൊഴിലാളിക്കും അവരുടെ അവകാശങ്ങള്‍ നിക്ഷേധിക്കപ്പെടുന്ന അവസ്ഥ യുഎഇയില്‍ ഉണ്ടാവില്ല. എന്നാല്‍ ഇന്ത്യയിലെ ചില ട്രാവല്‍ ഏജന്‍സികള്‍ താല്‍കാലിക ലാഭം പ്രതീക്ഷിച്ച് പാവപ്പെട്ട കുടുംബാംഗങ്ങളായ വനിതകളെ പ്രലോഭിപ്പിച്ച് ഗള്‍ഫിലെത്തിക്കുന്ന സംഭവം തുടര്‍ക്കഥയാവുകയാണ്.

ജീവിതം വഴിമുട്ടുമ്പോള്‍ നിര്‍ധന കുടുംബങ്ങളിലെ യുവതികള്‍ മറ്റൊന്നും ആലോചിക്കാതെ ഗള്‍ഫിലേയ്ക്ക് കയറി വരാന്‍ തയ്യാറാകുന്നു. ഇത് മുതലാക്കാന്‍ കഴുകന്‍ കണ്ണുകളുമായി ഏജന്റുമാര്‍ കേരളത്തിലെ ഗ്രാമങ്ങളില്‍ വട്ടമിട്ടു പറക്കുന്നുണ്ട്. കൃത്യമായ വിസയിലാണോ ഇങ്ങോട്ട് യാത്ര എന്ന് ആദ്യം പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ, ഏജന്‍സിയുടെ അംഗീകാരവും പരിശോധിക്കണം. ഇത്തരം കാര്യങ്ങളില്‍ നാട്ടിലാണ് ബോധവത്കരണം വേണ്ടത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *