---
title: "യുക്രെയിനിലെ സംഘർഷം; പരിഹരിക്കുന്നതിന് ആവശ്യമായതെല്ലാം ചെയ്യാൻ സൗദി അറേബ്യ തയാറാണെന്ന്​ വിദേശകാര്യ മ​ന്ത്രി "
english_title: "The foreign minister said that Saudi Arabia is ready to do whatever it takes to resolve the conflict in Ukraine"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/102392/the-foreign-minister-said-that-saudi-arabia-is-ready-to-do-whatever-it-takes-to-resolve-the-conflict-in-ukraine"
published_at: "2023-03-10T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640b3def419ee_soudi_ukrain.jpg"
keywords: []
---

# യുക്രെയിനിലെ സംഘർഷം; പരിഹരിക്കുന്നതിന് ആവശ്യമായതെല്ലാം ചെയ്യാൻ സൗദി അറേബ്യ തയാറാണെന്ന്​ വിദേശകാര്യ മ​ന്ത്രി 

> **Lead Summary:** **ജിദ്ദ: **യുക്രെയിനിലെ സംഘർഷം പരിഹരിക്കുന്നതിന് ആവശ്യമായതെല്ലാം ചെയ്യാൻ സൗദി അറേബ്യ തയാറാണെന്ന്​ വിദേശകാര്യ മ​ന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ വ്യക്തമാക്കി. മോസ്കോയും കീവും തമ്മിലുള്ള സംഭാഷണം സുഗമമാക്കാൻ സൗദി അറേബ്യ സന്നദ്ധമാണ്​​.

## Article Content

**ജിദ്ദ: **യുക്രെയിനിലെ സംഘർഷം പരിഹരിക്കുന്നതിന് ആവശ്യമായതെല്ലാം ചെയ്യാൻ സൗദി അറേബ്യ തയാറാണെന്ന്​ വിദേശകാര്യ മ​ന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ വ്യക്തമാക്കി. മോസ്കോയും കീവും തമ്മിലുള്ള സംഭാഷണം സുഗമമാക്കാൻ സൗദി അറേബ്യ സന്നദ്ധമാണ്​​.

റഷ്യയും യുക്രെയ്നും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ തങ്ങളാൽ ശ്രമം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യൻ പര്യടനത്തിനിടെ മോസ്​കോയിൽ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോ​യോടൊപ്പം​ നടത്തിയ വാർത്താസമ്മേളനത്തിലാണ്​ സൗദി മന്ത്രി നിലപാട്​ വ്യക്തമാക്കിയത്​.

റഷ്യയുമായി എല്ലാ തലങ്ങളിലും ബന്ധം ശക്തിപ്പെടുത്താനും വികസിപ്പിക്കാനും സൗദി അറേബ്യ ശ്രമം തുടരുകയാണ്​. ഇന്നത്തെ ചർച്ചകൾ കാഴ്​ചപ്പാടുകൾ ഏകീകരിക്കുന്നതിനും ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സംഭാവന ചെയ്യുമെന്ന്​ പ്രതീക്ഷിക്കുന്നു.

ലോകത്തെ ബാധിക്കുന്ന വെല്ലുവിളികളെക്കുറിച്ച് ലാവ്‌റോവുമായി ചർച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു. അന്താരാഷ്‌ട്ര പ്രതിസന്ധികളെക്കുറിച്ചുള്ള ഇരുകൂട്ടരുടെയും വീക്ഷണങ്ങൾ പരസ്പരം കൈമാറി. അന്താരാഷ്​ട്ര വെല്ലുവിളികളെ നേരിടുന്നതിന്​ ഒരുമിച്ച്​ നീങ്ങുന്നതിനുള്ള പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നതിനെ സൗദി മന്ത്രി പ്രശംസിച്ചു.

അടുത്തിടെ യുക്രെയിൻ സന്ദർശിച്ചതിന് പിന്നാലെയാണ് സൗദി വിദേശകാര്യ മന്ത്രിയുടെ മോസ്​കോ സന്ദർശനം.റഷ്യൻ വിദേശകാര്യ മന്ത്രി സൗദി അറേബ്യയുടെ നിലപാടിനെ സ്വാഗതം ചെയ്തു. പ്രതിസന്ധിക്ക് ഉചിതമായ പരിഹാരം കണ്ടെത്താൻ സൗദി ശ്രമം നടത്തുന്നുണ്ടെന്നും തടവുകാരെ കൈമാറുന്ന കാര്യത്തിൽ ഒതുങ്ങുന്നതല്ല റിയാദി​​ന്റെ പ​ങ്കെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക പ്രശ്‌നങ്ങൾ മാത്രമല്ല, അന്താരാഷ്​ട്ര തലത്തിലുള്ള പ്രശ്‌നങ്ങളും പരിഹരിക്കുന്നതിൽ സജീവമായി പങ്കെടുക്കാനുള്ള സൗദി അറേബ്യയുടെ താൽപ്പര്യത്തെ റഷ്യൻ വിദേശകാര്യ പ്രശംസിച്ചു. മന്ത്രാലയങ്ങളുടെയും സർക്കാർ ഏജൻസികളുടെയും തലത്തിലും റിയാദും മോസ്കോയും തമ്മിലുള്ള വ്യാപാരം, സമ്പദ്‌വ്യവസ്ഥ, നിക്ഷേപം എന്നീ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ‘ശാശ്വതവും പരസ്​പരവും’ ആയ ഏകോപനത്തി​ന്റെ പ്രാധാന്യം താൻ കാണുന്നുവെന്നും റഷ്യൻ വിദേശകാര്യ മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/102392/the-foreign-minister-said-that-saudi-arabia-is-ready-to-do-whatever-it-takes-to-resolve-the-conflict-in-ukraine)