---
title: "ഒമാനെയും യു.എ.ഇയിയെയും ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതി; ടെൻഡർ നടപടിക്രമങ്ങൾ ആരംഭിച്ചു "
english_title: "The tender process has started for the railway project connecting Oman and UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/102889/the-tender-process-has-started-for-the-railway-project-connecting-oman-and-uae"
published_at: "2023-03-13T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640f366ade2ab_oman_ua_e_railk.jpg"
keywords: []
---

# ഒമാനെയും യു.എ.ഇയിയെയും ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതി; ടെൻഡർ നടപടിക്രമങ്ങൾ ആരംഭിച്ചു 

> **Lead Summary:** **അബൂദബി​: **ഒമാനെയും യു.എ.ഇയിയെയും ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതിയുടെ ടെൻഡർ നടപടിക്രമങ്ങൾ ‘ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനി’ ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി, സിവിൽ വർക്കുകളുടെ ടെൻഡറിൽ പ​ങ്കെടുക്കാനുള്ള യോഗ്യതക്ക്​ അപേക്ഷ ക്ഷണിച്ചു.

## Article Content

**അബൂദബി​: **ഒമാനെയും യു.എ.ഇയിയെയും ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതിയുടെ ടെൻഡർ നടപടിക്രമങ്ങൾ ‘ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനി’ ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി, സിവിൽ വർക്കുകളുടെ ടെൻഡറിൽ പ​ങ്കെടുക്കാനുള്ള യോഗ്യതക്ക്​ അപേക്ഷ ക്ഷണിച്ചു.

ഈ പട്ടികയിൽനിന്ന്​ യോഗ്യത നേടുന്ന സ്ഥാപനങ്ങൾക്കായിരിക്കും അന്തിമ ടെൻഡർ സമർപ്പിക്കാൻ അനുമതി നൽകുക. ഒമാനിലോ യു.എ.ഇയിലോ രജിസ്റ്റർ ചെയ്ത കമ്പനികളോ മുമ്പ്​ ഇത്തരം പ്രവൃത്തികൾ ചെയ്ത അനുഭവ പരിചയമുള്ളവരോ ആയിരിക്കണം ടെൻഡർ സമർപ്പിക്കേണ്ടത്​.

യു.എ.ഇ-ഒമാൻ റെയിൽവേ പദ്ധതിക്കായി ഈ വർഷാവസാനമോ അടുത്ത വർഷം ആദ്യമോ ഇ.പി.സി കാരാർ (എൻജിനീയറിങ്​, നിർവഹണം, നിർമാണം) നൽകുമെന്ന്​ ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രി എൻജിനീയർ സഈദ്​ ബിൻ ഹമൂദ് അൽ മാവാലി നേരത്തേ പറഞ്ഞിരുന്നു.

റെയിൽവേ പദ്ധതിയുമായി ബന്ധപ്പെട്ട്​ വടക്കൻ ബാത്തിനയിലും ബുറൈമിയിലെയും 521 കേസുകൾക്ക് സർക്കാർ അംഗീകരിച്ച സംവിധാനങ്ങൾ അനുസരിച്ച് ആറു മാസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകുമെന്ന് ഭവന, നഗര വികസന മന്ത്രാലയം അറിയിച്ചിട്ടുണ്ട്​. റെയിൽ പദ്ധതിയുടെ നടത്തിപ്പിന്​ ഫെബ്രുവരിയിൽ സുപ്രധാന ചുവടുവെപ്പ്​ അധികൃതർ നടത്തിയിരുന്നു.

303 കിലോമീറ്റർ പാതയുടെ വികസനത്തിനായി മേല്‍നോട്ടം വഹിക്കുന്ന ഒമാൻ ആൻഡ്​ ഇത്തിഹാദ് റെയിൽ കമ്പനി അബൂദബിയിലെ മുബദാല ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുമായാണ്​ കരാർ ഒപ്പിട്ടത്​. മൂന്നു ശതകോടി ഡോളറിന്റെ നിക്ഷേപ കരാറിലാണ്​ എത്തിയിരിക്കുന്നത്​. ഇതോടെ നിർമാണം അതിവേഗം ആരംഭിക്കുമെന്ന പ്രതീക്ഷക്ക്​ ശക്​തിയേറി. കഴിഞ്ഞ സെപ്​റ്റംബറിൽ യു.എ.ഇ ഭരണാധികാരി ശൈഖ്​ മുഹമ്മദ് ബിൻ സായിദിന്‍റെ ഒമാൻ സന്ദർശനത്തിന്‍റെ ഭാഗമായാണ്​ ഇരുരാജ്യങ്ങളും തമ്മിൽ റെയിൽവേ ശൃംഖല സ്ഥാപിക്കാൻ ധാരണയിലെത്തിയിത്​.

പദ്ധതി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും വിനോദസഞ്ചാരവും ശക്തിപ്പെടുത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ഒമാനിലെ തുറമുഖ നഗരമായ സുഹാറിനെയും യു.എ.ഇ തലസ്ഥാനമായ അബൂദബിയെയും ബന്ധിപ്പിക്കുന്നതാണ്​ പദ്ധതി. 303 കിലോമീറ്റര്‍ പാത എപ്പോള്‍ പൂർത്തിയാക്കുമെന്നതിൽ വ്യക്​തത വന്നിട്ടില്ല. ഏകദേശം 1.160 ശതകോടി റിയാൽ ചെലവിലായിരിക്കും പദ്ധതി ഒരുക്കുക. റെയിൽവേ ശൃംഖല നടപ്പിലാക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി ഒമാൻ റെയിലും ഇത്തിഹാദ് റെയിലും ചേർന്ന്​ ‘ഒമാൻ ആൻഡ്​ ഇത്തിഹാദ് റെയിൽ’ എന്ന കമ്പനി സ്ഥാപിച്ചിട്ടുണ്ട്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/102889/the-tender-process-has-started-for-the-railway-project-connecting-oman-and-uae)