---
title: "മാർബർഗ് വൈറസ് രോഗ വ്യാപനം; ടാൻസാനിയ, ഗിനിയ രാജ്യങ്ങളിലേക്ക്​ ഒമാൻ യാത്ര വില​ക്കേർപ്പെടുത്തി "
english_title: "spread of Marburg virus; Oman has banned travel to Tanzania and Guinea"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/106380/spread-of-marburg-virus-oman-has-banned-travel-to-tanzania-and-guinea"
published_at: "2023-03-31T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6426ec03d4b6a_murburg_virus_flight_vilakk.jpg"
keywords: []
---

# മാർബർഗ് വൈറസ് രോഗ വ്യാപനം; ടാൻസാനിയ, ഗിനിയ രാജ്യങ്ങളിലേക്ക്​ ഒമാൻ യാത്ര വില​ക്കേർപ്പെടുത്തി 

> **Lead Summary:** **മസ്​കത്ത്​: ** മാർബർഗ് വൈറസ് രോഗവ്യാപനത്തെ തുടർന്ന്​ ടാൻസാനിയ, ഗിനിയ എന്നീ ആഫിക്കൻ രാജ്യങ്ങളിലേക്ക്​ യാത്ര ചെയ്യരുതന്ന്​ ഒമാൻ നിർദ്ദേശിച്ചു. പിടിപ്പെടുന്നവരിൽ 60 മുതൽ 80 ശതമാനം പേർക്കുവരെ മരണം സംഭവിക്കാൻ സാധ്യതയുള്ള മാർബർഗ് എബോള ഉൾപ്പെടു​ന്ന ഫിലോവൈറസ്​ കുടുംബത്തിലെ അംഗമാണ്.

## Article Content

**മസ്​കത്ത്​: ** മാർബർഗ് വൈറസ് രോഗവ്യാപനത്തെ തുടർന്ന്​ ടാൻസാനിയ, ഗിനിയ എന്നീ ആഫിക്കൻ രാജ്യങ്ങളിലേക്ക്​ യാത്ര ചെയ്യരുതന്ന്​ ഒമാൻ നിർദ്ദേശിച്ചു. പിടിപ്പെടുന്നവരിൽ 60 മുതൽ 80 ശതമാനം പേർക്കുവരെ മരണം സംഭവിക്കാൻ സാധ്യതയുള്ള മാർബർഗ് എബോള ഉൾപ്പെടു​ന്ന ഫിലോവൈറസ്​ കുടുംബത്തിലെ അംഗമാണ്.

വവ്വാലിൽ നിന്നാണു മനുഷ്യരിലേക്ക്​ രോഗം പകരുന്നത്. മനുഷ്യരിലെത്തിയാൽ രക്തം, മറ്റു ശരീര ദ്രവങ്ങൾ എന്നിവയിലൂടെ മറ്റുള്ളവരിലേക്കും പടർന്നു പിടിക്കും. 1967ൽ ജർമനിയിലെ മാർബർഗ് പട്ടണത്തിൽ വൈറസ് ബാധ ആദ്യം കണ്ടെത്തിയതിനാലാണ്​ ഈ പേര്​ ലഭിച്ചത്.

വൈറസ് ശരീരത്തിലെത്തി മൂന്ന് മുതല്‍ ഒമ്പത് ദിവസത്തിനുള്ളിലാണ് രോഗബാധ പ്രകടമാകുന്നത്. മലമ്പനി, മഞ്ഞപ്പനി, സന്നിപാതജ്വരം തുടങ്ങിയ രോഗങ്ങളുടെ സമാന ലക്ഷണങ്ങളാണ് ആദ്യമുണ്ടാകുന്നതെന്നതിനാല്‍ മാര്‍ബര്‍ഗ് രോഗം പ്രാഥമിക അവസ്ഥയില്‍ കണ്ടെത്താനാകുന്നില്ല. മുമ്പ്​ രോഗബാധയുണ്ടായ ഇടങ്ങളിൽ 24 മുതൽ 88 ശതമാനം വരെയാണ്​ മരണനിരക്ക്​. ദക്ഷിണാഫ്രിക്ക, കെനിയ, ഉഗാണ്ട, കോംഗോ എന്നിവിടങ്ങളിൽ നേര​ത്തെ മാർബർഗ്​ വൈറസ്​ ബാധ റിപ്പോർട്ട്​ ചെയ്​തിരുന്നു.

ടാൻസാനിയ, ഗിനിയ രാജ്യങ്ങളിലെ വൈറസ്​ വ്യാപനം ആരോഗ്യ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഡിസീസ് കൺട്രോൾ ആൻഡ് സർവൈലൻസും എമർജൻസി മാനേജ്‌മെന്റ് സെന്ററും നിരീക്ഷിച്ച്​ കൊണ്ടിരിക്കുകയാണ്​. വിവരങ്ങൾ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം എടുക്കാൻ പൗരന്മാരോടും താമസക്കാരും തയ്യാറാകണമെന്നും അധികൃതർ നിർദ്ദേശിച്ചു.വൈറസ് രോഗം ബാധി റിപ്പോർട്ട്​ ചെയ്​ത രാജ്യങ്ങളിലേക്ക്​ അത്യാവശ്യമില്ലെങ്കിൽ യാത്ര മാറ്റിവെക്കണമെന്ന്​ ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു.

*അടിയന്തിരമായി യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യത്തിൽ താഴെ പറയുന്ന മുൻകരുതലുകൾ എടുക്കേണ്ടതാണ്​-*

പനി, പേശിവേദന, ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക.

-മാർബർഗ് വൈറസ് രോഗം ബാധിച്ച പ്രദേശങ്ങൾ സന്ദർശിക്കാതിരിക്കുക

-മറ്റുള്ളവരുടെ രക്തവുമായും മറ്റ് ശരീര സ്രവങ്ങളുമായും സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കുക

-വവ്വാലുകളുമായുള്ള സമ്പർക്കം ഒഴിവാക്കുക, അതുപോലെ അവർ താമസിക്കുന്ന ഗുഹകളും ഖനികളും സന്ദർശിക്കാതിരിക്കുക

-ചിമ്പൻസി, ഗൊറില്ല പോലുള്ള മൃഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുക

-തിരിക്കെ എത്തുന്ന യാത്രക്കാർ 21 ദിവസം വരെ ഐസോലേഷനിൽ കഴിയണം.

പനി, വിറയൽ, പേശിവേദന, ചുണങ്ങ്​, തൊണ്ടവേദന, വയറിളക്കം, ഛർദ്ദി, വയറുവേദന, രക്തസ്രാവം, ശരീരത്തിൽ ചതവ് എന്നിവ ഉണ്ടായാൽ അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളെ സമീപിക്കുക.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/106380/spread-of-marburg-virus-oman-has-banned-travel-to-tanzania-and-guinea)