---
title: "റമദാന്‍ മാസത്തില്‍ ഭിക്ഷാടനം നടത്തുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കി യുഎഇ"
english_title: "UAE steps up action against those who beg during the month of Ramadan"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/106963/uae-steps-up-action-against-those-who-beg-during-the-month-of-ramadan"
published_at: "2023-04-03T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642afe7073e48_uae.jpg"
keywords: []
---

# റമദാന്‍ മാസത്തില്‍ ഭിക്ഷാടനം നടത്തുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കി യുഎഇ

> **Lead Summary:** **റ**മദാന്‍ മാസത്തില്‍ ഭിക്ഷാടനം നടത്തുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കി യുഎഇ. ഇതിനോടകം നിരവധിപേരെ അറസ്‌ററുചെയ്തതായി ദുബായ്‌പോലീസും ഷാര്‍ജപോലീസും വ്യക്തമാക്കി.

## Article Content

**റ**മദാന്‍ മാസത്തില്‍ ഭിക്ഷാടനം നടത്തുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കി യുഎഇ. ഇതിനോടകം നിരവധിപേരെ അറസ്‌ററുചെയ്തതായി ദുബായ്‌പോലീസും ഷാര്‍ജപോലീസും വ്യക്തമാക്കി.

ഇത്തരക്കാര്‍ക്കെതിരെ കാമ്പെയിനിനും പൊലീസ് തുടക്കമിട്ടിട്ടുണ്ട്. റമദാന്‍ മാസത്തില്‍ ഭിക്ഷാടനം നടത്തുന്നവരെ കണ്ടെത്താനും നടപടി സ്വീകരിക്കാനും നിരവധി പ്രവര്‍ത്തനങ്ങളാണ് അധികൃതര്‍ സ്വീകരിച്ചുവരുന്നത്. ഭിക്ഷാടനം കുററമാണ് എന്ന തലക്കെട്ടില്‍ കാമ്പെയിനിന് ഷാര്‍ജപോലീസ് തുടക്കമിട്ടിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ വീഡിയോയും അധികൃതര്‍ പുറത്തുവിട്ടു. ഭിക്ഷാടകരില്‍ ഭൂരിഭാഗവും വിസിറ്റ് വിസയില്‍ രാജ്യത്തെത്തി ഭിക്ഷാടനം നടത്തുന്നവരാണ്.

ഇത്തരക്കാരെ പിടികൂടാന്‍ ശക്തമായ പ്രവര്‍ത്തനം നടത്തിവരുന്നതായും നിരവധി പേരെ ഇതിനോടകം പിടികൂടിയതായും ഷാര്‍ജപോലീസ് ഓപ്പറേഷന്‍ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഇബ്രാഹിം അല്‍ അജല്‍ പറഞ്ഞു.

ഷാര്‍ജയിലെയും ദുബായിലെയും ചില ടൂറിസം കമ്പനികളാണ് ഇത്തരക്കാരെ മാസ ശമ്പളവ്യവസ്ഥയില്‍ രാജ്യത്തെത്തിച്ചതെന്ന് പിടിയിലായര്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിട്ടുണ്ട്. റമദാന്റെ ആദ്യ ദിവസങ്ങളില്‍ ദുബായിലെ വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 25 ഭിക്ഷാടകര്‍ അറസ്റ്റിലായെന്ന് ദുബായ് പൊലീസും അറിയിച്ചു.

പിടിയിലായവരില്‍ 12 പുരുഷന്മാരും 13 സ്ത്രീകളുമാണെന്ന് സിഐഡി മേധാവി പറഞ്ഞു. ഭിക്ഷാടകരോട് സഹകരിക്കുകയോ സഹതാപം പ്രകടിപ്പിക്കുകയോ ചെയ്യരുതെന്നു പൊലീസ് നിര്‍ദേശിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/106963/uae-steps-up-action-against-those-who-beg-during-the-month-of-ramadan)