---
title: "ശുദ്ധീകരിച്ച മലിനജല സംഭരണ കേന്ദ്രം ആദ്യഘട്ട നിർമാണം പൂർത്തിയാകുന്നു "
english_title: "The construction of the first phase of treated sewage storage facility is nearing completion"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/108956/the-construction-of-the-first-phase-of-treated-sewage-storage-facility-is-nearing-completion"
published_at: "2023-04-14T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643915aa1efb4_Untitled-1.jpg"
keywords: []
---

# ശുദ്ധീകരിച്ച മലിനജല സംഭരണ കേന്ദ്രം ആദ്യഘട്ട നിർമാണം പൂർത്തിയാകുന്നു 

> **Lead Summary:** **ദോഹ : **ട്രീറ്റഡ് വേസ്റ്റ് വാട്ടർ (ടിഎസ്ഇ) സീസണൽ സ്‌റ്റോറേജ് ലഗൂണുകളുടെ ഡിസൈൻ-ബിൽഡിങ് പദ്ധതിയുടെ ആദ്യ ഘട്ട നിർമാണം 75 ശതമാനവും പൂർത്തിയായി.

## Article Content

**ദോഹ : **ട്രീറ്റഡ് വേസ്റ്റ് വാട്ടർ (ടിഎസ്ഇ) സീസണൽ സ്‌റ്റോറേജ് ലഗൂണുകളുടെ ഡിസൈൻ-ബിൽഡിങ് പദ്ധതിയുടെ ആദ്യ ഘട്ട നിർമാണം 75 ശതമാനവും പൂർത്തിയായി.

പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാലിനാണ് നിർമാണച്ചുമതല. മുഴുവൻ നിർമാണങ്ങളും ഈ വർഷം നാലാം പാദത്തിൽ പൂർത്തിയാകും.

22.5 ദശലക്ഷം ക്യുബിക് മീറ്റർ സംഭരണ ശേഷിയുള്ള 5 റിസർവോയറുകളാണ് പദ്ധതിയിലുള്ളത്. ദോഹ സൗത്ത് സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിൽ നിന്നാണ് റിസർവോയറുകളിലേക്ക് ശുദ്ധീകരിച്ച വെള്ളം എത്തുന്നത്.

പുനരുപയോഗിക്കാവുന്ന ജലവിഭവങ്ങളുടെ പരമാവധി വിനിയോഗം, ശുദ്ധീകരിച്ച മലിനജലത്തിന്റെ ഉപയോഗം എന്നിവയാണ് പദ്ധതിയുടെ പ്രയോജനം.

ശൈത്യകാലങ്ങളിൽ മിച്ചം വരുന്ന ശുദ്ധീകരിച്ച മലിന ജലം സംഭരിച്ച് വേനൽക്കാലത്ത് ഉപയോഗിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പബ്ലിക് പാർക്കുകളിലും റോഡുകളിലുമുള്ള ചെടികൾക്ക് ജലസേചനത്തിനു വേണ്ടിയാണ് ഈ ജലം ഉപയോഗിക്കുന്നത്.

കാലിത്തീറ്റ ഫാമുകളുടെ ജലസേചന ആവശ്യങ്ങൾക്കും ഉപയോഗിക്കും. കൂളിങ് സംവിധാനങ്ങളിലും വർക്ക് സൈറ്റുകളിൽ മണൽ കഴുകുന്നതിനും പൊടി നിയന്ത്രിക്കുന്നതിനും ശുദ്ധീകരിച്ച മലിന ജലമാണ് ഉപയോഗിക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/108956/the-construction-of-the-first-phase-of-treated-sewage-storage-facility-is-nearing-completion)