---
title: "ദുബൈയിലെ ഫ്ലോട്ടിങ്​ ബ്രിഡ്ജ്​ അറ്റകുറ്റപ്പണികൾക്കായി അഞ്ചാഴ്ച അടച്ചിടും"
english_title: "The floating bridge in Dubai will be closed for five weeks for maintenance"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/109007/the-floating-bridge-in-dubai-will-be-closed-for-five-weeks-for-maintenance"
published_at: "2023-04-14T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64396f45c8a57_floating_bridge.jpg"
keywords: []
---

# ദുബൈയിലെ ഫ്ലോട്ടിങ്​ ബ്രിഡ്ജ്​ അറ്റകുറ്റപ്പണികൾക്കായി അഞ്ചാഴ്ച അടച്ചിടും

> **Lead Summary:** **ദുബൈ : **നഗരത്തിലെ ദേരയെയും ബർദുബൈയെയും ബന്ധിപ്പിക്കുന്ന ഫ്ലോട്ടിങ്​ ബ്രിഡ്ജ്​ അറ്റകുറ്റപ്പണികൾക്കായി അഞ്ചാഴ്ച അടച്ചിടും. ഏപ്രിൽ 17 തിങ്കളാഴ്ച മുതലാണ്​ പാലത്തിൽ ഗതാഗതം നിരോധിക്കുന്നതെന്ന്​ റോഡ്​ ഗതാഗത അതോറിറ്റി(ആർ.ടി.എ) അധികൃതർ അറിയിച്ചു.

## Article Content

**ദുബൈ : **നഗരത്തിലെ ദേരയെയും ബർദുബൈയെയും ബന്ധിപ്പിക്കുന്ന ഫ്ലോട്ടിങ്​ ബ്രിഡ്ജ്​ അറ്റകുറ്റപ്പണികൾക്കായി അഞ്ചാഴ്ച അടച്ചിടും. ഏപ്രിൽ 17 തിങ്കളാഴ്ച മുതലാണ്​ പാലത്തിൽ ഗതാഗതം നിരോധിക്കുന്നതെന്ന്​ റോഡ്​ ഗതാഗത അതോറിറ്റി(ആർ.ടി.എ) അധികൃതർ അറിയിച്ചു.

റോഡ്​ ഉപഭോക്​താക്കളുടെ സുരക്ഷ ലക്ഷ്യംവെച്ച്​ വിപുലമായ അറ്റകുറ്റപ്പണികളാണ്​ പാലത്തിൽ നടത്തുന്നത്​. പാലം അടക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത്​ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഡ്രൈവർമാർ ബദൽ റോഡുകളും ക്രോസിങുകളും ഉപയോഗിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

വാഹനങ്ങൾ തിരിച്ചുവിടുന്നതിന്​​ ആർ.ടി.എ റൂട്ട്​മാപ്പ്​ പുറത്തുവിട്ടിട്ടുണ്ട്​. ഷാർജയിൽ നിന്ന് അൽ ഇത്തിഹാദ് സ്ട്രീറ്റിലൂടെ യാത്ര ചെയ്യുന്നവർ അൽ മംസാർ എക്സിറ്റ് ഉപയോഗിച്ച്​ കൈറോ, അൽ ഖലീജ് സ്ട്രീറ്റുകൾ വഴി ഇൻഫിനിറ്റി ബ്രിഡ്ജിലേക്ക് പ്രവേശിക്കണമെന്നാണ്​ നിർദേശിച്ചിട്ടുള്ളത്​.

ദേരയിൽ നിന്ന് അൽ ഖലീജ് സ്ട്രീറ്റ് വഴി ബർദുബൈയിലേക്ക് യാത്ര ചെയ്യുന്നവരും ഇൻഫിനിറ്റി ബ്രിഡ്ജ് ഉപയോഗിക്കണം. ബർദുബൈയിൽ നിന്ന് ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലൂടെ ദേരയിലേക്ക് പോകുന്നവർ ആൽ മക്തൂം പാലവും ഇൻഫിനിറ്റി ബ്രിഡ്ജുമാണ്​ ഉപയോഗിക്കേണ്ടത്​.

ബർദുബൈയിൽ നിന്ന് ഉമ്മു ഹുറൈർ റോഡിലൂടെ ദേരയിലേക്ക് യാത്ര ചെയ്യുന്നവരും ആൽ മക്തൂം പാലം ഉപയോഗിക്കണം. ബർദുബൈയിൽ നിന്ന് ശൈഖ്​ സായിദ് റോഡിലൂടെ ദേരയിലേക്ക് പോകുന്നവർക്ക്​ അൽ ഗർഹൂദ് പാലം, ആൽ മക്തൂം പാലം, ഇൻഫിനിറ്റി ബ്രിഡ്ജ്, ബിസിനസ് ബേ ക്രോസിങ്​ എന്നിവ ഉപയോഗിക്കാം.

ബർദുബൈയിൽ നിന്ന് ഊദ് മേത്ത റോഡിലൂടെ ദേരയിലേക്ക് യാത്ര ചെയ്യുന്നവർക്ക്​ ആൽ മക്തൂം പാലവും അൽ ഗർഹൂദ് പാലവും വഴി സഞ്ചരിക്കാം.

എന്നാൽ ബർദുബൈയിൽ നിന്ന് അൽ റിയാദ് സ്ട്രീറ്റ് വഴി ദേരയിലേക്ക് യാത്ര ചെയ്യുന്നവർ ആൽ മക്തൂം പാലമാണ്​ ഉപയോഗിക്കേണ്ടത്​. സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിന്​ ആവശ്യമായ നിരീക്ഷണവും നിയന്ത്രണവും ഏർപ്പെടുത്തുമെന്നും ആർ.ടി.എ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/109007/the-floating-bridge-in-dubai-will-be-closed-for-five-weeks-for-maintenance)