---
title: "ഭക്ഷ്യ സുരക്ഷയും പരിസര ശുചീകരണവും ഉറപ്പു വരുത്തി ദുബായ് മുനിസിപ്പാലിറ്റി"
english_title: "Dubai Municipality has ensured food safety and environmental sanitation"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/110667/dubai-municipality-has-ensured-food-safety-and-environmental-sanitation"
published_at: "2023-04-24T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64462f5d26312_dubai.jpg"
keywords: []
---

# ഭക്ഷ്യ സുരക്ഷയും പരിസര ശുചീകരണവും ഉറപ്പു വരുത്തി ദുബായ് മുനിസിപ്പാലിറ്റി

> **Lead Summary:** **ദുബായ് : **ഭക്ഷ്യ സുരക്ഷയും പരിസര ശുചീകരണവും ഉറപ്പു വരുത്തി ദുബായ് മുനിസിപ്പാലിറ്റിയുടെ വിപുലമായ ഒരുക്കം. ശുചീകരണം ഉറപ്പാക്കാൻ വിവിധ സംഘങ്ങളായി തിരിച്ച് ഉദ്യോഗസ്ഥരെ വിന്യസിച്ചു. വിനോദ കേന്ദ്രങ്ങളിലും പാർക്കുകളിലും പരിശോധന ശക്തമാക്കി.

## Article Content

**ദുബായ് : **ഭക്ഷ്യ സുരക്ഷയും പരിസര ശുചീകരണവും ഉറപ്പു വരുത്തി ദുബായ് മുനിസിപ്പാലിറ്റിയുടെ വിപുലമായ ഒരുക്കം. ശുചീകരണം ഉറപ്പാക്കാൻ വിവിധ സംഘങ്ങളായി തിരിച്ച് ഉദ്യോഗസ്ഥരെ വിന്യസിച്ചു. വിനോദ കേന്ദ്രങ്ങളിലും പാർക്കുകളിലും പരിശോധന ശക്തമാക്കി.

പെരുന്നാൾ അവധി ദിവസങ്ങളിൽ ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്നവർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നു മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ ഉറപ്പു വരുത്തും. ഹൈപ്പർ മാർക്കറ്റുകൾ, ബേക്കറികൾ, ചോക്ലേറ്റ് ഷോപ്പുകൾ, റസ്റ്ററന്റുകൾ എന്നിവിടങ്ങളിൽ നാളെ വരെ പരിശോധന തുടരും.

ഇവിടങ്ങളിൽ ജോലി ചെയ്യുന്നവരുടെ വ്യക്തി ശുചിത്വം പരിശോധിച്ച് ഉറപ്പാക്കും. പ്രധാന വ്യാപാര കേന്ദ്രങ്ങളായ ഫ്രൂട്സ് ആൻഡ് വെജിറ്റബിൾ മാർക്കറ്റ്, വാട്ടർ ഫ്രണ്ട് മാർക്കറ്റ്, മറ്റു ഹൈപ്പർ മാർക്കറ്റ് എന്നിവിടങ്ങളിലും ഊർജിത പരിശോധനയാണ് ഈ ദിവസങ്ങളിൽ നടക്കുന്നത്.

അറവുശാലകളുടെ പ്രവർത്തന സമയം രാവിലെ 7 മുതൽ ഉച്ചയ്ക്കു രണ്ടുവരെയാക്കി. അംഗീകൃത അറവുശാലകൾക്ക് പുറത്ത് മൃഗങ്ങളെ അറക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. പുറത്ത് അറക്കുന്ന മാംസം വാങ്ങുന്നതിനെതിരെ ബോധവൽക്കരണവും ആരംഭിച്ചിട്ടുണ്ട്.

ആഘോഷവുമായി ബന്ധപ്പെട്ടു മാലിന്യം കൂടുതലായി വരുന്ന സാഹചര്യത്തിൽ പൊതുവിടങ്ങളിൽ മാലിന്യ സംസ്കരണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചു. മാലിന്യ സംഭരണികൾ ശേഖരിക്കുന്നതിനു കൂടുതൽ വാഹനങ്ങൾ ഏർപ്പെടുത്തി.

നിലവിലുള്ള വാഹനങ്ങൾ കൂടുതൽ തവണ മാലിന്യ ശേഖരണത്തിനായി എത്തും. സമൂഹ ഈദ് ഗാഹുകളിൽ കൂടുതൽ മാലിന്യ സംഭരണികൾ സ്ഥാപിച്ചിരുന്നു. മൊത്തം 2250 ശുചീകരണ തൊഴിലാളികളെയാണ് നഗര ശുചീകരണത്തിനായി നിയോഗിച്ചിരുന്നത്. ഇതിൽ 426 പേർ സ്വകാര്യ മേഖലയിൽ നിന്നാണ്.

നിരീക്ഷണ ജോലികൾക്കായി 250 പേരെയും വാഹനം ഉൾപ്പെടെ 747 ഉപകരണവും ലഭ്യമാക്കിയിട്ടുണ്ട്. 307 ഹെവി വാഹനങ്ങളും 214 ചെറിയ വാഹനങ്ങളും ഉണ്ട്. പുതിയതായി 120 വാഹനങ്ങൾ വാടകയ്ക്ക് എടുത്തു.

ഈ സംവിധാനങ്ങൾ 24 മണിക്കൂറും സേവന സജ്ജമായിരിക്കും. ജനങ്ങൾ കൂടുതലായി എത്തുന്ന ബീച്ചുകളിൽ വൃത്തി ഉറപ്പാക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനം ഏർപ്പെടുത്തി. 73 ശുചീകരണ ജീവനക്കാരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. 22 കിലോമീറ്റർ തീര പ്രദേശം ഇവർ 3 ഷിഫ്റ്റുകളായി വൃത്തിയാക്കുകയാണ്.

പ്രധാന റോഡുകളുടെ വശങ്ങളിലെ വൃത്തി ഉറപ്പാക്കാൻ 57 ശുചീകരണ തൊഴിലാളികളെ നിയോഗിച്ചു. ഇവരെ നിരീക്ഷിക്കാൻ 5 സൂപ്പർവൈസർമാരുമുണ്ട്. മൊത്തം 2300 കിലോമീറ്റർ ദൂരത്തെ ശുചിത്വമാണ് ഇവർ ഉറപ്പിക്കുന്നത്. അവധി ദിവസങ്ങളിൽ പാർക്കുകളുടെ സമയത്തിലും മാറ്റം വരുത്തിയിരുന്നു.

ദുബായ് സഫാരി പാർക്ക് രാവിലെ 10 മുതൽ 6 വരെയും മുഷ്റിഫ് നാഷനൽ പാർക്കിലെ മൗണ്ടെയ്ൻ ബൈക്ക് ട്രാക്ക് രാവിലെ 6.30 മുതൽ വൈകുന്നേരം 6 വരെയും, ക്രീക്ക് പാർക്ക്, മംസർ പാർക്ക്, സബീൽ പാർക്ക്, സഫാ പാർക്ക്, മുഷ്റിഫ് നാഷനൽ പാർക്ക് എന്നിവ രാവിലെ 8 മുതൽ രാത്രി 11വരെയും ഖുറാനിക് പാർക്ക് രാവിലെ 8 മുതൽ രാത്രി 10വരെയും ദുബായ് ഫ്രെയിം രാവിലെ 9 മുതൽ രാത്രി 9വരെയും പ്രവർത്തിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/110667/dubai-municipality-has-ensured-food-safety-and-environmental-sanitation)