---
title: "സൗദിയിൽ വാഹനമിടിച്ചു മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം ബുധനാഴ്‌ച നാട്ടിലെത്തിക്കും "
english_title: "The body of a native of Malappuram, who died after being hit by a vehicle in Saudi Arabia, will be brought home on Wednesday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/112395/the-body-of-a-native-of-malappuram-who-died-after-being-hit-by-a-vehicle-in-saudi-arabia-will-be-brought-home-on-wednesday"
published_at: "2023-05-03T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645286899658e_ABDULASEES.jpg"
keywords: []
---

# സൗദിയിൽ വാഹനമിടിച്ചു മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം ബുധനാഴ്‌ച നാട്ടിലെത്തിക്കും 

> **Lead Summary:** **ഖസീം : **നടന്നു ഹജിന് പോകുന്ന ശിഹാബ് ചോറ്റൂരിനെ കാണാൻ പോയി മടങ്ങും വഴി റിയാദ്-മദീന ഹൈവേയിൽ സ്വദേശിയുടെ വാഹനമിടിച്ച് മരിച്ച മലപ്പുറം വണ്ടൂർ കൂരാട് കൂളിപറമ്പ് സ്വദേശി നൈവാതുക്കൽ അബ്ദുൽ അസീസിന്റെ മൃതദേഹം ബുധനാഴ്‌ച പുലർച്ചെ നാട്ടിലെത്തും.

## Article Content

**ഖസീം : **നടന്നു ഹജിന് പോകുന്ന ശിഹാബ് ചോറ്റൂരിനെ കാണാൻ പോയി മടങ്ങും വഴി റിയാദ്-മദീന ഹൈവേയിൽ സ്വദേശിയുടെ വാഹനമിടിച്ച് മരിച്ച മലപ്പുറം വണ്ടൂർ കൂരാട് കൂളിപറമ്പ് സ്വദേശി നൈവാതുക്കൽ അബ്ദുൽ അസീസിന്റെ മൃതദേഹം ബുധനാഴ്‌ച പുലർച്ചെ നാട്ടിലെത്തും.

ഫ്ലൈനാസ് വിമാനത്തിൽ രാവിലെ എട്ടിനെത്തുന്ന അബ്ദുൽ അസീസിന്റെ മൃതദേഹം സഹോദരൻ മനാഫ് ഏറ്റുവാങ്ങും. തുടർന്ന് സ്വദേശമായ വണ്ടൂർ കൂരാട് വീട്ടിലെത്തിച്ച ശേഷം 10.30 ന് കൂരാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ സംസ്കരിക്കും.

ഖസീമിലെ സാമൂഹ്യ-സാംസ്കാരിക രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്ന അബ്ദുൽ അസീസിന്‍റെ മരണത്തിൽ സഹപ്രവർത്തകരും സുഹൃത്തുക്കളും അനുശോചിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി അൽ റാസിൽ നിന്ന് 20 കി.മീ അകലെ റിയാദ് അൽ ഖുബ്റയിലായിരുന്നു അപകടം നടന്നത്.

അബ്ദുൽ അസീസ് അൽ റാസ് യൂണിറ്റ് ഐസിഎഫ് പ്രസിഡന്റായിരുന്നു. റിയാദ്-മദീനാ ഹൈവേയിലെ എക്സിറ്റിലായിരുന്നു അപകടം. പുറകിൽ നിന്നു വന്ന വാഹനം അസീസിനെ ഇടിക്കുകയായിരുന്നു.

റിയാദിലുണ്ടായിരുന്ന ഏക മകൾ ഷംസിയയും ഭർത്താവ് സൽമാനും അപകട വാർത്ത അറിഞ്ഞയുടൻ അൽ റാസിലെത്തിയിരുന്നു. നാട്ടിലേയ്ക്ക് കൊണ്ടു പോകാനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ സാമൂഹിക പ്രവർത്തകരുടെ കൂടെ ഉണ്ടായിരുന്ന അവർ തിങ്കളാഴ്ച നാട്ടിലേയ്ക്ക് തിരിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/112395/the-body-of-a-native-of-malappuram-who-died-after-being-hit-by-a-vehicle-in-saudi-arabia-will-be-brought-home-on-wednesday)