---
title: "സ്വദേശിവത്കരണത്തില്‍ പുതിയ നടപടികളുമായി യുഎഇ; കടുത്ത പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്"
english_title: "UAE with new steps in naturalization; Warning of heavy fines"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/121392/uae-with-new-steps-in-naturalization-warning-of-heavy-fines"
published_at: "2023-06-10T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6484abc628908_uae.jpg"
keywords: []
---

# സ്വദേശിവത്കരണത്തില്‍ പുതിയ നടപടികളുമായി യുഎഇ; കടുത്ത പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്

> **Lead Summary:** **അബുദാബി: **യുഎഇയില്‍ അര്‍ദ്ധവാര്‍ഷിക സ്വദേശിവത്കരണ നിരക്ക് പാലിക്കാനുള്ള സമയപരിധി ഈ മാസത്തോടെ അവസാനിക്കുകയാണ്. 50 ജീവനക്കാരില്‍ അധികം ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും വിദഗ്ധ തൊഴിലുകളില്‍ ഓരോ ആറ് മാസവും ഒരു ശതമാനം സ്വദേശിവത്കരണം നടപ്പാക്കണമെന്നാണ് ചട്ടം.

## Article Content

**അബുദാബി: **യുഎഇയില്‍ അര്‍ദ്ധവാര്‍ഷിക സ്വദേശിവത്കരണ നിരക്ക് പാലിക്കാനുള്ള സമയപരിധി ഈ മാസത്തോടെ അവസാനിക്കുകയാണ്. 50 ജീവനക്കാരില്‍ അധികം ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും വിദഗ്ധ തൊഴിലുകളില്‍ ഓരോ ആറ് മാസവും ഒരു ശതമാനം സ്വദേശിവത്കരണം നടപ്പാക്കണമെന്നാണ് ചട്ടം.

കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഇത്തരത്തില്‍ രണ്ട് ശതമാനം സ്വദേശിവത്കരണം പ്രാബല്യത്തിലായിട്ടുണ്ട്. ജൂണ്‍ അവസാനത്തോടെ ഇത് മൂന്ന് ശതമാനമായും ഈ വര്‍ഷം അവസാനിക്കുമ്പോള്‍ നാല് ശതമാനമായും ഉയരും. 2026ഓടെ രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ 10 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

സ്വദേശിവത്കരണം കൂടുതല്‍ എളുപ്പത്തില്‍ സാധ്യമാക്കുന്നതിന് നാഫിസ് പ്ലാറ്റ്‍ഫോമില്‍ പുതിയ പരിഷ്‍കാരങ്ങളും കൊണ്ടുവന്നിട്ടുണ്ട്. ഇതിലൂടെ സ്വകാര്യ കമ്പനികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ കൂടുതല്‍‍ കൃത്യതയോടെ പോസ്റ്റ് ചെയ്യാനും യോഗ്യതയുള്ള സ്വദേശി തൊഴില്‍ അന്വേഷകര്‍ക്ക് അവ എളുപ്പത്തില്‍ മനസിലാക്കി തൊഴില്‍ നേടാനും സാധിക്കും.

തൊഴില്‍ അന്വേഷകരായ സ്വദേശികള്‍ക്ക് തങ്ങളുടെ യോഗ്യതകളും കഴിവുകളും പ്രൊഫഷണല്‍ തൊഴില്‍ പരിചയവുമൊക്കെ പ്ലാറ്റ്ഫോമില്‍ ഉള്‍പ്പെടുത്താനും ഏറ്റവും അനിയോജ്യമായ ജോലി കണ്ടെത്താനും സാധിക്കും. ഓരോ തസ്‍തികയിലും ലഭിക്കുന്ന ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ഇതില്‍ നിന്ന് മനസിലാക്കാനാവും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/121392/uae-with-new-steps-in-naturalization-warning-of-heavy-fines)