---
title: "യുഎഇയുടെ തൊഴിൽ നഷ്ട ഇൻഷുറൻസ്; സമയപരിധി ദിവസങ്ങൾക്കകം അവസാനിക്കും"
english_title: "Job loss insurance for UAE; The deadline will expire in days"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/121575/job-loss-insurance-for-uae-the-deadline-will-expire-in-days"
published_at: "2023-06-11T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6485bbd6a7377_uae.jpg"
keywords: []
---

# യുഎഇയുടെ തൊഴിൽ നഷ്ട ഇൻഷുറൻസ്; സമയപരിധി ദിവസങ്ങൾക്കകം അവസാനിക്കും

> **Lead Summary:** ** യുഎഇ: **യുഎഇയുടെ തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ നിന്ന് എമിറേറ്റ്‌സ് ഗ്രൂപ്പ് ജീവനക്കാരെ ഒഴിവാക്കി. ഈ വിഭാ​ഗക്കാർ പദ്ധതിയിൽ ചേരണമെന്ന് നിർബന്ധമില്ല. സ്വകാര്യ മേഖലയിലും ഫ്രീ സോണുകളിലും ഫെഡറൽ ഗവൺമെന്റ് സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാർ 2023 ജനുവരി 1 മുതൽ ഇൻവോലന്ററി ലോസ് ഓഫ് എംപ്ലോയ്‌മെന്റ് സ്കീമിൽ വരിക്കാരാകുന്നത് യുഎഇ നിർബന്ധമാക്കിയിരുന്നു.

## Article Content

** യുഎഇ: **യുഎഇയുടെ തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ നിന്ന് എമിറേറ്റ്‌സ് ഗ്രൂപ്പ് ജീവനക്കാരെ ഒഴിവാക്കി. ഈ വിഭാ​ഗക്കാർ പദ്ധതിയിൽ ചേരണമെന്ന് നിർബന്ധമില്ല. സ്വകാര്യ മേഖലയിലും ഫ്രീ സോണുകളിലും ഫെഡറൽ ഗവൺമെന്റ് സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാർ 2023 ജനുവരി 1 മുതൽ ഇൻവോലന്ററി ലോസ് ഓഫ് എംപ്ലോയ്‌മെന്റ് സ്കീമിൽ വരിക്കാരാകുന്നത് യുഎഇ നിർബന്ധമാക്കിയിരുന്നു.

ജൂൺ 30നകം വരിക്കാരാകാത്തവർക്ക് 400 ദിർഹം പിഴ ചുമത്തും. 90 ദിവസത്തിനുള്ളിൽ കുടിശ്ശിക അടയ്‌ക്കാത്തതിന് 200 ദിർഹം അധിക പിഴ ഈടാക്കും. മിറേറ്റ്സ് ഗ്രൂപ്പ് ജീവനക്കാർക്ക് തൊഴിലില്ലായ്മ ഇൻഷുറൻസിനായി സ്വമേധയാ അപേക്ഷിക്കാമെന്ന് എമിറേറ്റ്സ് എയർലൈൻ വക്താവ് അറിയിച്ചു.

ചെയ്തിരുന്ന ജോലിയുടെ അടിസ്ഥാന ശമ്പളത്തിന്റെ അറുപത് ശതമാനം മൂന്ന് മാസം ലഭിക്കുന്നതുമാണ് തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതി. സ്വന്തം കാരണത്താൽ തൊഴിൽ നഷ്ടപ്പെടുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

16,000 ദിർഹത്തിൽ താഴെ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാർ പ്രതിമാസം 5 ദിർഹം അല്ലെങ്കിൽ പ്രതിവർഷം 60 ദിർഹം കൂടാതെ വാറ്റ് പ്രീമിയമായി നൽകേണ്ടതുണ്ട്. തുടർച്ചയായി മൂന്ന് മാസത്തെ തൊഴിൽ നഷ്ടത്തിന് ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം നഷ്ടപരിഹാരം നൽകും.

16,000 ദിർഹത്തിന് മുകളിൽ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാർ ഈ സ്‌കീമിന് കീഴിൽ പ്രതിമാസം 10 ദിർഹം അല്ലെങ്കിൽ 120 ദിർഹം വാർഷിക പ്രീമിയം നൽകേണ്ടതുണ്ട്. നിക്ഷേപകർ, വീട്ടുജോലിക്കാർ, താൽക്കാലിക കരാർ തൊഴിലാളികൾ, 18 വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്തവർ, പെൻഷന് അർഹതയുള്ളവരും പുതിയ ജോലിയിൽ ചേർന്നവരുമായ വിരമിച്ചവർ എന്നിവരെ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

രണ്ട് വർഷം വരെയാണ് പോളിസി കാലയളവുള്ളത്. ദുബായ് ഇൻഷുറൻസിൽ നിന്നുള്ള സബ്‌സ്‌ക്രിപ്ഷൻ സൗജന്യമാണ്. എന്നാൽ എക്‌സ്‌ചേഞ്ച് ഹൗസുകൾ, ടെലികോം സ്ഥാപനങ്ങൾ, ബാങ്കുകൾ തുടങ്ങിയ സേവനങ്ങൾക്ക് അധിക ഫീസ് ഈടാക്കാം.

പദ്ധതിയിൽ ചേരുന്നവർ കുറഞ്ഞത് 12 മാസത്തേക്ക് വിഹിതം അടയ്ക്കണം. ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള നടപടിക്രമങ്ങൾ ചെയ്യേണ്ടത് തൊഴിലാളികൾ തന്നെയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/121575/job-loss-insurance-for-uae-the-deadline-will-expire-in-days)