---
title: "ഖരീഫ്​ സീസൺ; സലാലയിൽ ചാറ്റൽ മഴ, താപനിലയിൽ നേരിയ കുറവ്​ "
english_title: "Showers rain in Salalah, slight drop in temperature"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/122599/showers-rain-in-salalah-slight-drop-in-temperature"
published_at: "2023-06-15T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648af7206478c_salalah.jpg"
keywords: []
---

# ഖരീഫ്​ സീസൺ; സലാലയിൽ ചാറ്റൽ മഴ, താപനിലയിൽ നേരിയ കുറവ്​ 

> **Lead Summary:** **മസ്കത്ത്​:** ഖരീഫ്​ സീസണിന്‍റെ വരവറിയിച്ച്​ സലാലയിൽ ചാറ്റൽ മഴ. വ്യാഴാ​ഴ്​ച രാവിലെയാണ്​ സലാലയിലെ വിവിധ സ്ഥലങ്ങളിൽ ​നേരിയ തോതിൽ മഴ പെയ്തത്​. കഴിഞ്ഞ രണ്ട്​ ദിസമായി സലാലയടക്കമുള്ള ദോഫാറിന്‍റെ വിവിധ സ്ഥങ്ങളിൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ചാറ്റൽ മഴ ലഭിച്ചയോടെ താപനിലയിൽ നേരിയ കുറവ്​ വന്നിട്ടുണ്ട്​. 29 ഡിഗ്രി സെൽഷ്യസ്​ ആയിരുന്നു വ്യാഴാഴ്​ച രാവിലെ രേഖപ്പെടുത്തിയ താപനില.

## Article Content

**മസ്കത്ത്​:** ഖരീഫ്​ സീസണിന്‍റെ വരവറിയിച്ച്​ സലാലയിൽ ചാറ്റൽ മഴ. വ്യാഴാ​ഴ്​ച രാവിലെയാണ്​ സലാലയിലെ വിവിധ സ്ഥലങ്ങളിൽ ​നേരിയ തോതിൽ മഴ പെയ്തത്​. കഴിഞ്ഞ രണ്ട്​ ദിസമായി സലാലയടക്കമുള്ള ദോഫാറിന്‍റെ വിവിധ സ്ഥങ്ങളിൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ചാറ്റൽ മഴ ലഭിച്ചയോടെ താപനിലയിൽ നേരിയ കുറവ്​ വന്നിട്ടുണ്ട്​. 29 ഡിഗ്രി സെൽഷ്യസ്​ ആയിരുന്നു വ്യാഴാഴ്​ച രാവിലെ രേഖപ്പെടുത്തിയ താപനില.

അതേസമയം, പകൽ 30-32 ഡിഗ്രി സെൽഷ്യസിന്‍റെ ഇടയിലാകാനാണ്​ സാധ്യത. ഖരീഫ് സീസൺ ഔദ്യോഗികമായി ആരംഭിക്കാൻ അഞ്ച് ദിവസം കൂടി ബാക്കിയുണ്ട്. ജൂൺ 21 മുതൽ ആഗസ്റ്റ് അവസാനം വരെയാണ് സീസൺ. സുൽത്താനേറ്റിന്‍റെ മറ്റു ഭാഗങ്ങളും ഇതര ഗൾഫ് നാടുകളും വേനൽ ചൂടിൽ വെന്തുരുകു​മ്പോഴാണ്​ പ്രകൃതിയുടെ വരദാനമെന്നവണ്ണം സലാലയിൽ കുളിരണിയിച്ച്​ മഴയെത്തുക.

ലക്ഷക്കണക്കിന്​ ആളുകളാണ്​ ഇവിടേക്ക്​ ഓരോ സീസണിലും എത്താറുള്ളത്​. ദോഫാർ ഗവർണ​​റേറ്റിന്‍റെ അനുകൂല കാലാവസ്ഥയും പച്ചപ്പ്​ നിറഞ്ഞ പ്രദേശങ്ങളും സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്​.കഴിഞ്ഞ വർഷം 8.13 ലക്ഷം ആളുകളാണ്​ സലാലയിൽ എത്തിയിരുന്നത്​. ഖരീഫ് സീസണിനോടനുബന്ധിച്ച ദോഫാർ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന സലാല ടൂറിസം ഫെസ്റ്റിവെലിന്‍റെ ആഘോഷ പരിപാടികൾ കഴിഞ്ഞ വർഷം വിവിധ ഇടങ്ങളിലാണ്​ നടന്നിരുന്നത്​.

ഇത്തീനിലെ മുനിസിപ്പൽ സ്​റ്റേഡിയത്തിൽ നടന്നിരുന്ന പരിപാടികൾ, പാർക്കുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ്​ അര​ങ്ങേറിയത്​​. കോവിഡ്​ നിയന്ത്രണങ്ങൾ എടുത്ത്​ കളഞ്ഞ ശേഷമുള്ള ആദ്യ സീസൺ ആയതിനാൽ കഴിഞ്ഞ വർഷം ജി.സി.സി രാജ്യങ്ങളിൽനിന്നടക്കം നിരവധി പേരാണ്​ സലാലയുടെ പചപ്പും കുളിരും നുകരാനെത്തിയത്​. വർഷം മുഴുവൻ ദോഫാറിനെ ടൂറിസം സീസണാക്കി പരിവർ​ത്തിപ്പിക്കുന്നതിനുള്ള നടപടികളാണ്​ അധികൃതർ ആസൂത്രണം ചെയ്തു കൊണ്ടിരിക്കുന്നത്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/122599/showers-rain-in-salalah-slight-drop-in-temperature)