---
title: "ജോലി ചെയ്യുന്നതിനിടെ കാർ ഇടിച്ച് സർക്കാർ ഉദ്യോഗസ്ഥന് ദാരുണാന്ത്യം "
english_title: "A government employee met a tragic end after being hit by a car while working"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/123074/a-government-employee-met-a-tragic-end-after-being-hit-by-a-car-while-working"
published_at: "2023-06-17T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648d980e6fd6a_death.jpg"
keywords: []
---

# ജോലി ചെയ്യുന്നതിനിടെ കാർ ഇടിച്ച് സർക്കാർ ഉദ്യോഗസ്ഥന് ദാരുണാന്ത്യം 

> **Lead Summary:** **കൽബ : **ജോലി ചെയ്യുന്നതിനിടെ കാർ ഇടിച്ച് സ്വദേശി സർക്കാർ ഉദ്യോഗസ്ഥൻ മരിച്ചു. ഷാർജ കൽബ വാദി അൽ ഹെലോ ഏരിയയിൽ ബുധനാഴ്ചയാണ് 38കാരൻ മരിച്ചത്.

## Article Content

**കൽബ : **ജോലി ചെയ്യുന്നതിനിടെ കാർ ഇടിച്ച് സ്വദേശി സർക്കാർ ഉദ്യോഗസ്ഥൻ മരിച്ചു. ഷാർജ കൽബ വാദി അൽ ഹെലോ ഏരിയയിൽ ബുധനാഴ്ചയാണ് 38കാരൻ മരിച്ചത്.

കൽബ മുനിസിപ്പാലിറ്റിയിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം സർക്കാർ വാഹനം റോഡരികിൽ നിർത്തി അതിൽ നിന്ന് ഇറങ്ങുമ്പോഴായിരുന്നു അപകടമെന്ന് ഷാർജ പൊലീസ് ഈസ്റ്റേൺ റീജൻ പൊലീസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ കേണൽ ഡോ. അലി അൽ കായ് അൽ ഹമൂദി പറഞ്ഞു.

അമിത വേഗത്തിൽ വന്ന വാഹനം മുനിസിപ്പാലിറ്റി വാഹനത്തെയും ഉദ്യോഗസ്ഥനെയും ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഉദ്യോഗസ്ഥനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഉറക്കം വന്നതിനെ തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി ഇടിച്ച വാഹനത്തിന്റെ ഡ്രൈവർ ചോദ്യം ചെയ്യലിൽ പറഞ്ഞു. ഇയാളെ പിന്നീട് പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. മരിച്ചയാളുടെ കുടുംബത്തെ പൊലീസ് അനുശോചനം അറിയിച്ചു.

വാഹനമോടിക്കുന്നവർ ട്രാഫിക് നിയമങ്ങളും ഹൈവേകളിലെ വേഗപരിധികളും പാലിക്കേണ്ടതിന്റെ ആവശ്യകത അൽ ഹമൂദി ആവർത്തിച്ച് വ്യക്തമാക്കി.

വാഹനമോടിക്കുമ്പോൾ ക്ഷീണം തോന്നിയാൽ സുരക്ഷിതമായ ട്രാഫിക് ഏരിയയിൽ നിർത്തേണ്ടതാണ്. സ്വന്തം സുരക്ഷയ്ക്കും റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്കും ഇത് അത്യന്താപേക്ഷിതമാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/123074/a-government-employee-met-a-tragic-end-after-being-hit-by-a-car-while-working)