---
title: "#accident | ഖത്തറിൽ നിന്ന് പോയ വാഹനം അപകടത്തിൽപെട്ടു; രണ്ട്​ മലയാളികൾക്ക് ദാരുണാന്ത്യം "
english_title: "accident A vehicle from Qatar met with an accident; A tragic end for two Malayalis"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/125636/accident-a-vehicle-from-qatar-met-with-an-accident-a-tragic-end-for-two-malayalis-new"
published_at: "2023-06-28T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649bf1dc2e30f_death.jpg"
keywords: []
---

# #accident | ഖത്തറിൽ നിന്ന് പോയ വാഹനം അപകടത്തിൽപെട്ടു; രണ്ട്​ മലയാളികൾക്ക് ദാരുണാന്ത്യം 

> **Lead Summary:** **ദോഹ : **ഖത്തറിൽനിന്ന് ബഹ്​റൈനിലേക്ക്​ പെരുന്നാൾ അവധി ആഘോഷിക്കാൻ പോയ വാഹനം അപകടത്തിൽപെട്ട്​ രണ്ട്​ മലയാളികൾ മരിച്ചു.

## Article Content

**ദോഹ : **ഖത്തറിൽനിന്ന് ബഹ്​റൈനിലേക്ക്​ പെരുന്നാൾ അവധി ആഘോഷിക്കാൻ പോയ വാഹനം അപകടത്തിൽപെട്ട്​ രണ്ട്​ മലയാളികൾ മരിച്ചു.

മലപ്പുറം മേൽമുറി സ്വദേശി കടമ്പോത്ത്പാടത്ത് മനോജ്‌കുമാർ അർജുൻ (34), കോട്ടയം മണക്കനാട്​ സ്വദേശി പാലത്തനാത്ത് അഗസ്റ്റിൻ എബി (41) എന്നിവരാണ്​ സൗദി അതിർത്തി കടന്ന്​ 80ഓളം കിലോമീറ്റർ അകലെയുണ്ടായ അപകടത്തിൽ മരിച്ചത്​. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

ചൊവ്വാഴ്​ച വൈകുന്നേരത്തോടെയാണ്​ നാലംഗ സംഘം ദോഹയിൽനിന്ന് യാത്ര പുറപ്പെട്ടത്​. അബു സംറ അതിർത്തി കടന്നതിനു പിന്നാലെ, ഹുഫൂഫിൽ എത്തുന്നതിന് മുമ്പാണ് ഇവർ സഞ്ചരിച്ച ലാൻഡ്​ക്രൂയിസർ അപകടത്തിൽപെട്ടത്​.

റോഡിലെ മണൽതിട്ടയിൽ കയറി നിയന്ത്രണം നഷ്​ടമായ വാഹനം മറിയുകയായിരുന്നു. മനോജ് അർജുൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ അഗസ്​റ്റിൻ എബിയെ ഹുഫൂഫിലെ അൽമന ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ മരണപ്പെടുകയായിരുന്നു.

മനോജ് അർജുന്റെ മൃതദേഹം കിങ്​ ഫഹദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി നാസർ പാറക്കടവിന്റെ നേതൃത്വത്തിലുള്ള ഹുഫൂഫ്​ കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/125636/accident-a-vehicle-from-qatar-met-with-an-accident-a-tragic-end-for-two-malayalis-new)