---
title: "സൗദിയിൽ മൂന്ന് മാസ അടിസ്ഥാനത്തിൽ ഇഖാമ പുതുക്കൽ സേവനം ആരംഭിച്ചു"
english_title: "Iqama renewal service launched in Saudi Arabia on a three-month basis"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/12625/iqama-renewal-service-launched-in-saudi-arabia-on-a-three-month-basis"
published_at: "2021-11-24T22:12:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619e6bf85ebea_visa.jpg"
keywords: []
---

# സൗദിയിൽ മൂന്ന് മാസ അടിസ്ഥാനത്തിൽ ഇഖാമ പുതുക്കൽ സേവനം ആരംഭിച്ചു

> **Lead Summary:** **ജിദ്ദ: **സൗദിയിൽ മൂന്ന് മാസ അടിസ്ഥാനത്തിൽ ഇഖാമ പുതുക്കൽ സേവനം ആരംഭിച്ചു. സൗദി അതോറിറ്റി ഫോർ ഡാറ്റ ആൻറ്​ ആർട്ടിഫിഷ്യൽ ഇൻറലിജൻസി (സദയ)ന്‍റെ സഹകരണത്തോടെയാണ്​ വിദേശികളുടെ താമസരേഖ (ഇഖാമ) ത്രൈമാസ അടിസ്ഥാനത്തിൽ പുതുക്കുന്ന സേവനം പാസ്​പോർട്ട്​ ഡയറക്​ടറേറ്റും മാനവവിഭവ ശേഷി മന്ത്രാലയവും ആരംഭിച്ചിരിക്കുന്നത്​.

## Article Content

**ജിദ്ദ: **സൗദിയിൽ മൂന്ന് മാസ അടിസ്ഥാനത്തിൽ ഇഖാമ പുതുക്കൽ സേവനം ആരംഭിച്ചു. സൗദി അതോറിറ്റി ഫോർ ഡാറ്റ ആൻറ്​ ആർട്ടിഫിഷ്യൽ ഇൻറലിജൻസി (സദയ)ന്‍റെ സഹകരണത്തോടെയാണ്​ വിദേശികളുടെ താമസരേഖ (ഇഖാമ) ത്രൈമാസ അടിസ്ഥാനത്തിൽ പുതുക്കുന്ന സേവനം പാസ്​പോർട്ട്​ ഡയറക്​ടറേറ്റും മാനവവിഭവ ശേഷി മന്ത്രാലയവും ആരംഭിച്ചിരിക്കുന്നത്​.

വിദേശികളുടെ ഇഖാമ ത്രൈമാസ അടിസ്ഥാനത്തിൽ പുതുക്കി നൽകാൻ കഴിഞ്ഞ ജനുവരിയിലാണ്​ സൗദി മന്ത്രിസഭ അനുമതി നൽകിയത്​. ഈ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ്​ പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്​. എന്നാൽ പുതിയ തീരുമാനത്തിൽ ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള ഗാർഹിക ​ജോലിക്കാർ ഉൾപ്പെടുകയില്ല.

പുതിയ സംവിധാനം വന്നതോടെ തൊഴിലുടമക്ക്​ സ്ഥാപനത്തിന്‍റെ ആവശ്യങ്ങൾക്കനുസരിച്ച്​ കീഴിലുള്ളവരുടെ താമസ, വർക്ക്​ പെർമിറ്റുകൾ മൂന്ന്​ മാസം, ആറ്​ മാസം, ഒമ്പത്​ മാസം, മുമ്പുള്ളതു പോലെ ഒരു വർഷം എന്നീ രീതികളിൽ പുതുക്കാൻ സാധിക്കും. സ്വകാര്യമേഖല സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ സുഗമമാക്കുക, കൂടുതൽ കാര്യക്ഷമമായ രീതിയിൽ മാനേജ്​മെന്‍റിനു പണം ചെലവഴിക്കാൻ സാധ്യമാക്കുക, ആവശ്യങ്ങൾക്കനുസരിച്ച് തൊഴിലാളികളുടെ പെർമിറ്റുകൾ പുതുക്കാൻ സ്ഥാപനങ്ങളെ പ്രാപ്തമാക്കുക തുടങ്ങിയവയാണ്​ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്​.

കൂടാതെ തീരുമാനം സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെ വളർച്ചയെ പിന്തുണക്കുകയും തൊഴിൽ വിപണിയുടെ വികസനത്തിന് സംഭാവന നൽകുകയും തൊഴിൽ പരിസ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനുമാണ്​. നിലവിലുള്ള കരാർ ബന്ധം ശക്തിപ്പെടുത്തുന്നതിനും ആഗോള തൊഴിൽ വിപണിയുമായി ചേർന്ന് നിൽക്കാനും ഇതിലൂടെ സാധിക്കും.

അബ്ഷിർ, മുഖീം പ്ലാറ്റ്​ഫോമുകൾ വഴി പുതിയ സേവനം പ്രയോജനപ്പെടുത്താനാകുമെന്ന്​ പാസ്​പോർട്ട്​ ഡയരക്​ടറേറ്റും വർക്ക് പെർമിറ്റുമായി ബന്ധപ്പെട്ട 'ക്വിവ' പ്ലാറ്റ്‌ഫോം വഴിയും ലേബർ സർവീസ് പോർട്ടലിലൂടെയും സേവനം ഉപയോഗപ്പെടുത്താമെന്ന്​ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്​.

> താമസ, വർക്ക്​ പെർമിറ്റുകൾ ത്രൈമാസ സംവിധാനത്തിൽ പുതുക്കുന്നതിനുമുള്ള സേവനം സ്വകാര്യമേഖലയിൽ നല്ല സ്വാധീനം ചെലുത്തുമെന്നും പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും സുഗമവുമാക്കുമെന്നും മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്​മ്മദ്​ അൽറാജിഹി പറഞ്ഞു."

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/12625/iqama-renewal-service-launched-in-saudi-arabia-on-a-three-month-basis)