ഷാർജ: ചലച്ചിത്രോത്സവത്തിൽ അന്തർദേശീയ, പ്രാദേശിക തലങ്ങളിൽനിന്നുള്ള മികച്ച 50 സിനിമകൾ പ്രദർശിപ്പിക്കുന്നുണ്ടെന്ന് ഷാർജ ആർട്ട് ഫൗണ്ടേഷൻ ഡയറക്ടർ ഹൂർ അൽ ഖാസിമി പറഞ്ഞു.19 മുതൽ ആരംഭിച്ച ഫെസ്റ്റിവൽ 27 വരെ നീളും.
യു.എ.ഇയിലും അറബ് മേഖലയിലും വളർന്നുവരുന്ന ചലച്ചിത്രപ്രവർത്തകരുടെ പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിന് ഷാർജ ഫിലിം പ്ലാറ്റ്ഫോം നിർണായക പങ്ക് വഹിക്കുന്നുണ്ട്. പരീക്ഷണങ്ങളും സർഗാത്മകതയും ആഘോഷിക്കാനും പ്രാതിനിധ്യം, ഐഡൻറിറ്റി തുടങ്ങിയ നിർണായക വിഷയങ്ങൾ അവതരിപ്പിക്കാനും പ്ലാറ്റ്ഫോം അവസരം നൽകുന്നു.
'ഡയറക്ടർ ഇൻ ഫോക്കസ്' പ്രോഗ്രാമിൽ അവാർഡ് ജേതാവായ ഫലസ്തീനിയൻ സംവിധായകൻ മിഷേൽ ഖലീഫിയുടെ, കാൻസ് ഫിലിം ഫെസ്റ്റിവലിൽ വിജയിച്ച 'വെഡിങ് ഇൻ ഗലീലി' (1987) ഉൾപ്പെടെ മൂന്നു ചിത്രങ്ങൾ പ്രദർശിക്കപ്പെടും.
ഇന്ത്യൻ സംഗീത ഇതിഹാസം എ.ആർ. റഹ്മാൻ ഉൾപ്പെടെ, മേഖലയിലും പുറത്തുമുള്ള ശ്രദ്ധേയ ചലച്ചിത്ര പ്രവർത്തകരും വ്യവസായ പ്രഫഷനലുകളും സെഷൻ സ്പീക്കർമാരിൽ ഉൾപ്പെടുന്നുണ്ട്. ഷാർജ ആർട്ട് ഫൗണ്ടേഷന്റെ ഓപൺ എയർ മിറേജ് സിറ്റി സിനിമ, ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ തിയറ്റർ ആർട്സ്, ദി ഫ്ലയിങ് സോസർ എന്നിവിടങ്ങളിലും ഓൺലൈനിലും 27 വരെ സിനിമകൾ പ്രദർശിപ്പിക്കും. ടിക്കറ്റുകൾ film.sharjahart.orgൽ ലഭിക്കും.
Sharjah Film Festival; More than 50 movies will be screened