---
title: "#arrest | ഒരാഴ്ചക്കിടെ പതിനായിരത്തിലേറെ പ്രവാസികൾ കൂടി പിടിയിൽ; വ്യാപക പരിശോധന പുരോഗമിക്കുന്നു"
english_title: "#arrest #10,000expatriates #arrested #week #Extensive #testing #underway"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/127085/arrest-10000expatriates-arrested-week-extensive-testing-underway"
published_at: "2023-07-03T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a2a82e44f1c_police.jpg"
keywords: []
---

# #arrest | ഒരാഴ്ചക്കിടെ പതിനായിരത്തിലേറെ പ്രവാസികൾ കൂടി പിടിയിൽ; വ്യാപക പരിശോധന പുരോഗമിക്കുന്നു

> **Lead Summary:** **റിയാദ്:** സൗദി അറേബ്യയിൽ തൊഴിൽ, വിസ, അതിർത്തി സുരക്ഷാ നിയമ ലംഘനങ്ങൾക്ക് ഒരാഴ്ചക്കിടെ പതിനായിരത്തിലേറെ പ്രവാസികൾ കൂടി പിടിയിലായി.

## Article Content

**റിയാദ്:** സൗദി അറേബ്യയിൽ തൊഴിൽ, വിസ, അതിർത്തി സുരക്ഷാ നിയമ ലംഘനങ്ങൾക്ക് ഒരാഴ്ചക്കിടെ പതിനായിരത്തിലേറെ പ്രവാസികൾ കൂടി പിടിയിലായി.

വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിലാണ് 10,710 നിയമ ലംഘകരെ അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 6,070 പേര് ഇഖാമ നിയമ ലംഘകരും 3,071 പേർ നുഴഞ്ഞുകയറ്റക്കാരും 1,569 പേർ തൊഴിൽ നിയമ ലംഘകരുമാണ്.

ഒരാഴ്ചക്കിടെ അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞുകയറാൻ ശ്രമിച്ച 558 പേരും അറസ്റ്റിലായി. നുഴഞ്ഞുകയറ്റക്കാരിൽ 49 ശതമാനം പേര് യമനികളും 48 ശതമാനം പേര് എത്യോപ്യക്കാരും മൂന്നു ശതമാനം മറ്റു രാജ്യക്കാരുമാണ്.

ഇക്കാലയളവിൽ അതിർത്തികൾ വഴി അനധികൃത രീതിയിൽ രാജ്യം വിടാൻ ശ്രമിച്ച 62 പേരും അറസ്റ്റിലായി. ഇഖാമ, തൊഴിൽ നിയമ ലംഘകർക്കും നുഴഞ്ഞുകയറ്റക്കാർക്കും താമസ, യാത്രാ സൗകര്യങ്ങളും ജോലിയും നൽകിയ 11 പേരെയും അറസ്റ്റ് ചെയ്തു.

നിലവിൽ വിവിധ പ്രവിശ്യകളിലെ ഡീപോർട്ടേഷൻ സെന്ററുകളിൽ കഴിയുന്ന 33,555 പേർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നു. ഇക്കൂട്ടത്തിൽ 28,072 പേര്‍ പുരുഷന്മാരും 5,483 പേര്‍ വനിതകളുമാണ്.

ഇവരെ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിന് മുന്നോടിയായി യാത്രാ രേഖകളില്ലാത്ത 25,507 പേർക്ക് താൽക്കാലിക യാത്രാരേഖകൾ സംഘടിപ്പിക്കാൻ എംബസികളുമായും കോൺസുലേറ്റുകളുമായും സഹകരിച്ച് നടപടികൾ സ്വീകരിക്കുന്നു.

1,621 ടിക്കറ്റ് ബുക്ക് ചെയ്യാനും നടപടികൾ സ്വീകരിക്കുന്നു. ഒരാഴ്ചക്കിടെ 6,274 നിയമ ലംഘകരെ സൗദിയിൽ നിന്ന് നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/127085/arrest-10000expatriates-arrested-week-extensive-testing-underway)