---
title: "#jail | സൗദി ജയിലിൽ ഇന്ത്യൻ തടവുകാരുടെ എണ്ണം ആശങ്കാജനകമാകും വിധം വർധിക്കുന്നു -ഇന്ത്യൻ എംബസി സാമൂഹിക സേവന വൊളന്റിയർമാർ"
english_title: "#jail #Number #Indian #prisoners #Saudi #jails #increasing #alarmingly #Indian #Embassy #Social #Service #Volunteers"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/128620/jail-number-indian-prisoners-saudi-jails-increasing-alarmingly-indian-embassy-social-service-volunteers"
published_at: "2023-07-08T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a952dbc5be1_jail.jpg"
keywords: []
---

# #jail | സൗദി ജയിലിൽ ഇന്ത്യൻ തടവുകാരുടെ എണ്ണം ആശങ്കാജനകമാകും വിധം വർധിക്കുന്നു -ഇന്ത്യൻ എംബസി സാമൂഹിക സേവന വൊളന്റിയർമാർ

> **Lead Summary:** **ദമാം : **വിവിധ കേസുകളിൽ ദമാം ജയിലിൽ മലയാളികളടക്കം ഇന്ത്യൻ തടവുകാരുടെ എണ്ണം ആശങ്കാജനകമാകും വിധം വർധിക്കുന്നതായി ഇന്ത്യൻ എംബസി സാമൂഹിക സേവന വൊളന്റിയർമാർ അറിയിച്ചു.

## Article Content

**ദമാം : **വിവിധ കേസുകളിൽ ദമാം ജയിലിൽ മലയാളികളടക്കം ഇന്ത്യൻ തടവുകാരുടെ എണ്ണം ആശങ്കാജനകമാകും വിധം വർധിക്കുന്നതായി ഇന്ത്യൻ എംബസി സാമൂഹിക സേവന വൊളന്റിയർമാർ അറിയിച്ചു.

ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം നിലവിൽ 400 ലേറെ പേരാണ് വിവിധ കേസുകളിലായി ദമാമിലെ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിൽ ഇരുനൂറോളം പേർ മലയാളികളാണ്. കഴിഞ്ഞ വർഷം165 പേർ ഉണ്ടായിരുന്നിടത്താണ് മൂന്ന് മടങ്ങിനടുത്ത് വർധിച്ച് 400 പേരായി ഉയർന്നിരിക്കുന്നത്.

ലഹരി മരുന്നിനെതിരെയുള്ള തിരച്ചിലും പോരാട്ടവും സൗദി പൊലീസ് ശക്തമാക്കിയതോടെയാണ് പിടിയിലാകുന്നവരുടെ എണ്ണം വർധിച്ചത്. പണ്ട് ലഹരിമരുന്ന് കേസുകളിൽ പിടിക്കപ്പെടുന്ന ഇന്ത്യക്കാർ വളരെ കുറവായിരുന്നു. മദ്യവുമായി ബന്ധപ്പെട്ട കേസുകൾ ആണ് കൂടുതൽ ഉണ്ടായിരുന്നത്.

പാക്കിസ്ഥാനികളടക്കം ഇതര രാജ്യക്കാരായിരുന്നു എണ്ണത്തിൽ കൂടുതൽ. എന്നാൽ ഇപ്പോൾ ഇന്ത്യക്കാരും ഇത്തരം കേസുകളിൽ കൂടുതലായി വന്നിട്ടുണ്ട്. സൗദി പൊലീസ് ഉദ്യോഗസ്ഥർ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ടെന്നും എംബസി വൊളന്റിയർമാർ പറഞ്ഞു. മൂന്ന് കൊലപാതക കേസുകളും കുട്ടികളെ പീഡിപ്പിച്ച മൂന്നു കേസുകളും മകളെ പീഡിപ്പിച്ച ഒരു കേസും (15 വർഷം തടവ്) ഇതിൽ ചിലതാണ്.

നേരത്തെ ലഹരിമരുന്ന് ഉപയോഗത്തിനിടയിൽ പിടിയിലായ മലയാളി സ്കൂൾ വിദ്യാർഥി രണ്ടുവർഷത്തെ ശിക്ഷ പൂർത്തിയാക്കി അടുത്തവർഷം നാട്ടിലേക്ക് മടങ്ങും. ഒപ്പം പിടിയിലായ വേറൊരു മലയാളി വിദ്യാർഥി ശിക്ഷാകാലാവധി കഴിഞ്ഞും ജയിലിൽ തുടരുന്നുണ്ട്.

രണ്ടുവിദ്യാർഥികളുടെയും കുടുംബം ഇപ്പോഴും ദമാമിലാണ്. തങ്ങളുടെ നിയന്ത്രണത്തിൽനിന്നും വിട്ടുപോയ മക്കളെ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ കുറ്റകൃത്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നവരായി തങ്ങൾക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇരുവരുടെയും മാതാപിതാക്കൾ.

ലഹരി മരുന്നിനെതിരെയുള്ള പോരാട്ടം സൗദി പൊലീസ് ശക്തമാക്കിയതോടെയാണ് പിടിയിലാകുന്നവരുടെ എണ്ണം വർധിച്ചത്. നേരിയ സംശയം തോന്നുന്നവരുടെ വാഹനങ്ങൾ അരിച്ചുപെറുക്കി പരിശോധിക്കുന്നു. ലഹരിമരുന്നുമായി പിടിയിലായ മിക്ക മലയാളികൾക്കും മറ്റു രാജ്യക്കാരായ ലഹരിമരുന്ന് കച്ചവടക്കാരുമായി ബന്ധമുള്ളവരാണ്. ധനസമ്പാദനത്തിനുള്ള എളുപ്പവഴി അന്വേഷിച്ചാണ് മിക്കവരും ഇത്തരം റാക്കറ്റുകളുടെ കണ്ണികളാവുന്നത്.

ആറുവർഷം മുമ്പ് ലഹരിമരുന്ന് കേസിൽപ്പെട്ട ഏതാനും മലയാളികളുടെ വധശിക്ഷ നടപ്പാക്കിയതിനുശേഷം ഇത്തരത്തിലുള്ള ശിക്ഷകളിൽ മലയാളികളുടെ എണ്ണം തീരെ കുറഞ്ഞിരുന്നു. തമിഴ്നാട് സ്വദേശികളും മലയാളികളും ജയിലിൽ എത്തിയിരുന്നത് ഒട്ടുമിക്കതും മദ്യക്കടത്ത് കേസുകളിലാണ്. ഇപ്പോഴത് ലഹരിമരുന്ന് ഉപയോഗത്തിലേക്കും വിൽപനയിലേക്കും കടന്നിരിക്കുകയാണ്. ഇത് കൂടാതെ മറ്റ് കേസുകളിൽപ്പെട്ട് ശിക്ഷ അനുഭവിക്കുന്നരുമുണ്ട്.

മകളെ പീഡിപ്പിച്ച മലയാളിയായ പിതാവിന് ആദ്യം വിധിച്ച മൂന്ന് വർഷ തടവ് മേൽകോടതി 15 വർഷമായി വർധിപ്പിച്ചിട്ടുണ്ട്. പീഡനത്തിനിരയായ മകളും അമ്മയും ഇദ്ദേഹത്തിന് മാപ്പ് കൊടുക്കാൻ തയാറായപ്പേഴേക്കും ശിക്ഷ വിധിക്കപ്പെട്ടിരുന്നു.

അടുത്തയാഴ്ച നാട്ടിലേക്കു മടങ്ങുന്ന 12 പേരിൽ ലഹരി മരുന്ന് കേസിൽപ്പെട്ട 23 വയസ്സുകാരനും ഉണ്ട്. 21–ാം വയസ്സിൽ ആണ് ഈ യുവാവ് ജയിലിലായത്. ഇവിടെ താമസിക്കുന്ന കുടുംബങ്ങളിൽപ്പെട്ട കുട്ടികൾ കുറേ പേർ ജയിലിലുണ്ട്. കുട്ടികളും ചെറുപ്പക്കാരും ലഹരിമരുന്ന് കേസുകളിൽപ്പെടുന്നത് കൂടുതലും ഇതരരാജ്യങ്ങളിൽ നിന്നുള്ള റാക്കറ്റുകൾ വിരിച്ച വലയിൽപ്പെട്ടാണ്.

ശിക്ഷാകാലാവധി കഴിഞ്ഞും ജയിലിൽ തുടരുന്നവരുടെ എണ്ണവും കൂടുകയാണ്. രണ്ടാഴ്ച മുമ്പ് ഇന്ത്യൻ എംബസി തടവിലുള്ള ഇന്ത്യക്കാരുടെ വിവരങ്ങൾ പൂർണമായും ശേഖരിച്ചതായി എംബസി വിഭാഗം വൊളന്റിയർമാരും സാമൂഹിക പ്രവർത്തകരുമായ മണിക്കുട്ടൻ പദ്മനാഭനും മഞ്ജു മണിക്കുട്ടനും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/128620/jail-number-indian-prisoners-saudi-jails-increasing-alarmingly-indian-embassy-social-service-volunteers)