---
title: "#saudi |അബ്​ഹയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു; രണ്ടുപേർക്ക് പരിക്ക് "
english_title: "A #Malayali #youthdied in a #caraccident in #Abha, #Saudi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/128833/a-malayali-youthdied-in-a-caraccident-in-abha-saudi"
published_at: "2023-07-09T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aa766d0e0b4_deathgcc.jpg"
keywords: []
---

# #saudi |അബ്​ഹയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു; രണ്ടുപേർക്ക് പരിക്ക് 

> **Lead Summary:** **അബ്​ഹ: **ദക്ഷിണ സൗദിയിലെ അബ്​ഹയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ്​ മരിച്ചു. അൽസുദ-ഷഹ്​​ബയിൻ റോഡിലെ ചുരത്തിൽ വാഹനം നിയന്ത്രണം വിട്ട്​ സൈഡ്​ വാളിൽ ഇടിച്ചുണ്ടായ അപകടത്തിൽ കോഴിക്കോട് കൊടിയത്തൂർ ചെറുവാടി സ്വദേശി അക്കരപറമ്പിൽ ഹാരിസാണ് മരിച്ചത്.

## Article Content

**അബ്​ഹ: **ദക്ഷിണ സൗദിയിലെ അബ്​ഹയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ്​ മരിച്ചു. അൽസുദ-ഷഹ്​​ബയിൻ റോഡിലെ ചുരത്തിൽ വാഹനം നിയന്ത്രണം വിട്ട്​ സൈഡ്​ വാളിൽ ഇടിച്ചുണ്ടായ അപകടത്തിൽ കോഴിക്കോട് കൊടിയത്തൂർ ചെറുവാടി സ്വദേശി അക്കരപറമ്പിൽ ഹാരിസാണ് മരിച്ചത്.

അബ്​ഹയിൽനിന്ന്​ മജാരിദയിലേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം. അബ്​ഹയിലെ ഖാലിദിയ്യ ജംഇയ്യത്തുൽ മനാസിൽ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഹാരിസ് ചെറുവാടിയും സഹപ്രവർത്തകരും ജോലിയുടെ ഭാഗമായി മജാരിദയിലേക്ക് പോകുകയായിരുന്നു. യാത്രക്കിടയിൽ വാഹനത്തി​ന്റെ ബ്രേക്ക് നഷ്​ടപ്പെട്ട് നിയന്ത്രണം വിട്ടാണ് അപകടം. ഹാരിസ്​ സംഭവസ്ഥലത്ത്​ തന്നെ മരിച്ചു.

കൂടെ ഉണ്ടായിരുന്ന മലപ്പുറം വാഴക്കാട് സ്വദേശി ഫാദിൽ സാദിഖ്​​, കോഴിക്കോട്​ മുക്കം സ്വദേശി മുജീബ്​ എന്നിവർക്ക്​ പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേരും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ്​. നേരത്തെ സൗദിയിലുണ്ടായിരുന്ന ഹാരിസ്​ പ്രവാസം അവസാനിപ്പിച്ച്​ പോയശേഷം ആറുമാസം മുമ്പാണ്​ പുതിയ വിസയിൽ തിരിച്ചെത്തിയത്​.

സഹോദരങ്ങളായ അമീറുദ്ദീർ, ശംസുദ്ദീൻ, നിസാർ അഹ്​മദ് എന്നിവർ സൗദിയിലുണ്ട്​. ഫസീഹയാണ്​ ഹാരിസി​െൻറ ഭാര്യ. മക്കൾ: മുഹമ്മദ്​ സയ്യാൻ അലി (അഞ്ച്​), ആയിഷ നൈറ (രണ്ട്​). അലിക്കുട്ടി-ആയിഷുമ്മ ദമ്പതികളാണ്​ ഹാരിസിന്റെ മാതാപിതാക്കൾ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/128833/a-malayali-youthdied-in-a-caraccident-in-abha-saudi)