---
title: "#UAE | യുഎഇയിലെ ഫുജൈറ രാജ്യാന്തര വിമാനത്താവളത്തിൽ  യാത്രാ വിമാനസർവീസ് പുനരാരംഭിച്ചു"
english_title: "#UAE #Passenger #flightservices #resumed #Fujairah #InternationalAirport #UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/129794/uae-passenger-flightservices-resumed-fujairah-internationalairport-uae"
published_at: "2023-07-12T23:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aee6b24b7c9_flight.jpg"
keywords: []
---

# #UAE | യുഎഇയിലെ ഫുജൈറ രാജ്യാന്തര വിമാനത്താവളത്തിൽ  യാത്രാ വിമാനസർവീസ് പുനരാരംഭിച്ചു

> **Lead Summary:** **ഫുജൈറ : **യുഎഇയിലെ ഫുജൈറ രാജ്യാന്തര വിമാനത്താവളത്തിൽ ഇടവേളയ്ക്ക് ശേഷം യാത്രാ വിമാനസർവീസ് പുനരാരംഭിച്ചു.

## Article Content

**ഫുജൈറ : **യുഎഇയിലെ ഫുജൈറ രാജ്യാന്തര വിമാനത്താവളത്തിൽ ഇടവേളയ്ക്ക് ശേഷം യാത്രാ വിമാനസർവീസ് പുനരാരംഭിച്ചു.

ഇവിടെ നിന്ന് ഇനി മസ്കത്ത് വഴി തിരുവനന്തപുരത്തേയ്ക്കും പറക്കാം. ഒമാനിന്‍റെ ബജറ്റ് എയർലൈനായ സലാം എയറാണ് ഫുജൈറയിൽ നിന്ന് സർവീസ് തുടങ്ങിയത്.

മസ്കത്തിൽ നിന്ന് പുറപ്പെട്ട സലാം എയറിന്റെ ആദ്യവിമാനം രാവിലെ 8.45നാണ് ഫുജൈറ വിമാനത്താവളത്തിൽ ഇറങ്ങിയത്. ജലാഭിവാദനം നൽകിയായിരുന്നു സ്വീകരണം. സലാം എയർ സിഇഒ ക്യാപ്റ്റൻ മുഹമ്മദ് അഹമ്മദും 27 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

ഫുജൈറ വിമാനത്താവളത്തിലേയ്ക്ക് നേരിട്ട് സർവീസ് നടത്തുന്ന ആദ്യ കമ്പനിയാണ് സലാം എയർ. ആഴ്ചയിൽ തിങ്കൾ ബുധൻ ദിവസങ്ങളിലായി നിലവിൽ നാല് സർവീസാണ് ഉള്ളത്.

ഇന്ത്യയിൽ തിരുവനന്തപുരത്തിന് പുറമെ ലകനൗവിലേയ്ക്കും ജയ്പൂരിലേക്കും ഫുജൈറയിൽ നിന്ന് കണക്ടിങ് സർവീസ് ഉണ്ടായിരിക്കും.

ഫുജൈറ വിമാനത്താവള അധികൃതരും സലാം എയർ ഉദ്യോഗസ്ഥരും ചേർന്ന് കേക്ക് മുറിച്ചാണ് പുതിയ തുടക്കം ആഘോഷിച്ചത്. രാവിലെ 10.38ന് 97 യാത്രക്കാരുമായി സലാം എയർ വിമാനം മസ്കത്തിലേക്ക് തിരിച്ചു പറന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/129794/uae-passenger-flightservices-resumed-fujairah-internationalairport-uae)