---
title: "#jiddah | വിദേശരാജ്യങ്ങളിൽ നിന്ന്​ ഉംറ തീർഥാടകരുടെ വരവ്​ ആരംഭിച്ചു "
english_title: "#jiddah #arrival #Umrah #pilgrims #foreign #countries #started"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/131892/jiddah-arrival-umrah-pilgrims-foreign-countries-started"
published_at: "2023-07-19T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b811df984bd_umra.jpg"
keywords: []
---

# #jiddah | വിദേശരാജ്യങ്ങളിൽ നിന്ന്​ ഉംറ തീർഥാടകരുടെ വരവ്​ ആരംഭിച്ചു 

> **Lead Summary:** **ജിദ്ദ: **പുതിയ ഉംറ സീസണ്​ തുടക്കമിട്ട്​ വിദേശരാജ്യങ്ങളിൽ നിന്ന്​ ഉംറ തീർഥാടകരുടെ വരവ്​ ആരംഭിച്ചതായി ഹജ്ജ്​ ഉംറ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ വ്യോമ, കര, കടൽ പ്രവേശനകവാടങ്ങളിലൂടെ എത്തുന്ന ഉംറ തീർഥാടകരെ സ്വീകരിക്കാൻ തുടങ്ങി.

## Article Content

**ജിദ്ദ: **പുതിയ ഉംറ സീസണ്​ തുടക്കമിട്ട്​ വിദേശരാജ്യങ്ങളിൽ നിന്ന്​ ഉംറ തീർഥാടകരുടെ വരവ്​ ആരംഭിച്ചതായി ഹജ്ജ്​ ഉംറ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ വ്യോമ, കര, കടൽ പ്രവേശനകവാടങ്ങളിലൂടെ എത്തുന്ന ഉംറ തീർഥാടകരെ സ്വീകരിക്കാൻ തുടങ്ങി.

ബന്ധപ്പെട്ട വകുപ്പുകളുടെ പങ്കാളിത്തത്തോടെ ഉംറ തീർഥാടകരെ സ്വീകരിക്കാനുള്ള വിപുലമായ ഒരുക്കത്തിനിടയിലാണ്​ തീർഥാടകരുടെ വരവ്​ ആരംഭിച്ചിരിക്കുന്നത്​.

തീർഥാടകർക്ക്​ മികച്ച സേവനങ്ങൾ നൽകാനും ഏറ്റവും കൂടുതൽ പേരെ ഉംറ നിർവഹിക്കാൻ പ്രാപ്‌തരാക്കുന്നതിനും ആവശ്യമായ സംവിധാനങ്ങൾക്ക്​ മന്ത്രാലയം ഊന്നൽ നൽകുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.രാജ്യത്തിന് പുറത്തുനിന്നുള്ളവർക്ക് ‘നുസുക്​’ ആപ്പ്​ (https://www.nusuk.sa) വഴി ഓൺലൈൻ വിസ നേടാനാവും.​

ഉംറ നിർവഹിക്കാനും മസ്​ജിദുന്നബവി സന്ദർശിക്കാനുമുള്ള അനുമതി പത്രവും ഈ ആപ്പിൽനിന്നാണ്​ ലഭിക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എല്ലാ മുസ്‌ലിംകളും മക്കയിലേക്കും മദീനയിലേക്കും എത്തിച്ചേരുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനുള്ള സവിശേഷമായ ആപ്പാണിത്​​.

അതിലൂടെ താമസ, ഗതാഗത സൗകര്യങ്ങൾ തെരഞ്ഞെടുക്കാനാവും. വിവിധ ഭാഷകളിൽ ​ആവശ്യമായ വിവരങ്ങളുടെയും സംവേദനാത്മക മാപ്പുകളുടെയും ഒരു പാക്കേജും അതിലുണ്ട്​. ലളിതമായ ഘട്ടങ്ങളിലൂടെ ആവശ്യമാകുമ്പോൾ തെരഞ്ഞെടുക്കാൻ കഴിയുന്നവിധത്തിലാണ്​ അത്​ സംവിധാനിച്ചിരിക്കുന്നത്​.

‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും തീർഥാടകർക്ക്​ നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയാണിതെന്നും മന്ത്രാലയം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/131892/jiddah-arrival-umrah-pilgrims-foreign-countries-started)