---
title: "#uae |രാജ്യാന്തര തലത്തിൽ 12ാം സ്ഥാനത്തേക്ക് ഉയർന്ന് യുഎഇ പാസ്പോർട്ട്; 179 രാജ്യങ്ങളിൽ മുൻകൂർ വീസയില്ലാതെ യാത്ര ചെയ്യാം "
english_title: "#UAEpassport has risen to the 12th position #internationally"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/132014/uaepassport-has-risen-to-the-12th-position-internationally"
published_at: "2023-07-20T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b8d50e044de_uaefull.jpg"
keywords: []
---

# #uae |രാജ്യാന്തര തലത്തിൽ 12ാം സ്ഥാനത്തേക്ക് ഉയർന്ന് യുഎഇ പാസ്പോർട്ട്; 179 രാജ്യങ്ങളിൽ മുൻകൂർ വീസയില്ലാതെ യാത്ര ചെയ്യാം 

> **Lead Summary:** **ദുബായ്: **കരുത്ത് കൂട്ടി വീണ്ടും യുഎഇ പാസ്പോർട്ട്. 15ാം സ്ഥാനത്തു നിന്ന് രാജ്യാന്തര തലത്തിൽ 12ാം സ്ഥാനത്തേക്ക് പാസ്പോർട്ട് ഉയർന്നു. ഹെൻലി പാസ്പോർട് ഇൻഡക്സ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം യുഎഇ പാസ്പോർട്ടുള്ളവർക്ക് 179 രാജ്യങ്ങളിൽ മുൻകൂർ വീസയില്ലാതെ യാത്ര ചെയ്യാം.

## Article Content

**ദുബായ്: **കരുത്ത് കൂട്ടി വീണ്ടും യുഎഇ പാസ്പോർട്ട്. 15ാം സ്ഥാനത്തു നിന്ന് രാജ്യാന്തര തലത്തിൽ 12ാം സ്ഥാനത്തേക്ക് പാസ്പോർട്ട് ഉയർന്നു. ഹെൻലി പാസ്പോർട് ഇൻഡക്സ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം യുഎഇ പാസ്പോർട്ടുള്ളവർക്ക് 179 രാജ്യങ്ങളിൽ മുൻകൂർ വീസയില്ലാതെ യാത്ര ചെയ്യാം.

കഴിഞ്ഞ വർഷം 176 രാജ്യങ്ങളിലേക്കായിരുന്നു അനുമതി. 2013ൽ യുഎഇ പാസ്പോർട്ടുള്ളർക്ക് വീസ ഓൺ അറൈവലിൽ സഞ്ചരിക്കാവുന്നത് 107 രാജ്യങ്ങളായിരുന്നു. പാസ്പോർട്ടിന് 56ാം സ്ഥാനവും. 10 വർഷം കൊണ്ടാണ് ഇത്ര വലിയ കുതിച്ചു ചാട്ടം നടത്തിയത്. ജിസിസി രാജ്യങ്ങളിൽ യുഎഇ ആണ് ഒന്നാമത്.

രാജ്യാന്തര റാങ്കിങ്ങിൽ 52ാം സ്ഥാനത്തുള്ള ഖത്തറാണ് ജിസിസിയിൽ രണ്ടാം സ്ഥാനത്ത്. കുവൈത്ത് മൂന്നാമതും (54) ബഹ്റൈൻ നാലാമതും (59) ഒമാൻ അഞ്ചാമതും (60) സൗദി ആറാമതുമാണ് (61). ഗൾഫ് രാജ്യങ്ങൾക്ക് പൊതുവായി വീസ ഏർപ്പെടുത്തിയാൽ ലോക റാങ്കിങ്ങിൽ ജിസിസി രാജ്യങ്ങൾ കൂടുതൽ മുകളിലേക്ക് എത്തുമെന്നാണ് പഠനത്തിൽ പറയുന്നത്. സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുന്നത് രാജ്യങ്ങളുടെ സ്വീകാര്യത വർധിപ്പിക്കുകയും കൂടുതൽ സഞ്ചാരികളെ ആകർഷിക്കുകയും ചെയ്യും.

നിക്ഷേപ സമാഹരണം, തൊഴിലവസരം, ടൂറിസം വികസനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ ഇക്കാര്യങ്ങൾ നിർണായകമാണ്. ഗൾഫ് മേഖലയിൽ സഞ്ചാര സ്വാതന്ത്ര്യത്തിൽ ഒന്നാം സ്ഥാനം യുഎഇക്കാണ്. സിംഗപ്പൂർ പാസ്പോർട്ടാണ് ലോകത്തിലെ ഏറ്റവും കരുത്തുള്ളത്. വർഷങ്ങളായി ഒന്നാം സ്ഥാനത്തുള്ള ജപ്പാനെ മൂന്നാം സ്ഥാനത്തേക്കു പുറന്തള്ളിയാണ് സിംഗപ്പൂർ ഒന്നാമതെത്തിയത്. 192 രാജ്യങ്ങളിൽ മുൻകൂർ വീസയില്ലാതെ സിംഗപ്പൂർ പാസ്പോർട്ടുമായി സഞ്ചരിക്കാം.

ജർമനി, ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങളാണ് രണ്ടാം സ്ഥാനത്ത്. 190 രാജ്യങ്ങളിൽ ഇവർക്കു വീസയില്ലാതെ പോകാം. ഓസ്ട്രിയ, ഫിൻലൻഡ്, ഫ്രാൻസ്, ലക്സംബർഗ്, സൗത്ത് കൊറിയ, സ്വീഡൻ എന്നീ രാജ്യങ്ങൾ ജപ്പാനുമായി മൂന്നാം സ്ഥാനം പങ്കിടുന്നു. 189 രാജ്യങ്ങളിൽ ഇവർക്ക് വീസയില്ലാതെ പോകാം. 80ാം സ്ഥാനത്താണ് ഇന്ത്യ. 57 രാജ്യങ്ങളിലാണ് മുൻകൂർ വീസയില്ലാതെ സന്ദർശിക്കാൻ കഴിയുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/132014/uaepassport-has-risen-to-the-12th-position-internationally)