---
title: "#saudi |അവധിക്ക് നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെ പ്രവാസി സൗദിയിൽ മരിച്ചു "
english_title: "The #expatriatedied in #Saudi while preparing to go #home for #vaccation"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/132068/the-expatriatedied-in-saudi-while-preparing-to-go-home-for-vaccation"
published_at: "2023-07-20T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b8f02e264f7_saudideath.jpg"
keywords: []
---

# #saudi |അവധിക്ക് നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെ പ്രവാസി സൗദിയിൽ മരിച്ചു 

> **Lead Summary:** **റിയാദ്:** അവധിക്ക് നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു. തിരുവനന്തപുരം പൊട്ടക്കുളം ആനന്ദ് ഭവനിൽ ആനന്ദൻ നാടാർ ആണ്​ മരിച്ചത്​. ചെല്ലൻ നാടാർ ഭാസ്കരൻ-ശാരദ ദമ്പതികളുടെ മകനാണ്.

## Article Content

**റിയാദ്:** അവധിക്ക് നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു. തിരുവനന്തപുരം പൊട്ടക്കുളം ആനന്ദ് ഭവനിൽ ആനന്ദൻ നാടാർ ആണ്​ മരിച്ചത്​. ചെല്ലൻ നാടാർ ഭാസ്കരൻ-ശാരദ ദമ്പതികളുടെ മകനാണ്.

20 വർഷത്തോളമായി റിയാദിലെ നിർമാണ മേഖലകളിൽ ടൈൽ ഫിക്സറായി ജോലി ചെയ്തുവരികയായിരുന്നു. ഒരാഴ്ചയായി വിട്ടുമാറാത്ത പനിയും മറ്റു ദേഹാസ്വാസ്ഥ്യവും കാരണം സ്വകാര്യ ക്ലിനിക്കുകളിൽ ചികിത്സതേടിയെങ്കിലും കാര്യമായ മാറ്റം കാണാത്തതിനാൽ നാട്ടിൽ പോയി തുടർചികിത്സ തേടാൻ തീരുമാനിക്കുകയായിരുന്നു.

റിയാദ്​ മലസിലെ താമസസ്ഥലത്തുനിന്നും എയർപോർട്ടിൽ പോകാൻ ഒരുങ്ങുന്നതിനിടെ, കുളിക്കാൻ കയറുമ്പോൾ തളർന്നു വീഴുകയായിരുന്നു. സുഹൃത്തുക്കൾ കേളി കലാസാംസ്​കാരിക വേദി മലസ് ഏരിയ ജീവകാരുണ്യവിഭാഗം കൺവീനർ പി.എൻ.എം. റഫീഖിന്റെ സഹായത്തോടെ ആംബുലൻസ് എത്തിച്ചു.

ആംബുലൻസ് ജീവനക്കാരുടെ പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയും തുടർ നടപടികൾക്കായി മൃതദേഹം ശുമൈസി ആശുപത്രിയിലേക്ക് മറ്റുകയും ചെയ്തു. ഭാര്യ: ശോഭ, മക്കൾ: ഹേമന്ത്, നിഷാന്ത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കേളിയുടെ നേതൃത്വത്തിൽ നടത്തുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/132068/the-expatriatedied-in-saudi-while-preparing-to-go-home-for-vaccation)