---
title: "#abudhabipolice | അവസാന നിമിഷം ലെയ്നുകൾ മറികടന്ന് റോഡിന് പുറത്തുകടക്കാനുള്ള ശ്രമം; മുന്നറിയിപ്പുമായി അബുദാബി പൊലീസ് "
english_title: "#abudhabipolice #Attempting #cross #lanes #exit #road #lastminute #AbuDhabi #Police #warning"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/132510/abudhabipolice-attempting-cross-lanes-exit-road-lastminute-abudhabi-police-warning"
published_at: "2023-07-21T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64baa340b2dc4_accident.jpg"
keywords: []
---

# #abudhabipolice | അവസാന നിമിഷം ലെയ്നുകൾ മറികടന്ന് റോഡിന് പുറത്തുകടക്കാനുള്ള ശ്രമം; മുന്നറിയിപ്പുമായി അബുദാബി പൊലീസ് 

> **Lead Summary:** **അബുദാബി : **അവസാന നിമിഷം ലെയ്നുകൾ മറികടന്ന് റോഡിന് പുറത്തുകടക്കാനുള്ള ശ്രമത്തെ തുടർന്നുള്ള അപകടങ്ങളുടെ വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച് അബുദാബി പൊലീസിന്‍റെ മുന്നറിയിപ്പ്.

## Article Content

**അബുദാബി : **അവസാന നിമിഷം ലെയ്നുകൾ മറികടന്ന് റോഡിന് പുറത്തുകടക്കാനുള്ള ശ്രമത്തെ തുടർന്നുള്ള അപകടങ്ങളുടെ വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച് അബുദാബി പൊലീസിന്‍റെ മുന്നറിയിപ്പ്.

അബുദാബിയിലെ റോഡുകളിൽ അമിതവേഗത്തിൽ വാഹനമോടിച്ചാൽ 1,000 ദിർഹം പിഴയും നാല് ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ലഭിക്കും. ലെയ്ൻ അച്ചടക്കം പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ 400 ദിർഹം പിഴയും ചുമത്തും.

യുഎഇയിൽ ഓരോ വർഷവും മാരകമായ അപകടങ്ങൾ ഉണ്ടാകാനുള്ള ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ് പെട്ടെന്നുള്ള തെന്നിമാറൽ. അശ്രദ്ധമായ ഡ്രൈവിങ്, മറ്റ് വാഹനങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാതിരിക്കലും അപകടങ്ങളുടെ പ്രധാന കാരണങ്ങൾ തന്നെ.

ഏതാണ്ട് മധ്യത്തിലെ ലെയ്നിലുണ്ടായ വാഹനം അവസാന നിമിഷം അപകടകരമാംവിധം ഏറ്റവുമൊടുവിലത്തെ ലെയ്നില്‍ പ്രവേശിച്ച് എക്സിറ്റിന് ശ്രമിക്കുമ്പോള്‍ കെർബിങ്ങിൽ ഇടിച്ച് മറിയുന്നതാണ് ആദ്യ വിഡിയോയിലുള്ളത്.

തൊട്ടടുത്തുള്ള വാഹനവുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുമ്പോഴാണ് കാർ കെർബിങ്ങിൽ ഇടിക്കുന്നത്. ഇത് വലിയ ഗതാഗതക്കുരുക്കിനും വഴിയൊരുക്കുന്നു. രണ്ടാമത്തെ സംഭവത്തിൽ, ഒരു ഡ്രൈവർ ഒരേസമയം മൂന്ന് വരികൾ മുറിച്ചുകടന്ന് എക്സിറ്റെടുക്കാൻ ശ്രമിക്കുമ്പോൾ അപകടമുണ്ടാകുന്നു.

2022 ൽ യുഎഇ റോഡുകളിൽ 65 ശതമാനം മരണങ്ങൾക്കും കാരണമായ അഞ്ച് തരം ലംഘനങ്ങളാണ് - ശ്രദ്ധ തെറ്റിയ ഡ്രൈവിങ്, പെട്ടെന്നുള്ള വ്യതിയാനം അല്ലെങ്കിൽ ലെയ്ൻ മാറൽ, നിശ്ചിത അകലം പാലിക്കാതെയുള്ള ഡ്രൈവിങ്, നിരോധിത പദാർത്ഥത്തിന്റെ സ്വാധീനത്തിൽ വാഹനമോടിക്കൽ. ബുധനാഴ്ച ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഈ വെളിപ്പെടുത്തൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/132510/abudhabipolice-attempting-cross-lanes-exit-road-lastminute-abudhabi-police-warning)